Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപശ്ചിമേഷ്യയിൽ കടുത്ത...

പശ്ചിമേഷ്യയിൽ കടുത്ത വേനൽ; 10 രാജ്യങ്ങളിൽ അത്യുഷ്ണം തുടരുന്നു, 50 ഡിഗ്രിയിൽ തൊട്ട് ചൂട്

text_fields
bookmark_border
പശ്ചിമേഷ്യയിൽ കടുത്ത വേനൽ; 10 രാജ്യങ്ങളിൽ അത്യുഷ്ണം തുടരുന്നു, 50 ഡിഗ്രിയിൽ തൊട്ട് ചൂട്
cancel

ദുബൈ: രാജ്യത്ത് താപനില അതികഠിനമായ നിലയിലെത്തിയതായി യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) സ്ഥിരീകരിച്ചു. അബൂദബിയിലെ അൽ ഷവാമെഖിൽ ശനിയാഴ്ച ഉച്ചക്ക് 2.30ന് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ സീസണിൽ ഇതാദ്യമായാണ് താപനില 50 ഡിഗ്രി സെൽഷ്യസിലെത്തുന്നത്. ജൂലൈ 31ന് അൽ ഐനിലെ സ്വീഹാനിൽ 49.6 ഡിഗ്രി സെൽഷ്യസിലെത്തിയതിന്‍റെ തൊട്ടുപിറ്റേന്നാണ് ചൂട് 50ലെത്തിയത്.

യു.എ.ഇയിലെ ഏറ്റവും കടുത്ത വേനൽക്കാലമായ ‘ജംറത് അൽ ഖൈത്ത്’ ആഗസ്റ്റ് 10 വരെ തുടരാനിരിക്കെയാണ് താപനില ഇത്രയും ഉയർന്ന നിലയിലെത്തുന്നത്. ഈ കാലയളവിൽ, തീരദേശ മേഖലകളിൽ പകൽ താപനില സാധാരണയായി 41 ഡിഗ്രി മുതൽ 43 ഡിഗ്രി വരെയാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ആഭ്യന്തര, മരുഭൂമി പ്രദേശങ്ങളിൽ ഇത് പലപ്പോഴും യഥാക്രമം 45, 46 ഡിഗ്രി സെൽഷ്യസിനേക്കാൾ ഉയരാറുണ്ട്. ശക്തമായ ഉഷ്ണതരംഗമുള്ള സമയങ്ങളിൽ ചില ഉൾനാടൻ പ്രദേശങ്ങളിലെ ചൂട് 50 ഡിഗ്രിക്ക് മുകളിലേക്ക് എത്താറുണ്ട്.

ആഗസ്റ്റ് ഒന്നിന് ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 44 മുതൽ 49 വരെയും, കുറഞ്ഞ താപനില 25 മുതൽ 34 വരെയും ആയിരിക്കുമെന്ന് എൻ.സി.എം നേരത്തെ പ്രവചിച്ചിരുന്നു.

അതേസമയം, അറേബ്യൻ ഉപദ്വീപിലും സമീപ രാജ്യങ്ങളിലും ശക്തമായ ഉഷ്ണതരംഗവും ‘ഹീറ്റ് ഡോം‘ എന്ന അന്തരീക്ഷ പ്രതിഭാസവും രൂക്ഷമാകുകയാണ്. ഉയർന്ന അന്തരീക്ഷ മർദം കാരണം ചൂടുള്ള വായു ഭൗമോപരിതലത്തിന് സമീപം തങ്ങിനിൽക്കുന്നതിനാൽ ഗൾഫ് മേഖലയിലെ താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുകയോ അതിനേക്കാൾ ഉയരുകയോ ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഈജിപ്ത്, ജോർദാൻ തുടങ്ങി പത്തോളം അറബ് രാജ്യങ്ങളെ ഈ കടുത്ത വേനൽ ബാധിക്കും. പകൽസമയത്തെ കടുത്ത ചൂടിന് പുറമെ രാത്രികളിലും അസാധാരണ ഉഷ്ണമാണ് നിലനിൽക്കുന്നത്.

യു.എ.ഇയുടെ അയൽരാജ്യമായ ഒമാനിലെ ബിദിയയിൽ 47.2 ഡിഗ്രി സെൽഷ്യസും ഈജിപ്തിലും ഇറാഖിലും 47 ഡിഗ്രി വരെയും ചൂട് ഉയർന്നു. സൗദി അറേബ്യയിൽ ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ സാധാരണയേക്കാൾ ഉയർന്ന ചൂട് തുടരുമെന്നും, 60 മുതൽ 80 ശതമാനം വരെ ഉയർന്ന താപനിലക്ക് സാധ്യതയുണ്ടെന്നും സൗദി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. സൗദി അറേബ്യയിൽ ആഗസ്റ്റിൽ കടുത്ത വരൾച്ച അനുഭവപ്പെടുമെങ്കിലും, സെപ്റ്റംബറോടെ മഴ ആരംഭിക്കുകയും ഒക്ടോബർ മാസത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

കടുത്ത ചൂടും ഉയർന്ന ഈർപ്പവും രാത്രിയിലെ ഉഷ്ണവും ജനങ്ങളിൽ, പ്രത്യേകിച്ച് പുറംജോലികളിൽ ഏർപ്പെടുന്നവർക്കും മുതിർന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയേറെയാണ്. അതിനാൽ, അതത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾ പൊതുജനങ്ങൾക്കായി പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കണം. ശരീരത്തിൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

കൂടാതെ, ചൂടുകാലത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയോ പ്രായമായവരെയോ ഒരു കാരണവശാലും ഒറ്റക്ക് ഇരുത്തി പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ നിരീക്ഷിക്കാനും, ചുഴലിക്കാറ്റോ പ്രാദേശികമായി ഉണ്ടാകുന്ന ശക്തമായ മഴയോ നേരിടാൻ മുൻകരുതലുകൾ എടുക്കാനും അടിയന്തര സേനകൾക്കും പൊതുജനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യൻ മേഖലയിലെ കാലാവസ്ഥ വരും ആഴ്ചകളിലും കടുത്തതായി തുടരാനാണ് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaiwest asiaworldtemperaturehot summer
News Summary - Hot summer in West Asia; 10 countries continue to experience extreme heat, temperatures near 50 degrees
Next Story