എട്ടുവർഷം മുമ്പ് യു.എസിൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച് ലാപ്ടോപ്പ്; കൊല്ലപ്പെട്ടത് ഇന്ത്യൻ യുവതിയും മകനും
text_fieldsവാഷിങ്ടൺ: എട്ടുവർഷം മുമ്പുനടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് അന്വേഷണ ഉദ്യോഗസ്ഥർ. 2017ലാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ശശികല നാരായെയും മകൻ അനീഷിനെയും അവരുടെ ന്യൂജഴ്സിയിലെ അപാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ ഇവരെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഇന്ത്യൻ വംശജനായ നസീർ ഹമീദാണ് പ്രതിയെന്നും തിരിച്ചറിഞ്ഞു.
ശശികലയുടെ ഭർത്താവിന്റെ സഹപ്രവർത്തകനായിരുന്നു നസീർ. ന്യൂജഴ്സിയിലെ കമ്പനിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ശശി കലയും കുടുംബവും താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് നടക്കാനുള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ നസീറിന്റെ താമസസ്ഥലത്തേക്ക്.
കൊലപാതകം നടത്തിയ ശേഷം നസീർ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. ജോലി ചെയ്തിരുന്ന കമ്പനി നസീറിന് അനുവദിച്ച ലാപ്ടോപിലെ ഡി.എൻ.എ സാംപിൾ വഴിയാണ് കൊലപാതകി ഇയാൾ തന്നെയാണ് പൊലീസ് ഉറപ്പിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച ഡി.എൻ.എ സാംപിളുമായി അതിന് സാമ്യമുണ്ടായിരുന്നു. നസീറിനെ യു.എസിലേക്ക്‍ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ തുടരുകയാണ് അമേരിക്കയിലെ അന്വേഷണ ഉദ്യോഗസ്ഥർ. കുറ്റകൃത്യം നടക്കുന്ന സമയത്ത് യു.എസ് വിസയിലായിരുന്നു നസീറിന്നെും ബർലിങ്ടൺ കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫിസ് മേധാവിയായ പാട്രിക് ധോൺടൻ പറഞ്ഞു. കൊലപാതകം നടത്തിയതിനു ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ട നസീർ പിന്നീട് അമേരിക്കയിലേക്ക് മടങ്ങിയിട്ടില്ല.
2017 മാർച്ച് 23ന് ഹാനു നാരാ താമസസ്ഥലത്ത് എത്തിയപ്പോഴാണ് 38കാരിയായ ഭാര്യയെയും ആറു വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ കുത്തേറ്റ മുറിവുകളും ഉണ്ടായിരുന്നു. അക്രമിയെ ഇരുവരും പ്രതിരോധിച്ചുവെന്നാണ് ശരീരത്തിലെ ആഴത്തിലുള്ള മുറിവുകൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന രക്ത സാംപിളുകൾ പൊലീസ് ശേഖരിച്ചു. എന്നാൽ ശേഖരിച്ച രക്തത്തുള്ളികൾ കൊല്ലപ്പെട്ടവരുടേതോ ഹാനിയുടേതോ അല്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
ഹാനു നാരായ സഹപ്രവർത്തകനായ നസീർ പിന്തുടർന്ന് പീഡിപ്പിച്ചിരുന്നതായി പൊലീസിന് മനസിലാക്കാൻ സാധിച്ചു. അന്വേഷണം അയാളിൽ തന്നെ കേന്ദ്രീകരിച്ച് മുന്നോട്ടുപോയി. ശശി കലയുടെയും മകന്റെയും മരണശേഷം ഇയാൾ ഇവരുടെ വീടിനടുത്ത് താമസിച്ചിട്ടില്ലെന്നും കണ്ടെത്തി. കൊലപാതകം നടന്ന് ആറുമാസത്തിന് ശേഷമാണ് അയാൾ ഇന്ത്യയിലേക്ക് മടങ്ങിയത്. എന്നാൽ അപ്പോഴും യു.എസിലെ കോഗ്നിസന്റ് കമ്പനിയിലെ ജോലി രാജിവെച്ചില്ല. അതുവഴി തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുവെക്കാം എന്നായിരുന്നു നസീർ കണക്കുകൂട്ടിയിരുന്നത്.
ഇന്ത്യൻ അധികൃതരെ സമീപിച്ച് യു.എസ് അന്വേഷണസംഘം നസീറിന്റെ ഡി.എൻ.എ സാംപിൾ ആവശ്യപ്പെട്ടു. എന്നാൽ അയാൾ അത് നൽകാൻ തയാറായില്ല. ഏതുവിധേനയും ഡി.എൻ.എ സാംപിളുകൾ നേടിയെടുക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ 2024ൽ അനുകൂലമായ ഒരു കോടതി വിധി നേടിയെടുത്തു. തുടർന്ന് നസീർ ഉപയോഗിച്ചിരുന്ന ലാപ്ടോപ് വിട്ടുതരണമെന്ന് കോഗ്നിസന്റ് വഴി ആവശ്യപ്പെട്ടു. ലാപ്ടോപ് കിട്ടിയപ്പോൾ അതിലെ ഡി.എൻ.എ ശേഖരിക്കുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത രക്തത്തുള്ളികളിലെ ഡി.എൻ.എ സാംപിളുകളുമായി അതിനുള്ള സാമ്യവും കണ്ടെത്തി. അങ്ങനെ കുറ്റവാളി നസീർ തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഇത്തരമൊരു കൊലപാതകം നടത്താൻ എന്താണ് കാരണമെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഹാനു നാരയുമായുള്ള വ്യക്തി വൈരാഗ്യമാകാം കൊലപാതകങ്ങളിലേക്ക് നയിച്ചത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നസീർ ഹമീദിനെ യു.എസിലേക്ക് വിട്ടുകിട്ടുന്നതിനായുള്ള ശ്രമം തുടരുകയാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

