‘ഒപിയം’ പെർഫ്യൂമടിച്ച് പുലിവാല് പിടിച്ചു; ഇന്ത്യൻ വംശജൻ യു.എസ് ജയിലിൽ കഴിഞ്ഞത് 30 ദിവസം, ഒടുവിൽ വിസക്കായി നെട്ടോട്ടം
text_fieldsഅർക്കൻസാസ്(യു.എസ്): വാഹന പരിശോധനക്കിടെ കാറിൽ കണ്ട പെർഫ്യൂം കുപ്പി മയക്കുമരുന്നെന്ന് തെറ്റിദ്ധരിക്കപ്പെട്ടതോടെ യുവാവിന് ജയിലിൽ കഴിയേണ്ടി വന്നത് ഒരുമാസത്തോളം. ഇന്ത്യൻ പൗരനായ കപിൽ രഘുവിനാണ് സമാനതകളില്ലാത്ത ദുരിതത്തിലൂടെ കടന്നുപോവേണ്ടി വന്നത്.
അർക്കൻസാസിലെ ബെന്റണിൽ നടന്ന പരിശോധനയിൽ മെയ് മൂന്നിനാണ് കപിൽ രഘുവിനെ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനക്കിടെ ‘ഒപിയം’ എന്ന് പേരെഴുതിയ കുപ്പി കപിലിന്റെ കാറിൽ നിന്ന് ഐ.സി.ഇ അധികൃതർ കണ്ടെത്തി. ഇത് പെർഫ്യൂമാണെന്ന് കപിൽ വിശദീകരിച്ചെങ്കിലും കുപ്പിയിലേത് യഥാർഥ കറുപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇയാളെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുകയായിരുന്നു.
അറസ്റ്റ് ഒരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും പിന്നീട് ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പിൻവലിച്ചതായും രഘുവിന്റെ അഭിഭാഷകൻ മൈക്ക് ലോക്സ് പറഞ്ഞു. ഇയാളുടെ മോചനത്തിന് പിന്നാലെ, ഐ.സി.ഇ ഉദ്യോഗസ്ഥരുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വാഹന പരിശോധനക്കിടെ പെർഫ്യൂം കുപ്പി കണ്ടെത്തുന്നതും ഐ.സി.ഇ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കുപ്പിയിലേത് സാധാരണ പെർഫ്യൂം മാത്രമാണെന്ന് കപിൽ വിശദീകരിക്കുന്നതും കാണാം. എന്നാൽ, കുപ്പിയിൽ ലഹരിവസ്തുവായ കറുപ്പാണെന്ന് സംശയമുണ്ടെന്ന് ആവർത്തിച്ച അധികൃതർ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെ കുപ്പി വിദഗ്ദ പരിശോധനക്ക് അയക്കുകയും ചെയ്തു.
അർക്കൻസാസ് സ്റ്റേറ്റ് ക്രൈം ലാബിൽ നിന്നുള്ള പരിശോധന ഫലത്തിൽ കുപ്പിയിലേത് പെർഫ്യൂമാണെന്ന് റിപ്പോർട്ട് ലഭിച്ചതിന് ശേഷവും മോചനം കാത്ത് മൂന്നുദിവസം യുവാവിന് ജയിലിൽ കഴിയേണ്ടി വന്നു. രഘുവിനെതിരായ കുറ്റങ്ങൾ മെയ് 20ന് ജില്ല കോടതി ജഡ്ജ് ഔദ്യോഗികമായി ഒഴിവാക്കിയെങ്കിലും അമേരിക്കൻ പൗരനാകാനുള്ള ശ്രമങ്ങൾക്ക് വിലങ്ങുതടിയായതായി കുടുംബം പറഞ്ഞു. തടവിൽ കഴിയുന്നതിനിടെ ഇയാളുടെ തൊഴിൽ വിസ ഇതിനിടെ, കാലഹരണപ്പെടുകയും ചെയ്തു. കുറ്റമവിമുക്തനായതിന് പിന്നാലെ, രേഖകൾ ശരിയാക്കാനുള്ള നെട്ടോട്ടത്തിലാണെന്ന് കപിൽ രഘു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

