ഹുർമുസ്: കടുപ്പിച്ച് ഇറാനും യു.എസും
text_fieldsലണ്ടൻ: ആഴ്ചകളായി മുടങ്ങിക്കിടക്കുന്ന ഹുർമുസ് ചരക്കുകടത്ത് പുനഃസ്ഥാപിക്കാൻ യു.എസിന്റെ തിരക്കിട്ട നീക്കങ്ങളെ അതേ നാണയത്തിൽ നേരിട്ട് ഇറാനും നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധി അതിരൂക്ഷം. ഹുർമുസിനു മേൽ സമ്പൂർണ നിയന്ത്രണം ഔദ്യോഗികമാക്കാൻ ഇറാൻ ശ്രമം നടത്തുമ്പോൾ കരസേനയെ ഇറക്കി ഖാർഗ് ദ്വീപ് പിടിച്ച് ഹുർമുസ് വരുതിയിൽ നിർത്താനാണ് യു.എസ് പ്രസിഡന്റ് ട്രംപ് കരുക്കൾ നീക്കുന്നത്. ഹുർമുസിൽ ഇറാൻ ‘ടോൾ ബൂത്ത് ഭരണം’ സ്ഥാപിക്കുന്നതായാണ് നിരീക്ഷകർ പറയുന്നത്. ആഗോള എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് വഴി പോകാൻ കപ്പലുകൾ ചൈനീസ് യുവാനിൽ പണം നൽകണമെന്നാണത്രെ ഇറാൻ നിലപാട്. എന്നാൽ, ഇത് നേരിടാൻ 2,500 മറീനുകളുമായി അമേരിക്കൻ യുദ്ധക്കപ്പൽ യു.എസ്.എസ് ട്രിപ്പളി പശ്ചിമേഷ്യൻ കടലിനരികെ എത്തിയിട്ടുണ്ട്. 82ാം എയർബോൺ ഡിവിഷനിലെ 1,000ലേറെ പാരാട്രൂപ്പർമാരെയും പുതിയതായി പശ്ചിമേഷ്യയിലെത്തിക്കുന്നുണ്ട്. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കലാണ് യു.എസ് ലക്ഷ്യമെന്നാണ് സൂചന.
നിലവിൽ, ഇറാന്റെ നാവികസേനക്കു കീഴിലെ 92 ശതമാനം കപ്പലുകളും തകർത്തുകഴിഞ്ഞതായി യു.എസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ അവകാശപ്പെടുന്നു. കാസ്പിയൻ കടലിൽ ബന്ദർ അൻസാലി നാവിക സേന തുറമുഖത്ത് വൻ ആക്രമണത്തിൽ നിരവധി യുദ്ധക്കപ്പലുകൾ ഇസ്രായേൽ തകർത്തിരുന്നു. ഇറാന്റെ സൈനിക ശേഷി സമ്പൂർണമായി തീർക്കലാണ് ലക്ഷ്യമെന്നും അതുവരെ നീക്കം നിർത്തില്ലെന്നും കൂപ്പർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ, പേർഷ്യൻ കടലിൽനിന്ന് ഒമാൻ കടലിലേക്കും അറബിക്കടലിലേക്കും കടക്കുന്ന സുപ്രധാന ജലപാതയായ ഹുർമുസിൽ അമേരിക്കൻ- ഇസ്രായേൽ അനുകൂല കപ്പലുകൾക്ക് പ്രവേശനമില്ലെന്നാണ് ഇറാൻ നിലപാട്. ഭാവിയിൽ ഹുർമുസ് കടക്കുന്ന എല്ലാ കപ്പലുകൾക്കും നിശ്ചിത ഫീസ് ചുമത്തുന്ന നിയമം ഇറാൻ പാർലമെന്റിൽ അവസാന ഘട്ടത്തിലാണ്. അവക്ക് നൽകുന്ന സുരക്ഷക്ക് തുക നൽകേണ്ടിവരുക സ്വാഭാവികമാണെന്നാണ് ഇറാൻ നിലപാട്. കപ്പലുകൾ, യാത്രക്കാരെ കുറിച്ച വിവരങ്ങൾ, ലക്ഷ്യസ്ഥാനം എന്നിവ മാത്രമല്ല കപ്പലിനെ കുറിച്ച വിവരങ്ങളും നൽകേണ്ടിവരും. മാർച്ച് ആദ്യത്തിൽ വിലക്കുവീണ ശേഷം എണ്ണയുമായി കടന്നുപോയ രണ്ട് കപ്പലുകൾ യുവാനിൽ ഇറാന് തുക നൽകിയതായാണ് റിപ്പോർട്ട്. ഹുർമുസിൽ ഇറാൻ പുലർത്തുന്ന സമ്പൂർണ ആധിപത്യം