Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightട്രംപിന്‍റെ...

ട്രംപിന്‍റെ കണക്കുകൂട്ടൽ തെറ്റിയതെങ്ങനെ?

text_fields
bookmark_border
ട്രംപിന്‍റെ കണക്കുകൂട്ടൽ തെറ്റിയതെങ്ങനെ?
cancel

നെതന്യാഹു ട്രംപിനെ യുദ്ധക്കെണിയിൽ വീഴ്ത്തിയതെങ്ങനെ എന്ന് വിശദമാക്കുന്ന ഒരു ലേഖനം ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിൻ്റെ വൈറ്റ് ഹൗസ് ലേഖകരായ ജോനാഥൻ സ്വാനും ( Jonathan Swan) മാഗി ഹേബർമാനും (Maggie Haberman) ചേർന്നെഴുതിയ ലേഖനം, Regime Change : Inside the Imperial Presidency of Donald Trump എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്ന പുസ്തകത്തിന് വേണ്ടി ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ്. HowTrump took the US to War With Iran എന്ന തലക്കെട്ടിലുളള ലേഖനം, യുദ്ധം പ്രഖ്യാപിക്കുന്നതിന് മുമ്പ് വൈറ്റ്ഹൗസിൽ ട്രംപും നെതന്യാഹുവും തമ്മിൽ നടന്ന നിർണായകമായ കൂടിക്കാഴ്ചയുടെയും അതെ തുടർന്ന് നടന്ന രഹസ്യസ്വഭാവമുള്ള ചർച്ചകളുടെയും വിശദവിവരങ്ങൾ വെളിപ്പെടുത്തുന്നു.

ഫെബ്രുവരി 11 ന് ഉച്ചയോടടുത്ത സമയം. വിദേശനേതാക്കന്മാരുമായുളള കൂടിക്കാഴ്ചകളിൽ അപൂർവമായി മാത്രം ഉപയോഗിക്കാറുള്ള വൈറ്റ്ഹൗസിലെ സിറ്റ്വേഷൻ റൂമിൽ ഒരു വലിയ സ്‌ക്രീനിന് അഭിമുഖമായി ട്രംപും നെതന്യാഹുവും ഇരിക്കുന്നു. മൊസാദിൻ്റെ ഡയരക്ടർ ഡേവിഡ് ബർനിയ (David Barnea) യും ഉയർന്ന ഇസ്രായേലി സൈനിക ഉദ്യോഗസ്ഥരുമാണ് സ്‌ക്രീനിൽ. അതീവ രഹസ്യസ്വഭാവമുള്ള യോഗത്തിൽ യു.എസ്. സ്റ്റേറ്റ് സെക്രട്ടരി മാർകോ റൂബിയോ, യുദ്ധ (ഡിഫൻസ് ) സെക്രട്ടരി പീററ് ഹെഗ്‌സെത്ത്, ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ, സി.ഐ.എ ഡയരക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരും പങ്കെടുക്കുന്നുണ്ട്.

നെതന്യാഹുവും ടീമും ട്രംപിന് നൽകിയ പ്രസൻ്റേഷനിൽ പറഞ്ഞ പ്രധാനകാര്യങ്ങൾ ഇവയാണ്: ഇറാൻ ഭരണകൂടം തകർച്ചയുടെ വക്കിലാണ്. അമേരിക്കയും ഇസ്രായേലും ചേർന്ന ഒരു ഓപറേഷനിലൂടെ ഭരണകൂടത്തെ പെട്ടെന്ന് താഴെയിറക്കാൻ കഴിയും. ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാം നശിപ്പിക്കാൻ ഏതാനും ആഴ്ചകൾ മതി. ഇറാൻ ഭരണകൂടം അത്യന്തം ദുർബലമായിത്തീരും എന്നതിനാൽ ഹുർമുസ് കടലിടുക്ക് അടക്കാൻ അവർക്ക് കഴിയില്ല. അയൽരാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെ ഇറാൻ ആക്രമിക്കാനുള്ള സാധ്യത വളരെ കുറവാണ്.

