ലോകം യുദ്ധക്കെടുതിയിൽ മുഴുകുമ്പോൾ ചൈനയുടെ രഹസ്യ അധിനിവേശം; ലക്ഷ്യം സാമ്രാജ്യത്വ വിപുലീകരണം
text_fieldsബെയ്ജിങ്: ലോകശ്രദ്ധ മുഴുവൻ റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും പശ്ചിമേഷ്യയിലെ രക്തരൂക്ഷിതമായ സംഘർഷങ്ങളിലും പതിഞ്ഞിരിക്കുമ്പോൾ, ആരുടെയും കണ്ണിൽപ്പെടാതെ തങ്ങളുടെ സാമ്രാജ്യത്വ വ്യാപ്തി വർധിപ്പിക്കുകയാണ് ചൈനയെന്ന് റിപ്പോർട്ടുകൾ.
യുദ്ധകോലാഹലങ്ങളിൽ ലോകം ശ്രദ്ധ തിരിക്കുമ്പോൾ ചൈന പടുത്തുയർത്തുന്ന നിശ്ശബ്ദ സാമ്പത്തിക-സൈനിക അധിനിവേശമാണ് അവരുടെ ഏറ്റവും വലിയ കരുത്ത്.
ഇത്തവണ കിർഗിസ്ഥാനിലെ ബിഷ്കെകിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയെ കടുത്ത ജാഗ്രതയോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ഈ മാസം അവസാനം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്താനിരിക്കെ, ഇന്ത്യയിലും ഈജിപ്തിലുമായി അദ്ദേഹം രൂപപ്പെടുത്തുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ഇതിൽ നിർണായകമാകും. ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് മുൻ ഡയറക്ടർ താരാ കർത്ത തയ്യാറാക്കിയ നിരീക്ഷണത്തിലാണ് ചൈനീസ് അജണ്ടകൾ തുറന്നുകാട്ടുന്നത്.
റഷ്യ, ചൈന, ബെലാറസ്, ഇന്ത്യ, ഇറാൻ, പാകിസ്താൻ, മധ്യേഷ്യൻ രാജ്യങ്ങളായ കസാഖ്സ്താൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള 20ലധികം രാജ്യങ്ങളാണ് എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെ ടിയാൻജിൻ ഉച്ചകോടിക്ക് ശേഷം സൗദി അറേബ്യ, തുർക്കിയ, യു.എ.ഇ തുടങ്ങിയ നിരീക്ഷക രാജ്യങ്ങളെ ‘പങ്കാളികളാക്കി’ ഉയർത്തിയിരുന്നു. ഈ രാജ്യങ്ങളെല്ലാം ചൈനയുടെ അതിർത്തി പങ്കിടുന്നവയോ അല്ലെങ്കിൽ ചൈന തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാക്കിയവയോ ആണ്.
മേഖലയിൽ സോവിയറ്റ് കാലഘട്ടത്തിലെ ആയുധങ്ങൾക്ക് പകരം ചൈനീസ് നിർമിത അത്യാധുനിക യുദ്ധവിമാനങ്ങളും ആയുധങ്ങളും വിന്യസിക്കപ്പെടുകയാണ്.
അടുത്തിടെ ഉസ്ബെക്കിസ്ഥാൻ തങ്ങളുടെ പഴയ സോവിയറ്റ് ആയുധങ്ങൾക്ക് പകരം ചൈനീസ് ജെ-10 സിഇ യുദ്ധവിമാനങ്ങൾ സ്വന്തമാക്കിയത് ഇതിന് തെളിവാണ്. റഷ്യ തങ്ങളുടെ ആയുധ ശേഖരം പുനഃസ്ഥാപിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കൂട്ടായ്മയിൽ ചൈന ഒന്നാമനായി മാറിയിരിക്കുന്നു
നിലവിൽ റഷ്യൻ ഭാഷയിൽ മാത്രം ലഭ്യമായിട്ടുള്ള ബിഷ്കെക് പ്രഖ്യാപനം യു.എൻ ശക്തിപ്പെടുത്തൽ, ഇറാന് അനുശോചനം രേഖപ്പെടുത്തൽ, അഫ്ഗാൻ സമാധാനം, അതിർത്തി കടന്നുള്ള ഭീകരവാദവും മയക്കുമരുന്ന് കടത്തും തടയൽ എന്നിവക്ക് അടിവരയിടുന്നു.
