Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദക്ഷിണാഫ്രിക്കയിലെ കലാപത്തിന്​ കാരണമായ സുപ്​ത; ഗുപ്​ത സഹോദരങ്ങൾ സുമയെ അഴിക്കുള്ളിലാക്കിയ കഥ
cancel
Homechevron_rightNewschevron_rightWorldchevron_rightദക്ഷിണാഫ്രിക്കയിലെ...

ദക്ഷിണാഫ്രിക്കയിലെ കലാപത്തിന്​ കാരണമായ 'സുപ്​ത'; ഗുപ്​ത സഹോദരങ്ങൾ സുമയെ അഴിക്കുള്ളിലാക്കിയ കഥ

text_fields
bookmark_border

അഴിമതിയാരോപണത്തെ തുടർന്ന്​ മുൻ പ്രസിഡൻറ്​ ജേക്കബ്​ സുമയെ അറസ്റ്റ്​ ചെയ്​തതിന്​ പിന്നാലെ ദക്ഷിണാഫ്രിക്കയിൽ​ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 70ലേറെ ആളുകളാണ്​ ഇതുവരെ മരിച്ചത്​. കവർച്ചയും കൊലയും നഗരങ്ങളെ മുൾമുനയിലാക്കിയ രാജ്യത്ത് സമാധാനത്തിന്​ ആഹ്വാനം ചെയ്​തും തെരുവുകളിൽ സൈന്യത്തെ വിന്യസിച്ചും സർക്കാർ രംഗത്തുണ്ടെങ്കിലും അതൊന്നും ഫലം ചെയ്യാത്ത അവസ്ഥയാണുള്ളത്​. അപാർത്തീഡ്​ ഭരണം അവസാനിച്ച്​ 27 വർഷത്തിനിടെ ആദ്യമായാണ്​ ദക്ഷിണാഫ്രിക്ക കടുത്ത ആഭ്യന്തര സംഘർഷത്തിലേക്ക്​ നീങ്ങിയിരിക്കുന്നത്​. സുമയുടെ അനുയായികളാണ്​ അതിക്രമങ്ങൾക്ക്​ പിന്നിലെന്നാണ്​ ആരോപണമുയരുന്നത്​.

കോടതിയലക്ഷ്യത്തിന് ജേക്കബ് സുമ 15 മാസം ജയിൽ ശിക്ഷ അനുഭവിക്കുകയാണ്​. ദക്ഷിണാഫ്രിക്കയിലെ ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ് റെയ്മണ്ട് സോണ്ടോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിക്ക് മുന്നിൽ രേഖകളോ തെളിവുകളോ ഹാജരാക്കാൻ നിർദ്ദേശിച്ചുകൊണ്ട്​ ഫെബ്രുവരിയിൽ പുറത്തുവിട്ട കോടതി ഉത്തരവ് പാലിക്കാൻ ജേക്കബ് സുമ വിസമ്മതിച്ചിരുന്നു.

സുമക്കെതിരായ കേസ്​

രണ്ട്​ അഴിമതിയാരോപണങ്ങളാണ്​ ജേക്കബ്​ സുമ നേരിടുന്നത്​. 1999ൽ സുമ ദ. ആഫ്രിക്കയുടെ ഡെപ്യൂട്ടി പ്രസിഡൻറായിരുന്നപ്പോൾ നടന്ന രണ്ട്​ ബില്യൺ ഡോളർ ആയുധ ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ് അതിലൊന്ന്​. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിരുന്നു. അദ്ദേഹം പ്രസിഡൻറായിരുന്ന 2009 - 2018​ കാലഘട്ടത്തിൽ നടന്നതാണ്​ മറ്റൊരു അഴിമതി. ഇതിലാണ്​ അന്വേഷണ പാനലുമായി സഹകരിക്കാൻ ജേക്കബ് സുമ വിസമ്മതിച്ചത്.

ഇന്ത്യൻ ബന്ധം....

അതെ, ജേക്കബ് സുമയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളിൽ രണ്ടാമത്തേതിന്​ ഇന്ത്യൻ ബന്ധമുണ്ട്... അത്​ പറയുന്നതിന്​ മുമ്പ്​, 1990 കളിൽ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ ഗുപ്ത സഹോദരങ്ങളെ കുറിച്ച്​, അറിയണം... സുമ അഴിക്കുള്ളിലാകാൻ കാരണക്കാരെന്ന്​ പറയപ്പെടുന്ന അവരുടെ പേര്​ അതുൽ ഗുപ്​ത, അജയ്​ ഗുപ്​ത, രാജേഷ്​ ഗുപ്​ത എന്നിങ്ങനെയാണ്​. സഹാറൻപൂരിൽ ചെറിയൊരു വ്യവസായം നടത്തിവരികയായിരുന്നു ഗുപ്​ത ​സഹോദരങ്ങൾ, അതിനിടെ കൂട്ടത്തിലെ മൂത്തയാളായ അതുൽ ഗുപ്​ത 1993ൽ ദക്ഷിണാഫ്രിക്കയിലേക്ക്​ പോയി. അപാർത്തീഡ്​ ഭരണം അവസാനിപ്പിച്ച്​, രാജ്യം ലോകർക്ക്​ വേണ്ടി തുറന്ന കാലമായിരുന്നു അത്​.

