കുടിയേറ്റക്കാർ യു.കെ കയ്യടക്കുന്നുവെന്ന് ആരോപണം, ലണ്ടനിൽ കൂറ്റൻ റാലിയുമായി തീവ്ര വലതുപക്ഷ സംഘടന, ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്ക്
text_fieldsലണ്ടൻ: തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസണിൻറെ നേതൃത്വത്തിൽ ലണ്ടൻ നഗരത്തിൽ ശനിയാഴ്ച നടത്തിയ കുടിയേറ്റ വിരുദ്ധ റാലിയിൽ സംഘർഷം. പ്രതിഷേധക്കാരിൽ ഒരുവിഭാഗം പൊലീസിന് നേരെ തിരിയുകയായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കുപ്പി എറിയുകയും ചെയ്തതിന് പിന്നാലെ 1,000-ലധികം സായുധ പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
പ്രതിഷേധക്കാരുടെ മർദനമേറ്റ ആറുപൊലീസുകാരിൽ നാലുപേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് 25ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
തീവ്ര വലതുപക്ഷം സംഘടിപ്പിച്ച ‘യുണൈറ്റ് ദി കിംഗ്ഡം’ മാർച്ചിൽ 110,000ലധികം ആളുകൾ പങ്കെടുത്തുവെന്നാണ് പൊലീസിൻറെ കണക്ക്. ഇതേസമയം, 5,000 ഓളം ആളുകളെ പങ്കെടുപ്പിച്ച് ‘സ്റ്റാൻഡ് അപ് റ്റു റേസിസം’ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ മാർച്ചും നഗരത്തിൽ നടന്നിരുന്നു.
ബ്രിട്ടൻ കെട്ടിപ്പടുത്ത പൗരൻമാരെക്കാൾ കുടിയേറ്റക്കാരുടെ അവകാശങ്ങളാണ് കോടതികൾ ഉയർത്തിപ്പിടിക്കുന്നതെന്ന് പ്രതിഷേധത്തെ അഭിസംബോധന ചെയ്യവെ റോബിൻസൺ പറഞ്ഞു. ബ്രിട്ടണിലെ തീവ്ര വലതുപക്ഷ, മുസ്‍ലിം വിരുദ്ധ സംഘടനയായ ‘ഇംഗ്ളിഷ് ഡിഫൻസ് ലീഗ്’ സ്ഥാപകനാണ് ടോമി റോബിൻസൺ.
ലോക വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വലതുപക്ഷ നേതാക്കൾ പ്രക്ഷോഭത്തെ അഭിസംബോധന ചെയ്തു. തെക്കൻ രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ യൂറോപ്പിൽ ആധിപത്യം സ്ഥാപിക്കുകയാണെന്നും മുസ്‍ലിം സംസ്കാരം വെല്ലുവിളിയുയർത്തുകയാണെന്നും തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മൂർ പറഞ്ഞു.
‘യുണൈറ്റ് ദി കിംഗ്ഡം’ മാർച്ചിനെതിരെ ‘സ്റ്റാൻഡ് അപ് റ്റു റേസിസം’ നടത്തിയ മാർച്ചിൽ നിന്ന്
യു.കെയിലെ ഇടത് ചായ്‍വുള്ള ഗവൺമെന്റിനെ വിമർശിക്കുന്ന ടെസ് ല സി.ഇ.ഒയും എക്സ് പ്ളാറ്റ്ഫോമിന്റെ ഉടമയുമായ എലോൺ മസ്കിന്റെ സന്ദേശവും പരിപാടിയിൽ പ്രദർശിപ്പിച്ചു. അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടന് കനത്ത വെല്ലുവിളിയുയർത്തുകയാണെന്ന് മസ്ക് വീഡിയോയിൽ പറഞ്ഞു.
ഇംഗ്ളീഷ് ചാനൽ മുറിച്ചുകടന്ന് എത്തുന്ന അഭയാർഥി ബോട്ടുകളുമായി ബന്ധപ്പെട്ട് യു.കെയിൽ വിവാദം രൂക്ഷമായിരിക്കെയാണ് പ്രതിഷേധം. ‘ബോട്ടുകൾ തടയുക’ ‘ബോട്ടുകളെ മടക്കി അയക്കുക’ ‘മതി നമ്മുടെ കുട്ടികളെ രക്ഷിക്കൂ’ എന്നിങ്ങനെ ബാനറുകളും പ്രതിഷേധക്കാർ ഉയർത്തി. അതേസമയം, ‘അഭയാർഥികൾക്ക് സ്വാഗതം’ ‘വലതുപക്ഷം തകരട്ടെ’ എന്നിങ്ങനെ എഴുതിയ ബാനറുകൾ ഉയർത്തി മറുപക്ഷവും രംഗത്തെത്തിയതോടെ നഗരത്തിൽ ക്രമസമാസാധാന പാലനം പൊലീസിന് വെല്ലുവിളിയായി.
ലേബർ പാർട്ടി നേതാവും യു.കെ പ്രധാനമന്ത്രിയുമായ കെയർ സ്റ്റാർമറിനെ അസഭ്യ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ച റോബിൻസൺ അനുകൂലികൾ കൊല്ലപ്പെട്ട യു.എസ് വലതുപക്ഷ നേതാവ് ചാർലി കിർക്കിന് പിന്തുണ അറിയിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ, ബിഗ് ബെൻ മുതൽ തേംസ് നദിക്ക് അക്കരെ, വാട്ടർലൂ ട്രെയിൻ സ്റ്റേഷന് സമീപം വരെയും ഒരു കിലോമീറ്ററോളം ദൂരത്തിൽ ജനക്കൂട്ടം തടിച്ചുകൂടി.
കഴിഞ്ഞ ഒക്ടോബറിൽ റോബിൻസൺ ‘യുണൈറ്റ് ദി കിംഗ്ഡം’ റാലി നടത്താൻ പദ്ധതിയിട്ടിരുന്നു, എന്നാൽ സിറിയൻ അഭയാർഥിക്കെതിരെ അപകീർത്തികരമായ പരാമർശവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ ഇയാൾ ജയിലിലാവുകയായിരുന്നു. മുമ്പ് വധശ്രമത്തിനും പണയ തട്ടിപ്പിനും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് ടോമി റോബിൻസൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

