Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യമനിൽ സംഘർഷം രൂക്ഷം; ഹൂതികളുടെ ആക്രമണവും സൗദി തിരിച്ചടിയും ശക്തം

text_fields
bookmark_border
യമനിൽ സംഘർഷം രൂക്ഷം; ഹൂതികളുടെ ആക്രമണവും സൗദി തിരിച്ചടിയും ശക്തം
cancel

സൻആ: അറബിക്കടൽ തീരത്തും ബാബുൽ മന്ദാബ് കടലിടുക്കിലും ഹൂതി വിമതരും യമൻ സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ആഴ്ച മോഖ തുറമുഖ നഗരവും തന്ത്രപ്രധാനമായ ഒരു ദ്വീപും ഹൂതികൾ പിടിച്ചെടുത്തതിനെത്തുടർന്ന് കനത്ത തിരിച്ചടിക്ക് ഒരുങ്ങുകയാണ് യമൻ സർക്കാർ. രാജ്യത്ത് വീണ്ടുമൊരു ആഭ്യന്തരയുദ്ധത്തിന് കളമൊരുങ്ങുന്നതായാണ് റിപ്പോർട്ട്.

സെപ്റ്റംബർ ആദ്യം മുതൽ ആരംഭിച്ച പുതിയ പോരാട്ടത്തിൽ 82,000ലധികം ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഹുദൈദ പ്രവിശ്യയിലെ ഖൗഖ മേഖലയിൽനിന്നും മറ്റും ജീവനുംകൊണ്ട് ഓടിയെത്തിയ സാധാരണക്കാർ കടുത്ത ദുരിതത്തിലാണ്. ഏദൻ നഗരത്തിലെ അൽ സലാം അഭയാർഥി ക്യാമ്പിൽ എത്തിയ ജനങ്ങൾ വസ്ത്രങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ തെരുവുകളിലും ക്യാമ്പുകളിലുമായി കഴിയുന്നു. 2,000ലധികം യമനികൾ ഇതിനോടകം തന്നെ ചെങ്കടൽ കടന്ന് ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ എത്തിച്ചേർന്നിട്ടുണ്ട്.

യമൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന സൗദി അറേബ്യയിലെ അഖ്ബ നഗരത്തിലും ഖമിസ് മുഷൈത് പ്രവിശ്യയിലും ഹൂതികൾ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടു. അതിർത്തിക്കടുത്തുള്ള സൗദി സൈനിക താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സൗദി സിവിൽ ഡിഫൻസ് നൽകിയ വിവരമനുസരിച്ച് അതിർത്തി പ്രദേശത്തുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ഒരു പള്ളിക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എണ്ണ അടിസ്ഥാന സൗകര്യങ്ങളും കപ്പൽ ഗതാഗതവും ലക്ഷ്യമിട്ടാണ് ഹൂതികളുടെ നീക്കം. ഇത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.

മരണസംഖ്യയും സൈനിക നീക്കങ്ങളും

കഴിഞ്ഞ നാല് ആഴ്ചകളിലായി പടിഞ്ഞാറൻ തീരത്തുണ്ടായ ഏറ്റുമുട്ടലുകളിൽ 500ലധികം സർക്കാർ സൈനികർ കൊല്ലപ്പെട്ടതായി സർക്കാർ അനുകൂല സേനയായ ‘നാഷണൽ റെസിസ്റ്റൻസ്’ അറിയിച്ചു. 1,500ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഹുദൈദ, തായിസ് പ്രവിശ്യകളിൽ 1,000ലധികം ഹൂതികളും കൊല്ലപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഭരണസമിതി അംഗമായ സുൽത്താൻ അൽ അറാദ, മോഖയിലെ സൈനിക പിന്മാറ്റം വേദനാജനകമാണെന്നും എന്നാൽ സേന വീണ്ടും പുനഃസംഘടിപ്പിച്ച് തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി യമൻ സൈന്യം മോഖയിലും ദുബാബിലും ഹൂതി കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി.

ജിബൂട്ടിയിലെ യു.എസ് സൈനിക താവളത്തിന് ഭീഷണി

ഹൂതികളുടെ ഈ മുന്നേറ്റം ബാബുൽ മന്ദബ് കടലിടുക്കിന് മറുകരയിലുള്ള ജിബൂട്ടിയിലെ പ്രമുഖ യു.എസ് സൈനിക താവളത്തിന് വെറും 20 മൈൽ (32 കിലോമീറ്റർ) മാത്രം അകലെയാണ് എത്തിനിൽക്കുന്നത്. ആഫ്രിക്കയിലെ പ്രധാന അമേരിക്കൻ താവളവും ചൈന, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന ഈ മേഖലയിൽ പുതിയ സംഘർഷം ആശങ്ക പരത്തിയിട്ടുണ്ട്. ജിബൂട്ടി നാവികസേനയും കോസ്റ്റ് ഗാർഡും അഭയാർത്ഥികളെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy fighting between Houthis and Yemen forces continues
Next Story