Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്...

ട്രംപ് പിന്മാറിയെങ്കിലും ഹുർമുസ് അടഞ്ഞുകിടക്കും; നയതന്ത്ര നീക്കങ്ങൾ സജീവം

text_fields
bookmark_border
ട്രംപ് പിന്മാറിയെങ്കിലും ഹുർമുസ് അടഞ്ഞുകിടക്കും; നയതന്ത്ര നീക്കങ്ങൾ സജീവം
cancel

തെഹ്‌റാൻ: ഇറാനെതിരെ പ്രഖ്യാപിച്ച വൻ സൈനിക ആക്രമണത്തിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി പിന്മാറിയെങ്കിലും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ വ്യക്തതയായില്ല. ജലപാതയിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ഇതുവരെ അന്തിമ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല.

ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐ.ആർ.ജി.സി) ബന്ധമുള്ള ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ട വിവരമനുസരിച്ച്, ഞായറാഴ്ച ഉച്ചയോടെ ഇറാൻ ജലാതിർത്തിയിലെ വടക്കൻ കോറിഡോറിൽ നിരവധി കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇറാന്റെ സായുധ സേന അനുമതി നൽകിയാൽ മാത്രമേ ഈ കപ്പലുകൾക്ക് യാത്ര തുടരാനാകൂ. ഒമാന്റെ പ്രാദേശിക ജലാതിർത്തിയിലൂടെയുള്ള തെക്കൻ സമുദ്ര കോറിഡോറിനും ഇത് ബാധകമാണെന്ന് ഇറാനിയൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു കരാറിന്റെ പ്രാഥമിക ചട്ടക്കൂട് അംഗീകരിച്ചതിനെത്തുടർന്ന് ഇറാന്റെയും പ്രാദേശിക രാജ്യങ്ങളുടെയും അഭ്യർഥന മാനിച്ചാണ് ആക്രമണത്തിൽനിന്ന് പിന്മാറിയതെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് ഉടനടി പൂർണമായും തുറന്നുകൊടുക്കലും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കലും ഉൾപ്പെടുന്നതായിരിക്കും വരാനിരിക്കുന്ന കരാറെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാൽ, ട്രംപിന്റെ പ്രസ്താവന കേവലം മനഃശാസ്ത്ര യുദ്ധവും മാനസിക തന്ത്രങ്ങളുടെ ഭാഗവുമാണെന്ന് ഇറാന്റെ താൽക്കാലിക പ്രതിരോധ മന്ത്രി മജീദ് ഇബ്നു റസാ പ്രതികരിച്ചു. ഓരോ ഭീഷണിയെയും ഗൗരവത്തോടെയാണ് ഇറാൻ സൈന്യം കാണുന്നതെന്നും പെട്ടെന്നുള്ള നീക്കങ്ങളിൽ ഞെട്ടിപ്പോകുകയോ നിഷ്ക്രിയരാകുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈദ്യുതി നിലയങ്ങളും പെട്രോകെമിക്കൽ നിർമാണ ശാലകളും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ വാഷിങ്ടൺ ആക്രമണം നടത്തിയാൽ, മേഖലയിലെ അമേരിക്കൻ താൽപര്യങ്ങൾക്ക് നേരെ തിരിച്ചടി നൽകുമെന്ന് ഇറാന്റെ യുദ്ധകാല സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യൻ കിരീടാവകാശി ട്രംപുമായി ഫോണിൽ സംസാരിച്ചു

ആക്രമണം മാറ്റിവെച്ചതായി ട്രംപ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി ഫോണിൽ സംസാരിച്ചു. സംഘർഷം കുറക്കുന്നതിന് സംഭാഷണത്തിന് മുൻഗണന നൽകണമെന്നും നയതന്ത്ര പരിഹാരത്തിന് വഴിയൊരുക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ശനിയാഴ്ച രാത്രി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും തമ്മിലും ചർച്ച നടന്നിരുന്നു.