മൊസാദിൻ്റെ ഇൻ്റലിജൻസ് റിപ്പോർട്ട് പ്രകാരം, ഇറാനിൽ വീണ്ടും തെരുവു പ്രക്ഷോഭങ്ങൾ അരങ്ങേറും. മൊസാദിൻ്റെ സഹായത്തോടെ കലാപം ആളിപ്പടരും. കനത്ത ബോബിംഗിൻ്റെ സഹായത്തോടെ പ്രതിപക്ഷത്തിന് ഭരണകൂടത്തെ അട്ടിമറിക്കാൻ അവസരമൊരുങ്ങും. ഇറാനിയൻ കുർദിഷ് സൈനികർ ഇറാഖിൽ നിന്നും അതിർത്തി കടന്ന് ഇറാൻ ഭരണകൂടത്തിനെതിരെ കരയുദ്ധം തുടങ്ങാനുളള സാധ്യതയും ഇസ്രായേലിസംഘം മുന്നോട്ടു വെച്ചു.

നെതന്യാഹുവിൻ്റെ ആത്മവിശ്വാസം നിറഞ്ഞ വിവരണം ട്രംപിനെ തൃപ്തനാക്കി. "എനിക്ക് നല്ലതായി തോന്നുന്നു," ട്രംപ് നെതന്യാഹുവിനോട് പറഞ്ഞു. യോഗം പിരിയുമ്പോഴേക്കും, ട്രംപ് തീരുമാനം എടുത്ത് കഴിഞ്ഞു എന്ന് അതിൽ പങ്കെടുത്ത എല്ലാവർക്കും ബോധ്യമായിരുന്നു. യോഗത്തിൻ്റെ ഒരു ഘട്ടത്തിൽ, ഇസ്‌ലാമിക് റിപ്പബ്ളിക്കിനെ അട്ടിമറിച്ചു കഴിഞ്ഞാൽ പകരം അധികാരത്തിൽ കൊണ്ടുവരേണ്ട കുറച്ചു നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ഒരു വീഡിയോയും പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ വാഷിങ്ങ്ടണിൽ കഴിയുന്ന ഇറാനിലെ ഷായുടെ പുത്രൻ റിസാ പഹ്ലവിയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

പിറ്റെ ദിവസം - ഫെബ്രുവരി 12 - ട്രംപിൻ്റെ സാന്നിധ്യത്തിൽ അമേരിക്കൻ ഇൻ്റലിജൻസ് ഓഫീസർമാരുടെ യോഗം വൈറ്റ്ഹൗസിൽ ചേർന്നു. ഭരണമാറ്റത്തെക്കുറിച്ച നെതന്യാഹുവിൻ്റെ അഭിപ്രായത്തോട് സി. ഐ. എ ഡയരക്ടർ, വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്, മാർക് റൂബിയോ ഉൾപ്പെടെ പലർക്കും വിയോജിപ്പായിരുന്നു. (അസർബൈജാൻ സന്ദർശനത്തിൽ ആയിരുന്നതിനാൽ വാൻസ് തലേന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല). ബോധ്യപ്പെടാതെ ട്രംപ് ജനറൽ കെയ്നിൻ്റെ അഭിപ്രായമാരാഞ്ഞു. "ഇത് ഇസ്രായേലികളുടെ സ്ഥിരം പരിപാടിയാണ്. പാതിവെന്ത അവരുടെ പദ്ധതികൾ നമ്മളെക്കൊണ്ട് വാങ്ങിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്," കെയ്ൻ പറഞ്ഞു. ആയത്തുല്ല ഖാമിനായി ഉൾപ്പെടെ ഇറാനിലെ ഉന്നതനേതാക്കളുടെ വധവും ഇറാനിയൻ സൈന്യത്തിൻ്റെ നശീകരണവും- ഈ രണ്ട് സാധ്യതകളിൽ ട്രംപ് ആവേശഭരിതനായത് പോലെ തോന്നി.