പുതിയ പ്രതിസന്ധിക്ക് പിന്നാലെ എണ്ണവില കുത്തനെ ഉയർത്തിയിട്ടുണ്ട്. വ്യാഴാഴ്ച ബാരലിന് 104 ഡോളറായിരുന്നു വില. യുദ്ധമവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം ട്രംപ് 15 ഇന നിർദേശങ്ങൾ വെച്ചിരുന്നു. ഇത് തള്ളിയ ഇറാൻ അഞ്ചിന ബദൽ നിർദേശങ്ങൾ മുന്നോട്ടുവെച്ചു. എന്നിട്ടും ഇറാനുമേൽ സമ്മർദം വർധിപ്പിച്ച് അടിയന്തര വെടിനിർത്തലിന് ട്രംപ് ശ്രമങ്ങൾ തുടരുകയാണ്. ഇനിയും വൈകാതെ വെടിനിർത്തലിന് ഇറാൻ സമ്മതിക്കുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം തിരിഞ്ഞുനോക്കില്ലെന്നും ട്രംപ് വ്യാഴാഴ്ച സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥ നീക്കങ്ങൾക്ക് തയാറാണെന്നും ശ്രമങ്ങൾ തുടരുകയാണെന്നും കഴിഞ്ഞ ദിവസം പാകിസ്താൻ പറഞ്ഞിരുന്നു. ആശയവിനിമയം നടന്നതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയും സമ്മതിക്കുന്നുണ്ടെങ്കിലും ഇത് വെടിനിർത്തൽ സംഭാഷണമല്ലെന്നാണ് വിശദീകരണം. ഫെബ്രുവരി 28ന് ആക്രമണം ആരംഭിച്ച ശേഷം ഇറാനിൽ 10,000ത്തിലേറെ ഇടങ്ങളിൽ ബോംബുവർഷിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപർ അറിയിച്ചു. ദിവസങ്ങൾക്കകം വെടിനിർത്തൽ നടപ്പാകുമെന്ന സാധ്യത കണ്ട് ഇസ്രായേലും ഇറാനിൽ ആക്രമണം കടുപ്പിക്കുകയാണ്.
തുറമുഖങ്ങളിൽ കെട്ടിക്കിടന്ന് കപ്പലുകൾ
സിംഗപ്പൂർ: ഹുർമുസ് അടഞ്ഞുകിടന്നതോടെ ഇതുവഴി സഞ്ചരിക്കേണ്ട നൂറുകണക്കിന് കപ്പലുകൾ ഏഷ്യയിലുടനീളം തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. സിംഗപ്പൂർ, മലേഷ്യയിലെ താൻജുങ് പെലിപ്പാസ്, ക്ലാങ് തുറമുഖങ്ങളിൽ വരെ കപ്പലുകൾ അഭയം തേടുകയാണെന്നാണ് റിപ്പോർട്ട്. ആക്രമണം ഭയന്ന് അതിവിദൂര തുറമുഖങ്ങൾക്ക് സമീപം സുരക്ഷിതമായി നങ്കൂരമിടുകയാണ് കപ്പലുകൾ. ദക്ഷിണ കൊറിയയിലെ ബുസാൻ തുറമുഖത്തും സമാനമായി വൻതിരക്കാണ്. എണ്ണ, പ്രകൃതിവാതക കയറ്റുമതിക്കൊപ്പം രാസവളമടക്കം കെമിക്കലുകളുടെ 13 ശതമാനം, കണ്ടെയ്നറുകളുടെ മൂന്ന് ശതമാനം എന്നിവയും ഹുർമുസ് കടന്നുവേണം ലക്ഷ്യത്തിലെത്താൻ.
അമേരിക്കൻ- ഇസ്രായേൽ ആക്രമണത്തിന് തൊട്ടുതലേന്നാൾ 141 കപ്പലുകളാണ് ഹുർമുസ് കടന്നത്. ഇതിൽ 80 ശതമാനവും ഏഷ്യൻ രാജ്യങ്ങളിലേക്കായിരുന്നു. അവശേഷിച്ചവ യൂറോപ്പിലേക്കും മറ്റിടങ്ങളിലേക്കും. ഫെബ്രുവരി 28നും മാർച്ച് 18നുമിടയിൽ 105 കപ്പലുകളാണ് ഹുർമുസ് കടന്നത്. 2025ൽ ഇതേ കാലയളവിൽ 1,900 ആയിരുന്നിടത്താണ് അഞ്ചു ശതമാനമായി ചുരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