പാകിസ്താൻ, ഖത്തർ, ഒമാൻ, തുർക്കിയ തുടങ്ങിയ മധ്യസ്ഥ രാജ്യങ്ങൾ ഇരുവിഭാഗങ്ങളുമായി നിരന്തരം സന്ദേശങ്ങൾ കൈമാറി ധാരണയിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ജൂണിൽ ഉണ്ടാക്കിയ ധാരണാപത്രം ഒരു മാസത്തിനുള്ളിൽ തകർന്നതിനെ തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്.

നേരത്തെയുണ്ടായ ധാരണ പ്രകാരം, ഇറാന്റെ തെക്കൻ തുറമുഖങ്ങൾക്കെതിരായ യു.എസ് ഉപരോധം പിൻവലിക്കുന്നതിനും എണ്ണ ഉപരോധത്തിൽ രണ്ടുമാസത്തെ ഇളവ് നൽകുന്നതിനും പകരമായി ഹുർമുസ് കടലിടുക്ക് ഭാഗികമായി തുറന്നുകൊടുത്തിരുന്നു. എന്നാൽ, പിന്നീട് ഇവയെല്ലാം റദ്ദാക്കപ്പെടുകയും ആക്രമണങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. ഈ കരാർ പ്രകാരം തെക്കൻ കോറിഡോറിലൂടെ കപ്പലുകൾക്ക് കടന്നുപോകാൻ അവകാശമുണ്ടെന്ന് യു.എസ് വാദിച്ചപ്പോൾ, ഗതാഗത ക്രമീകരണ ചുമതല തങ്ങളുടെ സൈന്യത്തിനാണെന്ന് ഇറാൻ വ്യക്തമാക്കി. ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കാൻ ശ്രമിച്ച കപ്പലുകളെ ഐ.ആർ.ജി.സി തടയുകയോ തിരിച്ചുവിടുകയോ ചെയ്തു.

ചെങ്കടലിലും ബാബ് അൽ മന്ദബിലും സംഘർഷം വ്യാപിച്ചിട്ടുണ്ട്. യമനിലെ ഹൂത്തികൾ സൗദി ഊർജ്ജ കേന്ദ്ര ആക്രമിക്കുകയും സൗദി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിടുകയും ചെയ്തു. എങ്കിലും, പ്രബല ശക്തികൾ വലിയ ആക്രമണങ്ങളിൽ നിന്ന് മാറിനിന്നതോടെ ഞായറാഴ്ച മേഖലയിൽ താരതമ്യേന ശാന്തത നിലനിന്നു.

വർഷങ്ങളായി അനുഭവപ്പെടുന്ന പണപ്പെരുപ്പം, ഊർജ്ജ പ്രതിസന്ധി, പ്രാദേശിക ഭരണപരമായ വീഴ്ചകൾ, യു.എസ് ഉപരോധം എന്നിവയാൽ വലയുന്ന ഇറാനിയൻ ജനതക്ക് പുതിയ ഭീഷണികൾ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മുമ്പും സമാനമായ രീതിയിൽ വൻ ഭീഷണികൾ മുഴക്കിയ ശേഷം ഏപ്രിലിൽ ട്രംപ് പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിച്ച കാര്യം തെഹ്‌റാനിലെ ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

വൻ ബജറ്റ് പ്രതിസന്ധി നേരിടുന്ന ഇറാൻ സർക്കാർ ശമ്പള വിതരണത്തിൽ പോലും പ്രയാസപ്പെടുകയാണ്. സർവ്വകലാശാലാ പ്രൊഫസർമാർക്കും ജീവനക്കാർക്കും ഈ മാസം ശമ്പളം ലഭിക്കാത്തതിന്റെ കാരണം തിരക്കി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മേധാവികളുമായി ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mediator DiscussionStrait of HormuzDonald TrumpUS Iran War
News Summary - ട്രംപ് പിന്മാറിയെങ്കിലും ഹുർമുസ് അടഞ്ഞുകിടക്കും
Next Story