ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തത്തിൽ മരണം 44 ആയി, 300 പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു
text_fieldsഹോങ്കോങ്: ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയർന്നു. അപകടത്തിൽ ഇതുവരെ 44 പേർ മരിച്ചതായും 300 പേരെ കാണാനില്ലെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ബഹുനില കെട്ടിടത്തിൽ അഗ്നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടത്തിന്‍റെ മുകൾനിലയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. 16 മണിക്കൂറായി കത്തിക്കൊണ്ടിരിക്കുന്ന മൂന്നു സമുച്ചയങ്ങളിൽ തീ അണക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന. മറ്റ് നാല് സമുച്ചയങ്ങിൽ തീ നിയന്ത്രണവിധേയമാണെന്നാണ് വിവരം.
അതിനിടെ, തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിലായി. രണ്ട് ഡയറക്ടർമാരും നിർമാണ കമ്പനിയിലെ ഒരു കൺസൾട്ടന്‍റുമാണ് അറസ്റ്റിലായത്.
ചില അപ്പാർട്ടുകളിലെ ജനാലകൾ മറക്കാനായി ഉപയോഗിച്ച തീപിടിക്കുന്ന പോളിസ്റ്റൈറൈൻ ബോർഡുകളിൽ കമ്പനിയുടെ പേര് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സംരക്ഷണ വലകൾ, ക്യാൻവാസ് ഷീറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ അടക്കമുള്ള നിർമാണ സാമഗ്രികളിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ബുധനാഴ്ച ഹോങ്കോങ് ന്യൂ ടെറിട്ടറികളിലെ തായ് പോ ജില്ലയിലാണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അഞ്ചു കെട്ടിടങ്ങളിലായുള്ള ഭവന സമുച്ചയത്തിലെ അപ്പാർട്മെന്റുകളിലാണ് തീപിടിത്തമുണ്ടായത്. 700ഓളം പേരെ താൽകാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.
30 വർഷത്തിനിടെ ഉണ്ടാകുന്ന വലിയ തീപിടിത്തമാണ് ഹോങ്കോങ്ങിലേത്. 1996ൽ ഗാർലി ബിൽഡിങ് തീപിടിച്ചിരുന്നു. ഈ അപകടത്തിൽ 41 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