തുടർന്നുള്ള ദിവസങ്ങളിൽ ചൂടുപിടിച്ച ചർച്ച നടന്നു. ഇറാനെതിരെ പൂർണാർത്ഥത്തിലുള്ള ഒരു യുദ്ധം അമരിക്കയുടെ ആയുധശേഖരത്തെ കാര്യമായി ശോഷിപ്പിക്കുമെന്നും അത് പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ലെന്നും കെയ്ൻ മുന്നറിയിപ്പ് നൽകി. ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും സൈനിക മേധാവിക്ക് ആശങ്കകളുണ്ടായിരുന്നു. പക്ഷെ, ട്രംപ് കരുതിയത് ഇത് പെട്ടെന്ന് അവസാനിക്കുന്ന ഒരു ഓപറേഷൻ

ആയിരിക്കുമെന്നാണ്. ട്രംപിൻ്റെ കാബിനറ്റിൽ ഇറാനെതിരെയുള്ള ആക്രമണത്തെ ഏറ്റവും ശക്തമായി പിന്തുണച്ചത് യുദ്ധ സെക്രട്ടരി പീറ്റ് ഹെഗ്‌സെത്തും ഏറ്റവുമധികം സംശയാലുവായിരുന്നത് വൈസ് പ്രസിഡണ്ട് വാൻസും ആയിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ പറയുന്നു. യുദ്ധം മേഖലയിൽ സൃഷ്ടിച്ചേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് പുറമെ, അതിജീവിക്കാൻ അസാമാന്യമായ ഇഛാശക്തിയുള്ള ഒരു ഭരണകൂടവുമായി ഏറ്റുമുട്ടുന്നത് വരും വർഷങ്ങളിൽ സൈനിക നടപടികളിൽ ഏർപ്പെടാനുള്ള അമേരിക്കയുടെ ശേഷി കുറയ്ക്കുമെന്ന് വാൻസ് ഭയപ്പെട്ടു.

ട്രംപിൻ്റെ വിദേശനയ വെല്ലുവിളികളിൽ ഇറാൻ എന്നും ഒന്നാം സ്ഥാനത്തായിരുന്നു. ഏറ്റവും അപകടകാരിയായ ഒരു എതിരാളിയായിട്ടാണ് ഇറാനെ ട്രംപ് കണ്ടത്. 1979 ൽ ഇസ്‌ലാമിക വിപ്ലവം നടന്നത് മുതൽ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ ഇറാനിലെ മതഭരണകൂടത്തെ താഴെയിറക്കാൻ തനിക്ക് അവസരം കൈവന്നിരിക്കുന്നു എന്ന് ട്രംപ് കരുതി.

ട്രംപ് തീരുമാനം എടുത്ത് കഴിഞ്ഞിരുന്നു. ഫെബ്രുവരി അവസാനത്തിൽ ആയത്തുല്ലാ ഖാമിനായി ഇറാൻ ഭരണകൂടത്തിലെ ഉന്നത നേതാക്കളോടൊപ്പം, ഒളിസങ്കേതങ്ങൾക്ക് പുറത്ത്, പകൽവെളിച്ചത്തിൽ, ഒരു വ്യോമാക്രമണത്തിന് പാകമായ വിധത്തിൽ യോഗം ചേരുന്നുണ്ടെന്ന് അമേരിക്കക്ക് ഇൻ്റലിജൻസ് റിപ്പോർട്ട് ലഭിച്ചു. ഇറാനുമായി ന്യൂക്ളിയർ ചർച്ചകൾ നടന്നുകൊണ്ടിരിക്കെത്തന്നെ അമേരിക്കൻ വിമാനങ്ങളും യുദ്ധക്കപ്പലുകളും മിഡിൽ ഈസ്റ്റിലേക്ക് നീങ്ങി. ഇറാനുമായുളള ചർച്ചകൾ എവിടെയും എത്താൻ പോകുന്നില്ലെന്ന് അമേരിക്കൻ മധ്യസ്ഥരായ കുഷ്നറും വിറ്റ്കോഫും ട്രംപിന് റിപ്പോർട്ട് നൽകി.