മൂത്തയാൾക്ക്​ പിന്നാലെ താഴെയുള്ള രണ്ടുപേരും വൈകാതെ അവിടെയെത്തി. തുടക്കത്തിൽ കാറിൽ ഷൂ വിൽപ്പന നടത്തലായിരുന്നത്രേ ഗുപ്​ത സഹോദരങ്ങളുടെ ജോലി, ഏറെ നാളുകൾക്ക്​ ശേഷം സഹാറ കമ്പ്യൂട്ടർ എന്ന പേരിൽ ഒരു കമ്പനിയും അവർ ആരംഭിച്ചു. ഇന്ത്യയുമായി താരതമ്യം ചെയ്യു​േമ്പാൾ ഉദ്യോഗസ്ഥഭരണത്തിൽ റെഡ്​ ടേപ്പില്ലാത്ത രാജ്യമാണ്​ ദക്ഷിണാഫ്രിക്കയെന്ന്​ അവർ കണ്ടെത്തി.

ഗുപ്​ത സഹോദരങ്ങൾ

വൈകാതെ അവരുടെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കുകയും അവർ കാലക്രമേണ രാഷ്ട്രീയ ബന്ധങ്ങൾ ഒരുപാടുണ്ടാക്കുകയും ചെയ്​തു. കമ്പ്യൂട്ടറുകളിൽ നിന്ന് എയർ ട്രാവലിലേക്കും, ഉൗർജ്ജ മേഖലയിലേക്കും, ഖനനം, സാങ്കേതികവിദ്യ, മീഡിയ എന്നിവയിലേക്കും ഗുപ്ത സഹോദരങ്ങൾ തങ്ങളുടെ ബിസിനസ് ശൃംഖല വിപുലീകരിച്ചു.

ഇന്ത്യൻ വംശജരായ ഇൗ മൂന്ന് ബിസിനസുകാരെ 'രാജ്യ വിഭവങ്ങൾ കൊള്ളയടിക്കാനും' സർക്കാർ നയങ്ങളിൽ സ്വാധീനം ചെലുത്താനും സുമ അനുവദിച്ചുവെന്ന ആരോപണം ഇപ്പോൾ അന്വേഷണ സമിതി പരിശോധിച്ചുവരികയാണ്​.

ഗുപ്ത സഹോദരങ്ങളുമായി സഹകരിച്ച് ജേക്കബ് സുമ രാജ്യത്തി​െൻറ സ്വത്തുക്കൾ കവർന്നെടുക്കുന്നുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്​. ഇന്ത്യൻ വംശജരായ മൂവരും ഒരു കാലത്ത് ജേക്കബ് സുമ സർക്കാരി​െൻറ നയങ്ങൾ എന്തൊക്കെയാണെന്ന്​ തീരുമാനിക്കാൻ തക്കവണ്ണം സ്വാധീനശക്​തിയുള്ളവരായിരുന്നുവെന്നും പറയപ്പെടുന്നു. 2018 ൽ ജേക്കബ് സുമ സ്ഥാനമൊഴിയാൻ നിർബന്ധിതനായതിനെത്തുടർന്ന് ഗുപ്ത സഹോദരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് പലായനം ചെയ്തിരുന്നു.

സുപ്​ത (Zupta)

2015-16 -ൽ നടന്ന സഹാറ കമ്പ്യൂട്ടറി​െൻറ ഒരു പരിപാടിയിൽ വെച്ചാണ്​ ഗുപ്ത ബ്രദേഴ്സ് ജേക്കബ് സുമ കൂടിക്കാഴ്​ച്ച ആദ്യമായി സംഭവിക്കുന്നതെന്ന്​ പറയപ്പെടുന്നു. അവർ തൽക്ഷണം വളരെയധികം അടുപ്പത്തിലവുകയും ചെയ്​തു. ഇവരുടെ വിമർശകർ നാലുപേരെയും ചേർത്ത്​ വിളിക്കുന്ന പേരാണ്​ സുപ്ത.

2016 ൽ ദക്ഷിണാഫ്രിക്ക ഒരു വലിയ രാഷ്ട്രീയ വിവാദത്തിന്​ സാക്ഷിയായി മാറി. ഗുപ്ത സഹോദരങ്ങൾ അവരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾ സംരക്ഷിച്ചാൽ ധനമന്ത്രി സ്ഥാനം നൽകാമെന്ന്​ അന്നത്തെ ഡെപ്യൂട്ടി ധനമന്ത്രിക്ക് വാഗ്ദാനം ​നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു അത്​. 600 ദശലക്ഷം റാൻഡ്​ നൽകാമെന്നും അവർ അദ്ദേഹത്തോട്​ പറഞ്ഞതായും റിപ്പോർട്ടുണ്ട്​. അക്കാലത്ത്​ ജേക്കബ് സുമ സർക്കാരിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ധനമന്ത്രി പ്രവിൻ ഗോർഡൻ അതി​െൻറ ഉത്തരവാദിത്തം ഗുപ്​ത സഹോദരങ്ങൾക്കാണെന്ന്​ ആരോപിച്ച്​ രംഗത്തെത്തിയതും വലിയ വാർത്തയായി മാറി.

