ഇസ്രായേലിനെ ഞെട്ടിച്ച് ജറൂസലമിൽ ചുവരെഴുത്ത്: ‘ഗസ്സയിൽ ഹോളോകോസ്റ്റ് നടക്കുന്നു, വിശപ്പ് മൂലം കുട്ടികൾ മരിക്കുന്നു’
text_fieldsജറൂസലം: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ജറൂസലമിലെ വിശുദ്ധ ദേവാലയത്തിന്റെ വെസ്റ്റേൺ വാളിൽ ഗ്രാഫിറ്റി പ്രതിഷേധം. ജർമനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ നടന്ന ജൂത കൂട്ടക്കൊല (ഹോളോകോസ്റ്റ്) ഗസ്സയിലെ ജനങ്ങൾക്ക് നേരെയും നടക്കുന്നുവെന്നാണ് ചുവന്ന പെയിന്റിൽ എഴുതിയത്. ‘ഗസ്സയിൽ ഹോളോകോസ്റ്റ് നടക്കുന്നു, വിശപ്പ് മൂലം കുട്ടികൾ മരിക്കുന്നു’ എന്നാണ് ഹീബ്രു ഭാഷയിൽ വലുതായി എഴുതിവെച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സ്പ്രേ പെയിന്റ് ചെയ്തത് ശ്രദ്ധയിൽപെട്ടത്. മുഖ്യധാരാ ജൂതന്മാരുടെ പുണ്യസ്ഥലമായി കരുതുന്ന ഇവിടെ ഇസ്രായേൽ പൗരനായ 27കാരനാണ് ചുവരെഴുത്ത് നടത്തിയതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരേദി വിഭാഗക്കാരനായ ഇയാളെ അറസ്റ്റ് ചെയ്തതായും ഗുരുതര മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
നഗരത്തിലെ കിങ് ജോർജ് സ്ട്രീറ്റിലെ ഗ്രേറ്റ് സിനഗോഗിന്റെ ചുവരിലും സമാനമായ സന്ദേശം എഴുതിയിരുന്നു. അൾട്രാ-ഓർത്തഡോക്സ് സമൂഹത്തിൽപെട്ടയാളാണ് ചുവരെഴുതിയതെന്നും ചോദ്യം ചെയ്യലിൽ ഇക്കാര്യം സമ്മതിച്ച ഇയാൾ ക്ഷമാപണം നടത്തിയെന്നും വൈനെറ്റ് റിപ്പോർട്ടിൽ പറയുന്നു.
ജൂത ജനതയുടെ ഏറ്റവും പവിത്രമായ വെസ്റ്റേൺ വാളിനോടുള്ള അനാദരവ് കണ്ട് താൻ ഞെട്ടിപ്പോയെന്ന് ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റമർ ബെൻ ഗ്വിർ പ്രതികരിച്ചു. ഇസ്രായേലിലെ മുഴുവൻ ജനതയ്‌ക്കെതിരായ കുറ്റകൃത്യമാണിതെന്ന് ബെന്നി ഗാന്റ്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

