പാകിസ്താൻ, ഖത്തർ മധ്യസ്ഥതയിൽ ചർച്ച തുടരുന്നു; നിബന്ധനകൾ യു.എസ് അംഗീകരിക്കുന്നത് വരെ ഹുർമുസ് അടഞ്ഞുകിടക്കുമെന്ന് ഇറാൻ
text_fieldsഅബ്ബാസ് അറാഗ്ചി
തെഹ്റാൻ: അമേരിക്ക തങ്ങളുടെ നിബന്ധനകൾ പൂർണമായും അംഗീകരിക്കുകയും നേരത്തേ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യുന്നതുവരെ ഹുർമുസ് അടഞ്ഞുകിടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. എന്നാൽ, പാകിസ്താനും ഖത്തറും മുഖേനയുള്ള പരോക്ഷ നയതന്ത്ര ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇറാഖിലെ അൽ ഇഖ്ബാരിയ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് അറാഗ്ചി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.
മുൻപ് ഒപ്പുവെച്ച ‘ഇസ്‍ലാമാബാദ് ധാരണാപത്രം’ അമേരിക്ക പൂർണമായി നടപ്പിലാക്കണമെന്നും അതിനുശേഷം മാത്രമേ മറ്റ് ചർച്ചകളിലേക്ക് കടക്കൂ എന്നും അദ്ദേഹം പറഞ്ഞു. കപ്പലുകൾക്ക് കടന്നുപോകാനായി ഹുർമുസ് കടലിടുക്ക് തുറന്നു നൽകണമെങ്കിൽ അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കണമെന്നും, ഒരു ധാരണയിലെത്തുന്നതുവരെ ഈ വഴിയിലൂടെയുള്ള കപ്പൽ ഗതാഗത തടസ്സം തുടരുമെന്നും അറാഗ്ചി മുന്നറിയിപ്പ് നൽകി.
നിലവിൽ അമേരിക്കയുമായി നേരിട്ട് ചർച്ചയില്ലെങ്കിലും പാകിസ്താൻ, ഖത്തർ തുടങ്ങിയ മധ്യസ്ഥ രാജ്യങ്ങൾ വഴി പരോക്ഷ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ 'സെവൻ ഡേ പ്ലാൻ' എന്നൊരു നിർദേശം സമർപ്പിച്ചിരുന്നു. ഈ പദ്ധതി പ്രകാരം കടലിടുക്ക് പൂർണമായും തുറന്നുനൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. അമേരിക്ക ആദ്യം ഇതിനോട് യോജിച്ചെങ്കിലും പിന്നീട് കൂടുതൽ നിബന്ധനകൾ കൂട്ടിച്ചേർക്കാൻ ശ്രമിച്ചതാണ് ചർച്ചകൾ തടസ്സപ്പെടാൻ കാരണമായത്.
അമേരിക്കയുമായുള്ള തർക്കം ആണവ പദ്ധതിയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്ന് അറാഗ്ചി ആരോപിച്ചു. ആണവ വിഷയം അമേരിക്കയുടെ ഒരു ഒഴികഴിവ് മാത്രമാണെന്നും, മേഖലയിലെ ഇറാന്റെ സ്വാധീനത്തെയും നിലപാടുകളെയുമാണ് അമേരിക്ക യഥാർത്ഥത്തിൽ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങൾക്കോ സൈനിക ഭീഷണികൾക്കോ മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും നയതന്ത്ര ചർച്ചകൾ മാത്രമാണ് ഇതിനുള്ള ഏക പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനുമായുള്ള സംഘർഷം ഉടൻ തന്നെ അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. മുൻപ് അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാന്റെ ആണവ ശേഷി തകർത്തതായും, സൈനിക നടപടികൾ പൂർത്തിയാകുന്നതോടെ എണ്ണവില കുറയുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, അമേരിക്കയുടെ ഇത്തരം സൈനിക നീക്കങ്ങൾക്കെതിരെ തങ്ങളുടെ പ്രതിരോധ ശേഷി ശക്തമാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

