പാവങ്ങളുടെ പാപ്പ
text_fields2013 മാർച്ച് 13നാണ് അർജന്റീനക്കാരനായ ജോർജ് ബെർഗോളിയോ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് 14ന് കോൺക്ലേവിൽ സംബന്ധിച്ച കർദിനാൾമാർക്കായി അദ്ദേഹം കുർബാന അർപ്പിക്കുകയുണ്ടായി. വെറും ഏഴുമിനിറ്റാണ് അദ്ദേഹം അന്ന് സംസാരിച്ചത്. ആ കുറഞ്ഞ സമയത്തിനകം തന്റെ ദർശനം അദ്ദേഹം കർദിനാൾമാർക്ക് മുന്നിൽ, അതിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.
കർത്താവിനൊപ്പം സഞ്ചരിക്കുക, കർത്താവിനൊപ്പം നിന്ന് സഭയെ പടുത്തുയർത്തുക, കർത്താവിനോടൊപ്പം നിന്നുകൊണ്ട് സാക്ഷ്യം നൽകുക എന്നീ മൂന്ന് കാര്യങ്ങളാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. ഈ മൂന്ന് ആശയവും അദ്ദേഹം ജീവിതത്തിൽ കൊണ്ടുനടന്നു.
ജീവിതം ഒരു യാത്രയാണ്, നാം ദൈവത്തിലേക്ക് യാത്ര ചെയ്യുന്ന വ്യക്തികളാണ് എന്നൊക്കെ പഠിപ്പിച്ച മഹാനായ വ്യക്തിയാണ് ഫ്രാൻസിസ് മാർപ്പാപ്പ. അദ്ദേഹത്തിന് എല്ലാവരെയും ഉൾക്കൊള്ളാൻ സാധിച്ചു. എല്ലാവരെയും അംഗീകരിക്കാൻ സാധിച്ചു. എല്ലാവരെയും ആലിംഗനം ചെയ്യാൻ സാധിച്ചു.
ജാതി മത ഭേദമന്യേ, തത്വശാസ്ത്രങ്ങൾക്കും ദൈവശാസ്ത്രങ്ങൾക്കുമപ്പുറം മനുഷ്യനെ മനുഷ്യനായി കണ്ട്, മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയാണെന്നുള്ള ആശയം ഹൃദയത്തിലേറ്റി അദ്ദേഹം ജീവിച്ചു. കുടിയേറ്റക്കാരുടെ പ്രശ്നമൊക്കെ കൈകാര്യം ചെയ്യാൻ അദ്ദേഹം എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.
ഞാൻ മാർപ്പാപ്പയെ ആദ്യമായി കാണുന്നത് 2013 മാർച്ച് 19നാണ്. അന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ ഔദ്യോഗിമായി ചുമതലയേറ്റെടുക്കുന്നത്. തിരുകർമ്മങ്ങളിലൊക്കെ ഞങ്ങൾ മെത്രാന്മാരും കർദിനാൾമാരും വൈദികരും സന്യസ്ഥരുമെല്ലാം പങ്കെടുക്കുന്നു. രാഷ്ട്ര നേതാക്കൾ, രാഷ്ട്ര തന്ത്രജ്ഞർ തുടങ്ങി പ്രധാന വ്യക്തിത്വങ്ങൾക്കാണ് വിശുദ്ധ കുർബാന കഴിഞ്ഞ് അന്ന് ഔദ്യോഗികമായി സന്ദർശനത്തിന് അനുമതിയെങ്കിലും ഞാനും നാഗ്പൂർ ബിഷപ്പായിരുന്ന എബ്രഹാം വിരുതുകുളങ്ങര പിതാവും ശക്തമായ ആഗ്രഹം കൊണ്ട് അവരുടെയൊപ്പം കൂടി.
ഞങ്ങൾ ഇന്ത്യക്കാരാണെന്ന് പറഞ്ഞപ്പോൾ ഇന്ത്യക്കാരെ വലിയ ഇഷ്ടമാണെന്നും പലരെയും അറിയുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളോട് ചോദിച്ച ഒരു കാര്യം ഇതായിരുന്നു ‘‘ഇന്ത്യയിലെ സ്ഥിതി എങ്ങനെയാണ്. നിങ്ങൾ സന്തോഷവാന്മാരാണോ?’’. അവിടവിടെയായി ചില പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ നല്ല രീതിയിലാണ് പോകുന്നത് എന്ന് ഞങ്ങൾ പറഞ്ഞു. നമ്മളോട് ഇടപെടുമ്പോൾ അദ്ദേഹം ഈ ലോകത്ത് സ്നേഹിക്കുന്നത് നമ്മളെ മാത്രമാണ് എന്ന് നമുക്ക് തോന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