ഫെബ്രുവരി 27 ന് വൈറ്റ് ഹൗസിൽ അവസാന വട്ട യോഗം ചേർന്നു. യുദ്ധത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകിയവർ തന്നെ യുദ്ധമാണ് പ്രസിഡണ്ട് തെരഞ്ഞെടുക്കുന്നതെങ്കിൽ തങ്ങൾ പിന്തുണക്കുമെന്ന് ഉറപ്പ് നൽകി. പിറ്റെ ദിവസം, ജനറൽ കെയ്ൻ നൽകിയ സമയത്തിനും 22 മിനുട്ട് മുമ്പ് ട്രംപ് യുദ്ധം പ്രഖ്യാപിച്ചു.

യുദ്ധം തുടങ്ങുമ്പോൾ ട്രംപിൻ്റെയും നെതന്യാഹുവിൻ്റെയും മനസ്സിൽ എന്തായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. ഇറാനെതിരെ സംഹാരാത്മകമായ ഒരു യുദ്ധം നെതന്യാഹുവിൻ്റെ 47 വർഷത്തെ സ്വപ്നമായിരുന്നു എന്ന് അയാൾ പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്. ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ട്രംപിനെക്കാൾ നല്ല ഒരു അമേരിക്കൻ പ്രസിഡണ്ടിനെ കിട്ടുകയില്ല എന്നും നെതന്യാഹുവിന് അറിയാമായിരുന്നു. ആദ്യത്തെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് യുദ്ധം മുന്നോട്ട് പോയപ്പോൾ, ഇറാൻ്റെ സമ്പൂർണമായ നാശമായിരുന്നു ഇസ്രായേലിൻ്റെ ലക്ഷ്യം. സൈനിക ശേഷി മാത്രമല്ല, സാമ്പത്തിക ശേഷി കൂടി തകർക്കണം. അതിന് വേണ്ടിയാണ് ഊർജനിലയങ്ങളെയും എണ്ണപ്പാടങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുന്നത്. ഇറാനെ മാത്രമല്ല, ഹിസ്ബുല്ലയെയും കൂടി തകർക്കാനുളള അവസരമായി നെതന്യാഹു യുദ്ധത്തെ കണ്ടു. ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളുയും ശിയാ പ്രദേശങ്ങളെയും ടാർഗറ്റ് ചെയ്യുന്നതിലൂടെ ആഭ്യന്തര വോട്ട് ബാങ്ക് ഭദ്രമാക്കുക എന്ന ലക്ഷ്യം കൂടി നെതന്യാഹുവിന് ഉണ്ടായിരുന്നു. ഹിസ്ബുല്ലയുടെ റോക്കറ്റുകളും മിസൈലുകളും വടക്കൻ ഇസ്രായേലിലെ ജനജീവിതത്തെ കാര്യമായി അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.

ട്രംപിന് വേണ്ടിയിരുന്നത്, വെനിസ്വേലയിൽ ചെയ്തത് പോലെ ഒരു മിന്നൽ ആക്രമണത്തിലൂടെ ഭരണകൂടത്തെ അട്ടിമറിക്കുകയും ഇറാനിയൻ എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. നെതന്യാഹുവിൻ്റെ വാക്കുകളിലും, അമേരിക്കയുടെ വ്യോമശേഷിയിലും വിശ്വാസമർപ്പിച്ച ട്രംപ് , ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്നും യുദ്ധത്തെ ഹുർമുസ് കടലിടുക്കിൽ തിളച്ചിടുമെന്നും കരുതിക്കാണില്ല. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ പോയ ട്രംപിൻ്റെ ഏറ്റവും വലിയ തലവേദന ഹുർമുസ് പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്നതായി മാറി!

