വാവെയ് സി.എഫ്.ഒയെ കാനഡ മോചിപ്പിച്ചു; കനേഡിയൻ പൗരന്മാരെ ചൈനയും വിട്ടയച്ചു
text_fieldsബെയ്ജിങ്: ചൈനീസ് ടെക് ഭീമൻ വാവെയ്യുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ(സി.എഫ്.ഒ) മെങ് വാൻഷോവിനെ കാനഡ മോചിപ്പിച്ചു. ഇതിനു പിന്നാലെ തടവിലാക്കിയ രണ്ടു കനേഡിയൻ പൗരന്മാരെയും ചൈന വിട്ടയച്ചു. ഇതോടെ യു.എസും കാനഡയും ചൈനയും തമ്മിലുള്ള മൂന്നുവർഷത്തോളം നീണ്ട നയതന്ത്രപ്രശ്നത്തിന് പരിഹാരമായി. 2018 ഡിസംബറിലാണ് യു.എസ് വാറൻറിെൻറ അടിസ്ഥാനത്തിൽ മെങ്ങിനെ കാനഡ തടവിലാക്കിയത്. വാവെയ് സ്ഥാപകൻ റെൻ ഷെങ്ഫീയുടെ മകളാണ് മെങ്. മണിക്കൂറുകൾക്കം കനേഡിയൻ പൗരന്മാരായ മൈക്കിൾ സ്പാവർ, മൈക്കിൾ കോവ്റിഗ് എന്നിവരെ ചാരവൃത്തി ചുമത്തി ചൈന തടവിലാക്കി. മെങ്ങിനെ അറസ്റ്റ് ചെയ്തതിെൻറ പ്രതികാരമാണിതെന്ന ആരോപണങ്ങൾ ചൈന തള്ളി.
മോചനം സാധ്യമായതോടെ ഇരുവരും കാനഡയിലെത്തിയതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. യു.എസ് ജസ്റ്റിസ് ഡിപ്പാർട്മെൻറുമായി വാൻഷോ കരാറുണ്ടാക്കിയതിനു പിന്നാലെയാണ് മോചനം. 2022 അവസാനം വരെ വാവെയ് സി.എഫ്.ഒക്കെതിരെ നടപടികളുണ്ടാകില്ലെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു. അതിനുശേഷം ഇവർക്കെതിരായ കേസുകൾ ഒഴിവാക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാകും.ഇറാൻ കമ്പനി സ്കൈകോമുമായുള്ള കരാറിൽ എച്ച്.എസ്.ബി.സി ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചുവെന്നതാണ് മെങ്ങിനെതിരെ യു.എസ് ചുമത്തിയ കുറ്റം. എച്ച്.എസ്.ബി.സി ബാങ്കിനുണ്ടായ നഷ്ടത്തിെൻറ ബാധ്യത മെങ് ഏറ്റെടുത്തുവെന്നാണ് വിവരം. ഇതാണ് കരാറിനു വഴിയൊരുക്കിയത്.
ചൈനീസ് സർക്കാർ അയച്ച പ്രത്യേക വിമാനത്തിലാണ് മെങ് കാനഡയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് മടങ്ങിയത്.