സുപ്​തയുടെ പതനം

ജേക്കബ് സുമ സർക്കാരിനെ ഗുപ്ത സഹോദരങ്ങൾ എത്രത്തോളം സ്വാധീനിച്ചുവെന്ന് തെളിയിക്കുന്ന ഏകദേശം ഒരു ലക്ഷത്തോളം ഇമെയിലുകൾ 2017 ൽ ചോർന്നു. ചോർന്ന ഇമെയിലുകൾ ജേക്കബ് സുമയ്ക്കും ഗുപ്ത കുടുംബത്തിനും എതിരെ വൻ പ്രതിഷേധത്തിന് കാരണമായി മാറി. കൂടാതെ,

2013 ൽ ദക്ഷിണാഫ്രിക്കക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയ മറ്റൊരു സംഭവം കൂടിയുണ്ടായിരുന്നു. ജേക്കബ് സുമയുടെ പിന്തുണയോടെ ഗുപ്ത കുടുംബം അവരുടെ മകളുടെ വിവാഹത്തിന്​ വന്ന അതിഥികളെ വഹിച്ചുകൊണ്ടുള്ള വിമാനം രാഷ്ട്രത്തലവന് മാത്രമായി അനുവദിച്ച സൈനിക വ്യോമതാവളത്തിൽ ഇറക്കിയ സംഭവമായിരുന്നു അത്​. നിരന്തരം വിവാദങ്ങൾ പിന്തുടർന്നതോടെ സുമയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എ.എൻ.സി)​ പാർട്ടി പ്രദേശിക തെരഞ്ഞെടുപ്പിൽ വലിയ പരാജയമേറ്റുവാങ്ങി. അതോടെ ദേശീയ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന ഭയവും അവരെ പിടികൂടി.

Joao Silva/The New York Times

2018ൽ ഫെബ്രുവരിയിൽ പ്രതിപക്ഷം ജേക്കബ് സുമയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അതോടെ എ.എൻ.സി പാർട്ടിക്ക്​ സുമ സഹിക്കാവുന്നതിലും അപ്പുറം ബാധ്യതയായിമാറി. ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറ്​ സ്ഥാനമൊഴിയുന്ന അവസ്ഥയിലേക്ക്​ അദ്ദേഹം എത്തുകയും ചെയ്​തു. പിന്നാലെ, ഗുപ്​ത സഹോദരങ്ങൾ ദുബൈയിലേക്ക്​ പറന്ന്​ രക്ഷപ്പെടുകയും ചെയ്​തു.

ഇപ്പോൾ കേസും അഴിമതി ആരോപണങ്ങളും സുമയെ വേട്ടയാടാൻ തുടങ്ങിയിരിക്കുകയാണ്​. സഹകരിക്കാൻ വിസമ്മതിച്ച സുമ അന്വേഷണ സമിതിയിൽ രേഖകൾ ഹാജരാക്കുന്നതിനുപകരം ജയിൽ ശിക്ഷ അനുഭവിക്കാൻ തീരുമാനിക്കുകയാണ്​ ചെയ്​തത്​. ഇതുവരെ ഒരു തവണ മാത്രമാണ് അദ്ദേഹം സമിതിക്ക്​ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

സുമയുടെ അറസ്റ്റ്​ ദക്ഷിണാഫ്രിക്കയെ ആഭ്യന്തര കലാപത്തിലേക്ക്​ നയിക്കുക മാത്രമല്ല ചെയ്​തത്​, അതോടെ കറുത്തവരും വെളുത്ത സമൂഹവും തമ്മിലുള്ള വ്യക്തമായ അസമത്വം രാജ്യത്ത്​ ഉടലെടുക്കുകയും ചെയ്​തിരിക്കുകയാണ്​. സാമ്പത്തിക പുരോഗതിയുടെ അഭാവം, വ്യാപകമായ അഴിമതി, കോവിഡ് മഹാമാരി തെറ്റായി കൈകാര്യം ചെയ്തതിലുമൊക്കെയുള്ള ജനങ്ങളുടെ കോപവും​ ഇപ്പോൾ നിലനിൽക്കുന്ന കലാപത്തിന്​ ഇന്ധനം പകർന്നതായും വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaJacob ZumariotscorruptionGupta BrothersZuptaSouth Africa Riot
News Summary - how turmoil in South Africa related to Gupta Brothers from UP Jacob Zuma
Next Story