മയക്കുമരുന്ന് കടത്ത് തടയാൻ ചൈന അമേരിക്കയുമായി പോലും സഹകരിക്കുന്നുണ്ട്.ഇന്ത്യയിൽ നിന്നുള്ള രാസവസ്തുക്കൾ മയക്കുമരുന്ന് നിർമാണത്തിന് ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ഫാർമ കമ്പനികൾക്ക് ഇത് ജാഗ്രതാ മുന്നറിയിപ്പാണ്.
‘എല്ലാവർക്കും വലിയ വിപണി: ചൈനയിലേക്കുള്ള കയറ്റുമതി’ എന്ന പ്രഖ്യാപനവുമായി ഷി ജിൻപിങ് വലിയ വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും ചൈനയിലേക്ക് യഥാർഥത്തിൽ കയറ്റുമതി നടത്തുക അത്ര എളുപ്പമല്ലെന്ന് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നു.
കൂടാതെ ഉച്ചകോടിയിൽ ഒപ്പുവെച്ച തുറമുഖ വികസനത്തിനായുള്ള ‘ആക്ഷൻ പ്ലാൻ (2026-2030)’, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനം തുടങ്ങിയ 28 ഓളം മറ്റ് രേഖകൾ പരിശോധിച്ചാൽ ചൈനീസ് താൽപര്യങ്ങൾ മാത്രമാണ് ഇവക്കഎ പിന്നിലെന്ന് മനസ്സിലാക്കാം.
ഇറാൻ തുറമുഖങ്ങൾ പ്രതിസന്ധിയിലായതോടെ പാകിസ്താനിലെ ഗ്വാദർ, കറാച്ചി തുറമുഖങ്ങളിലേക്ക് ചൈനീസ് കപ്പലുകൾ വ്യാപകമായി എത്തുന്നതും ഉപരോധങ്ങളെ മറികടക്കാനാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം നീണ്ടുപോകുന്നത് തായ്‌വാൻ പിടിച്ചെടുക്കാനുള്ള ചൈനീസ് നീക്കങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു.
ഇറാനെ നേരിട്ട് സഹായിക്കാതെ തന്നെ, അവർക്ക് ഡ്രോണുകളും മിസൈലുകളും നിർമിക്കാനുള്ള സാങ്കേതിക വിദ്യകളും ഇരട്ട ഉപയോഗ സാധനങ്ങളും ബെയ്ജിങ് രഹസ്യമായി നൽകുന്നുണ്ടെന്ന് യു.എസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മറുവശത്ത്, പത്ത് വർഷത്തിന് ശേഷം ആദ്യമായി ഈജിപ്ത് സന്ദർശിക്കുന്ന ഷി ജിൻപിങ് സൂയസ് കനാലിലും സാന്നിധ്യം ശക്തമാക്കുകയാണ്.അഫ്ഗാനിസ്ഥാന് ഒരു ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് ചൈനീസ് കമ്പനികൾ അഫ്ഗാനിലേക്ക് പ്രവേശിക്കാനും വഴിതുറന്നു
ഇന്ത്യ നേരിടുന്ന ഭീഷണികൾ
അഡ്വാൻസ്ഡ് ടെക്നോളജി ട്രാക്കർ പ്രകാരം 74 അത്യാധുനിക സാങ്കേതിക വിദ്യകളിൽ 69 എണ്ണത്തിലും ചൈനയാണ് മുന്നിൽ; അമേരിക്ക വെറും അഞ്ച് എണ്ണത്തിൽ മാത്രമാണ് മുന്നിലുള്ളത്.ഈ മേധാവിത്വം ഉപയോഗിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കാൻ ചൈന ശ്രമിച്ചേക്കാം.
ഇന്ത്യയുടെ 7.6 ശതമാനം സാമ്പത്തിക വളർച്ചയാണ് ഇതിനെ പ്രതിരോധിക്കാൻ നമുക്കുള്ള കരുത്ത്.എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളും അഴിമതിയും ബ്യൂറോക്രാറ്റിക് മന്ദതയും യുദ്ധകാലാടിസ്ഥാനത്തിൽ ഇന്ത്യ പരിഹരിക്കേണ്ടതുണ്ട്.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനോട് നടത്തിയ വൈകാരികമായ അഭ്യർഥന ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും, യുദ്ധം നീണ്ടുപോകാൻ ചില രാജ്യങ്ങൾ ആയുധങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയാണ്. ഏഷ്യയിൽ ചൈനയുടെ കടന്നുകയറ്റത്തെ തടയാൻ റഷ്യ സജീവ വ്യാപാരത്തിലേക്ക് തിരികെ വരണമെന്നും ഇത് അമേരിക്കയെ ബോധ്യപ്പെടുത്താൻ ഇന്ത്യ നയതന്ത്ര നീക്കങ്ങൾ നടത്തണമെന്നും പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

