‘പിതാവിനെ ഖബറടക്കി മടങ്ങി, പിന്നാലെ ഇസ്രായേൽ കുടിയേറ്റക്കാർ ആ ഖബർ തോണ്ടാൻ തുടങ്ങി’ -ഫലസ്തീനിയുടെ വെളിപ്പെടുത്തൽ
text_fieldsവെസ്റ്റ്ബാങ്ക്: 80 വയസ്സുള്ള തന്റെ പിതാവ് ഹുസൈനെ അടക്കം ചെയ്തശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഫലസ്തീനിലെ വെസ്റ്റ്ബാങ്കിൽ താമസിക്കുന്ന മുഹമ്മദ്. വെസ്റ്റ് ബാങ്കിലെ ജെനിന് സമീപമുള്ള അസാസ എന്ന ചെറിയ ഗ്രാമത്തിലാണ് മുഹമ്മദിന്റെയും കുടുംബത്തിന്റെയും താമസം. കാലങ്ങളായി മുഹമ്മദിന്റെ പൂർവികരടക്കം ഇവിടത്തുകാരാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാർധക്യ സംബന്ധമായ അസുഖങ്ങൾമൂലം മുഹമ്മദിന്റെ പിതാവ് ഹുസൈൻ മരിക്കുന്നത്. ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഇസ്ലാമിക ആചാരപ്രകാരം കുടുംബ വീട്ടിൽനിന്ന് അൽപം മാറി ഗ്രാമത്തിന്റെ മറുവശത്തുള്ള ഒരു ചെറിയ കുന്നിൻ മുകളിലെ ഖബർസ്ഥാനിൽ ഖബറടക്കി.
കന്നുകാലി വ്യാപാരമായിരുന്നു ഹുസൈന്റെ തൊഴിൽ. 10 മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. പിതാവിന്റെ മൃതദേഹം അടക്കംചെയ്ത് തിരികെ വീട്ടിലെത്തിയ ഉടനേ കുറേ കുട്ടികൾ നിലവിളിച്ചുകൊണ്ട് ഓടി വരുന്നതാണ് മുഹമ്മദ് കണ്ടത്. ‘അവർ, ആ കുടിയേറ്റക്കാർ ശവക്കുഴി തോണ്ടുകയാണ്’ എന്ന് കരഞ്ഞുകൊണ്ട് കുട്ടികൾ പറഞ്ഞു.
വൈകാതെതന്നെ മുഹമ്മദും സഹോദരന്മാരും സ്ഥലത്തെത്തി. ആയുധധാരികളായ ഒരുകൂട്ടം ജൂത കുടിയേറ്റക്കാർ ഹുസൈനെ അടക്കംചെയ്ത കുഴി തോണ്ടുന്നതാണ് അവർ കണ്ടത്. ആദ്യം അവരെ തടഞ്ഞ് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അത് സമ്മതിക്കാതെ അവർ ഖബറിടത്തിന്റെ സ്ലാബ് തകർക്കാൻ തുടങ്ങി.
‘അവർ ഉപ്പയുടെ മൃതദേഹം ആ കുഴിയിൽനിന്ന് പുറത്തേക്കെടുക്കാനൊരുങ്ങുകയായിരുന്നു. അതവർ അവിടെനിന്ന് നീക്കംചെയ്യുമെന്ന് എനിക്കുറപ്പായി. പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ, പിതാവിന്റെ ഖബറടക്കത്തിന് അടുത്തുള്ള ഇസ്രായേലി സൈനിക താവളത്തിന്റെ അനുമതി പോലും വാങ്ങിയിട്ടുണ്ട്. എന്നിട്ടും അവർ അതിക്രമിച്ചുകയറി പിതാവിന്റെ മൃതദേഹം പുറത്തെടുക്കാനൊരുങ്ങുകയായിരുന്നു’ മുഹമ്മദ് പറയുന്നു.
മുഹമ്മദ്
ശ്മശാനത്തിനപ്പുറത്തെ കുന്നിൻ മുകളിൽ കുടിയേറി പാർക്കുന്നവരാണ് അതിക്രമിച്ചുകയറി മൃതദേഹത്തിന് അനാദരവുണ്ടാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഫലസ്തീൻ ഭൂമിയിലെ എല്ലാ കുടിയേറ്റങ്ങളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെങ്കിലും വെസ്റ്റ് ബാങ്കിൽ അടക്കം പലയിടങ്ങളും ഇസ്രായേൽ സേനയും ആളുകളും കൈയടക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഒന്നുകിൽ നിങ്ങൾ മൃതദേഹം പുറത്തെടുക്കുക, അല്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും.’ എന്നായിരുന്നു അവരുടെ ഭീഷണിയെന്നും മുഹമ്മദ് പറയുന്നു. തുടർന്ന് മുഹമ്മദും സഹോദരന്മാരും പിതാവിന്റെ മൃതദേഹം പുറത്തെടുത്ത് മറ്റൊരിടത്തേക്ക് സംസ്കരിക്കാനായി കൊണ്ടുപോവുകയായിരുന്നു. അതേസമയം അതിക്രമം കാണിച്ചവരുടെ ഉപകരണങ്ങൾ കണ്ടുകെട്ടാനും കൂടുതൽ സംഘർഷം ഒഴിവാക്കാനും ഇടപെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നാൽ മൃതദേഹം കുഴിച്ചെടുക്കാൻ കുടിയേറ്റക്കാർ ശ്രമിച്ചപ്പോൾ അത് നോക്കിനിൽക്കുകയാണ് ഇസ്രായേൽ സൈന്യം ചെയ്തതതെന്ന് മുഹമ്മദും കുടുംബവും ആരോപിച്ചു. ഫലസ്തീൻ സ്വദേശിയുടെ വെളിപ്പെടുത്തൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