ഇസ്‌ലാമാബാദിലെ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഹുർമുസ് കടലിടുക്ക് ഉപരോധിച്ചിരിക്കുകയാണിപ്പോൾ. രണ്ടാംഘട്ട ചർച്ച ഉടൻ തുടങ്ങുമെന്ന സൂചനകളും വന്നുകൊണ്ടിരിക്കുന്നുണ്ട്. എതിരാളിയുടെ കയ്യും കാലും തല്ലിയൊടിക്കുക, എന്നിട്ട് ഉപാധികൾ ഏകപക്ഷീയമായി അടിച്ചേൽപിക്കുക - അമേരിക്കയുടെ ഈ പതിവ് രീതി ഇറാൻ്റെ കാര്യത്തിൽ വിലപ്പോവാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. ഇറാൻ മുന്നോട്ട് വെച്ച പത്തിന നിർദ്ദേശങ്ങൾ മാറ്റിനിർത്തിക്കൊണ്ട് ഇറാന് ഒരിക്കലും സ്വീകരിക്കാൻ കഴിയാത്ത പുതിയ നിർദേശങ്ങൾ അമേരിക്ക മുന്നോട്ട് വെക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇസ്രായേലിൻ്റെ സമ്മർദ്ദമായിരുന്നു അതിൻ്റെ പിന്നിൽ. ഹുർമുസ് കടലിടുക്ക് തുറക്കുക, സമ്പുഷ്ട യുറാനിയം ഇറാനിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുക, യുറാനിയം സമ്പുഷ്ടീകരിക്കുന്നത് പൂർണമായും നിർത്തുക, ലബനാൻ, ഇറാഖ്, ഫലസ്തീൻ, യമൻ എന്നീ പ്രദേശങ്ങളിലെ സഖ്യകക്ഷികളുമായുള്ള ഇറാൻ്റെ ബന്ധം ഉപേക്ഷിക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് ട്രംപിൻ്റെ ആവശ്യപ്രകാരം വൈസ്പ്രസിഡണ്ട് ജെ.ഡി. വാൻസ് സമർപ്പിച്ചത്. അതിന് പകരമായി ഉപരോധത്തിലൂടെ മരവിപ്പിച്ച ഇറാൻ്റെ പരിമിതമായ ആസ്തികൾ വിട്ടുകൊടുക്കാൻ അമേരിക്ക സമ്മതിച്ചു. പക്ഷെ ഉപരോധം എടുത്ത് കളയുക എന്ന ഇറാൻ്റെ നിർദ്ദേശം അംഗീകരിച്ചില്ല. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് ചർച്ചയിലൂടെ നേടാനായിരുന്നു അമേരിക്കയുടെ ശ്രമം. ഇറാൻ അതിന് വഴങ്ങാത്തത് സ്വാഭാവികം മാത്രം.

വെടിനിർത്തൽ ചർച്ചകളിലെ പ്രധാന ഉപാധികളാലൊന്നായി ഇറാൻ ഉന്നയിക്കുന്നത് അമരിക്കൻ, ഇസ്രായേലി ബോംബിംഗിൻ്റെ ഫലമായി ഇറാന് സംഭവിച്ച കനത്ത നഷ്‌ടത്തിന് പരിഹാരം നൽകണം എന്നാണ്. സൈനിക കേന്ദ്രങ്ങൾ, പവർ പ്ലാൻ്റുകൾ, ജലശുദ്ധീകരണ പ്ലാൻ്റുകൾ, എണ്ണ, ഗ്യാസ് ഫെസിലിറ്റികൾ, സ്റ്റീൽ പ്ലാൻ്റുകൾ, പെട്രോകെമിക്കൽ കമ്പനികൾ, അലൂമിനിയം ഫാക്‌ടറികൾ, പാലങ്ങൾ തുറമുഖങ്ങൾ, റെയിൽവെ, യൂണിവേഴ്സിറ്റികൾ, ഗവേഷണ കേന്ദ്രങ്ങൾ, വീടുകൾ, സ്‌കൂളുകൾ, ആശുപത്രികൾ ഇതെല്ലാം വ്യാപകമായി ആക്രമിക്കപ്പെട്ടുകയും തകർക്കപ്പെടുകയും ചെയ്തു.

