ഹോങ്കോങ്ങിലെ ജനാധിപത്യ പ്രവർത്തകനായ ജിമ്മി ലായ് കുറ്റക്കാരനെന്ന് കോടതി
text_fieldsജിമ്മി ലായ്
ഹോങ്കോങ്: ചൈനയുടെ ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങളിൽ ജനാധിപത്യ അനുകൂല പ്രവർത്തകനും ആപ്പിൾ ഡെയ്‌ലി പത്രത്തിന്റെ ഉടമയും ശതകോടീശ്വരനുമായ ജിമ്മി ലായ് കുറ്റക്കാരനാണെന്ന് ഹോങ്കോങ് ഹൈക്കോടതി. വിധിയെതുടർന്ന് ലായ്ക്ക് ജീവപര്യന്തം തടവു ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്താൻ വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയതിനും രാജ്യദ്രോഹപരമായ കണ്ടന്റുകൾ പ്രസിദ്ധീകരിക്കാൻ ഗൂഢാലോചന നടത്തിയതിനുമാണ് 78 കാരൻ ലായ്ക്ക് പങ്കുണ്ടെന്ന് മൂന്ന് ജഡ്ജിമാരടങ്ങിയ പാനൽ വിധിച്ചത്.
ചൈനക്കും ഹോങ്കോങ്ങിനുമെതിരെ വിദേശ ഉപരോധങ്ങളും ശത്രുതാപരമായ പ്രവർത്തനങ്ങളും ആവശ്യപ്പെട്ട് ആപ്പിൾ ഡെയ്‌ലി എക്സിക്യൂട്ടീവുകളുമായും മറ്റുള്ളവരുമായും ലായ് ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. തെളിവുകളുടെ പട്ടികയിൽ ആപ്പിൾ ഡെയ്‌ലിയിൽ പ്രസിദ്ധീകരിച്ച 161 ലേഖനങ്ങൾ, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ, 2019ൽ മുൻ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള ഉന്നതതല കൂടിക്കാഴ്ചകൾ എന്നിവ ഉൾപ്പെടുന്നു.
855 പേജുള്ള വിധിന്യായത്തിൽ ലായിയെ ഗൂഢാലോചനകളുടെ സൂത്രധാരനെന്ന് ജഡ്ജി എസ്തർ തോ വിശേഷിപ്പിച്ചു. സുരക്ഷാ നിയമം നിലവിൽ വരുന്നതിന് വളരെ മുമ്പുതന്നെ ചൈനക്കെതിരെ യു.എസ് സ്വാധീനം ഉപയോഗിക്കാൻ ലായ് ശ്രമിച്ചിരുന്നുവെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു, ഹോങ്കോങ്ങിലെ ജനങ്ങളെ പിന്തുണക്കുന്നതിന്റെ മറവിൽ ചൈനീസ് സർക്കാരിനെ ദുർബലപ്പെടുത്താൻ ലായ് യു.എസിന് നിരന്തരമായി ക്ഷണങ്ങൾ നൽകിയിരുന്നുവെന്നും അവകാശപ്പെട്ടു.
എന്നാൽ താൻ ഒരു കുറ്റവും ചെയ്തില്ലെന്ന് ലായ് കോടതിയെ അറിയിച്ചിരുന്നു. ഹോങ്കോങ്ങിനെ പിടിച്ചുലച്ച സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പരമ്പരക്കിടയിൽ അറസ്റ്റിലായ ഇദ്ദേഹം 2020 ഡിസംബർ മുതൽ തടങ്കലിലാണ്.
ദേശീയ സുരക്ഷാ നിയമനിർമ്മാണ പ്രകാരം, ഗൂഢാലോചന കുറ്റത്തിന് മൂന്ന് വർഷം മുതൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാൽ പരമാവധി രണ്ട് വർഷം തടവ് ശിക്ഷയും ലഭിക്കും. ജനുവരി 12 ന് നടക്കുന്ന വാദത്തിൽ ലായിയുടെ നിയമസംഘം കുറഞ്ഞ ശിക്ഷക്കായി വാദിക്കും.
രാജ്യത്തെ മുൻനിര ടാബ്ളോയ്ഡായ 'ആപ്ൾ ഡെയ്ലി' സ്ഥാപകനായ 73കാരൻ കടുത്ത ചൈനീസ് വിമർശകനാണ്. അടുത്തിടെ ചൈന രാജ്യത്ത് പിടിമുറുക്കിയതിന് പിന്നാലെയാണ് വിമർശകർക്ക് ജയിലൊരുങ്ങിയത്. അഞ്ച് വർഷം മുമ്പ് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് വേറെയും പ്രമുഖരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആപ്പിൾ ഡെയ്‍ലി അടച്ചുപൂട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

