ഹുർമുസിൽ വൻ സ്ഫോടനം; മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു, മുന്നറിയിപ്പ് അവഗണിച്ചെന്ന് ഇറാൻ
text_fieldsതെഹ്റാൻ: ഹുർമുസ് കടലിടുക്കിന് കിഴക്ക് ഭാഗത്ത് മൈനിൽ തട്ടി മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. നിയന്ത്രിത മേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ ഇറാൻ നാവികസേനയുടെ മുന്നറിയിപ്പുകൾ അവഗണിക്കുകയും നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്യുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് ഐആർജിസി ആരോപിച്ചു.
തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ അധികൃതരുമായി ഏകോപിപ്പിച്ച് വേണമെന്നും സ്റ്റേറ്റ് മീഡിയയായ ഐആർഐബി വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഐആർജിസി വ്യക്തമാക്കി. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതിനിടെ, ബഹ്‌റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി, ഹുർമുസ് കടലിടുക്കിലെ ഇറാന്റെ ഖഷം ദ്വീപിലുള്ള ഐആർജിസി മിസൈൽ വിക്ഷേപണ കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം നടത്തിയതായി യു.എസ് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. യുഎസ് സൈനികർക്കും സൈനിക സംവിധാനങ്ങൾക്കും നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി സ്വയംരക്ഷാർഥമാണ് നടപടിയെടുത്തതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഖഷം ദ്വീപിൽ യുഎസ് നടത്തിയ ആക്രമണങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബഹ്‌റൈനിലെ വ്യോമതാവളത്തിലെ യുഎസ് റഡാർ സംവിധാനം ലക്ഷ്യമിട്ട് ഐആർജിസി അയച്ച ഒന്നിലധികം ഡ്രോണുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു. ഉപകരണങ്ങൾക്കോ സൈനികർക്കോ നാശനഷ്ടങ്ങളൊന്നുമില്ലാതെ ഡ്രോണുകൾ തടഞ്ഞതായാണ് സെന്റ്കോം വ്യക്തമാക്കിയത്.
ഹുർമുസ് കടലിടുക്കിലൂടെയുള്ള ‘വ്യാജ അമേരിക്കൻ റൂട്ടുകൾ’ സ്വീകരിക്കരുതെന്ന് ഇറാൻ സൈന്യം കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിടുക്കിന് മുകളിലൂടെ പറന്ന രണ്ട് യുഎസ് ഡ്രോണുകൾ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. സമീപകാലത്ത് മേഖലയിൽ കുറഞ്ഞത് അഞ്ച് കപ്പലുകളെങ്കിലും ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
അതേസമയം, വാഷിങ്ടൺ ഡിസിയിലെ മുതിർന്ന ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെ രാസായുധങ്ങളോ‘ഡർട്ടി ബോംബോ’ ഉപയോഗിച്ച് ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫും തള്ളി. ഇറാനെതിരായ സംഘർഷത്തിന് പിന്തുണ തേടുന്നതിന്റെ ഭാഗമായി ഇസ്രായേൽ അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ പ്രചാരണമാണിതെന്ന് കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ച കുറിപ്പിൽ അരാഗ്ചി ആരോപിച്ചു.