270 ബില്യൻ ഡോളറിൻ്റെ നഷ്ടപരിഹാരം ലഭിക്കണം എന്നാണ് ഇറാൻ്റെ ഒരു വക്താവ് ഈയിടെ പറഞ്ഞത്. ഇതിന് പുറമെയാണ്, 1979 മുതൽ തുടരുന്ന അമേരിക്കൻ ഉപരോധത്തിൻ്റെ ഫലമായി വിവിധ നാടുകളിൽ മരവിപ്പിച്ചു കിടക്കുന്ന ഇറാൻ്റെ100 ബില്യൻ ഡോളർ വരുന്ന ആസ്തികൾ. ഉപരോധം എടുത്തുകളയുകയും മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുകയും വേണം എന്നതാണ് ഇറാൻ്റെ ആവശ്യം. ഹുർമുസ് കടലിടുക്കിൻ്റെ നിയന്ത്രണവും, ഇറാനെതിരായ അമേരിക്കൻ, ഇസ്രായേലി ആക്രമണങ്ങൾക്ക് ശാശ്വതമായ അന്ത്യവും ഇറാൻ്റെ ഉപാധികളിൽ പെടുന്നു. ഈ ആവശ്യങ്ങളാട് അമേരിക്ക എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഭാവിചർച്ചകളുടെ വിജയ പരാജയങ്ങൾ.

സ്വയം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് എങ്ങനെ പുറത്ത് കടക്കും എന്ന് ട്രംപിന് ഇപ്പോഴും വ്യക്തതയില്ല. ഹുർമുസ് കടലിടുക്ക് ഉപരോധിച്ചു കൊണ്ട് ഇറാനെ വീർപ്പുമുട്ടിക്കാനുള്ള ശ്രമം പെട്ടെന്നൊന്നും ഫലം കാണുകയില്ലെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ ഇറാൻ ധാരാളം എണ്ണ വിറ്റ് കാശ് സമ്പാദിച്ചിട്ടുണ്ട്. വലിയ അളവിൽ ഇറാൻ്റെ എണ്ണ- ഏതാണ്ട് 38 മില്യൻ ബാരൽ- ഏഷ്യൻ ഭാഗത്ത് കടലിൽ കാത്തിരിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു; അധികവും ചൈനീസ് തീരത്തിനടുത്ത്. ഇറാന് കരമാർഗവും കാസ്പിയൻ കടലിലൂടെയും അവശ്യസാധനങ്ങളുടെ ഇറക്കുമതി തുടരാം. ഹുർമുസ് പ്രതിസന്ധി നീളുകയാണെങ്കിൽ അന്തർദേശീയ വിപണിയിൽ എണ്ണയുടെ വില വീണ്ടും കുത്തനെ ഉയരുകയും ലോകമൊട്ടുക്കും ഉൽപന്നങ്ങളുടെ വിലവർധനവിനും അവശ്യസാധനങ്ങളുടെ ഭൗർലഭ്യത്തിനും അത് കാരണമാക്കുകയും ചെയ്യും. യുദ്ധം തുടങ്ങിയതിന് ശേഷം അമേരിക്കയിൽ എണ്ണയുടെ വില ഒരു ഡോളറിലധികം ഉയർന്നു കഴിഞ്ഞു. ഹുർമുസിലെ അമേരിക്കൻ ഉപരോധം നീണ്ടാൽ നിലവിലുള്ള നാല് ഡോളർ വില അമേരിക്കക്കക്കാർക്ക് ഗൃഹാതുരമായ ഓർമയായി മാറും എന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയുണ്ടായി.

വഴിയെ പോകുന്നവരെയൊക്കെ കത്തി കാട്ടി മെരുക്കി നിർത്തുന്ന തെരുവു ഗുണ്ടക്ക് ഓർക്കാപ്പുറത്ത് നല്ല അടി കിട്ടിയാലുള്ള അവസ്ഥയിലാണ് ഇപ്പോൾ ട്രംപും അമേരിക്കയും. മല്ലയുദ്ധത്തിൽ പ്രതിയോഗിയെ ഇടിച്ചു നിലംപരിശാക്കി എന്ന് കാണികളെ ബോധ്യപ്പെടുത്തിയില്ലെയിൽ ഗുണ്ടയുടെ ക്രെഡിബിലിറ്റി നഷ്ടമാവും. നാട്ടുകാർ വിലവെക്കാതെയാവും. ഗുണ്ടാപിരിവ് നിൽക്കും. സാമ്പത്തിക പ്രതിസന്ധിയുണ്ടാവും. എതിരാളികൾ രംഗം കയ്യടക്കും. അന്തർദേശീയ വിപണിയിൽ ഡോളറിൻ്റെ മേധാവിത്തം നിലനിർത്താനുള്ള യുദ്ധം കൂടിയാണ് ഇപ്പോൾ നടക്കുന്നത്. ഡോളർ തളർന്നാൽ അമേരിക്കൻ

സമ്പദ് വ്യവസ്ഥ തകരും. ലോകത്തിലെ എണ്ണ വ്യാപാരത്തിൻ്റെ 80 ശതമാനവും നടക്കുന്നത് അമേരിക്കൻ ഡോളറിലൂടെയാണ്. ഇറാൻ, റഷ്യ, ചൈന - മുഖ്യമായും ഈ മൂന്ന് രാജ്യങ്ങളാണ് പെട്രോഡോളറിൻ്റെ മേൽക്കോയ്മക്ക് വെല്ലുവിളി ഉയർത്തുന്നത്. ഉക്രൈൻ യുദ്ധത്തിൻ്റെ മറവിൽ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പല രാജ്യങ്ങളെയും അമേരിക്ക വിലക്കി. വെനിസ്വേലയുടെയും ഇറാൻ്റെയും എണ്ണയുടെ മേൽ നിയന്ത്രണം കൈവരുന്നതിലൂടെ ഡോളറിലൂടെയല്ലാതെ എണ്ണ വ്യാപാരം നടക്കുന്നത് വലിയൊരു പരിധി വരെ തടയാം എന്നായിരുന്നു കണക്ക് കൂട്ടൽ. ഹുർമുസ് കടലിടുക്ക് അമേരിക്ക ഉപരോധിച്ചതിൻ്റെ പിന്നിൽ ചൈനയിലേക്കുള്ള ഇറാൻ്റെ എണ്ണ കയറ്റുമതി തടയുക, അതിലൂടെ ചൈനയെ സാമ്പത്തികമായി ഞെരുക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഹുർമുസ് കടലിടുക്കിലൂടെ വ്യാപാരക്കപ്പലുകളുടെ സഞ്ചാരം ഉറപ്പുവരുത്താൻ ഇറാനെതിരെ അന്തർദേശീയ സഖ്യത്തിന് ആഹ്വാനം ചെയ്യുന്ന യു .എൻ. സെക്യുരിറ്റി കൗൺസിൽ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തത് സുപ്രധാനമായ വഴിത്തിരിവായിരുന്നു.

എൺപതിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന എണ്ണൂറോളം സൈനികത്താവളങ്ങളിലൂടെയാണ് അമേരിക്ക ലോകത്ത് അതിൻ്റെ സൈനിക മേധാവിത്തം നിലനിർത്തുന്നത്. അമേരിക്കൻ കൊളോണിയലിസം എന്നത് ചെലവേറിയ ഒരു സംവിധാനമാണ്. ഭീഷണിയിലൂടെയും വെല്ലുവിളിയിലൂടെയും ലോക രാജ്യങ്ങളെ ഭയപ്പെടുത്തി വരുതിയിൽ നിർത്തുക എന്നതാണ് ട്രംപിൻ്റെ സ്ട്രാറ്റജി. ഇറാൻ്റെ മുമ്പിൽ മാത്രമാണ് ഈ സ്‌ട്രാറ്റജി ഫലിക്കാതെ പോയത്. അസാമാന്യമായ ഇഛാശക്തി കൊണ്ട് ഇറാൻ അമേരിക്കൻ ശക്തിയെ വെല്ലുവിളിച്ചു. അഹങ്കാരത്തിൻ്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ഇറാനിൽ ട്രംപിന് കാലിടറുന്നത്. അടിച്ചേൽപിക്കപ്പെട്ട ഈ യുദ്ധത്തിൽ ഇറാൻ്റെ ലക്ഷ്യം അതിജീവനമാണ്. പക്ഷെ, അമേരിക്കക്ക് യുദ്ധം ജയിച്ചേ തീരൂ. അതാണ് ട്രംപിൻ്റെ പ്രതിസന്ധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TrumpPolitical StrategyUS Israel Iran War
News Summary - How did Trump’s calculations go wrong?
Next Story