ഉഷ്ണതരംഗം: ഫ്രാന്‍സിൽ 1000ത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ഭൂരിഭാഗവും 65 വയസിന് മുകളിലുള്ളവർ
text_fieldsപാരീസ്: ഫ്രാന്‍സിൽ ഉഷ്ണതരംഗത്തെതുടർന്ന് ആയിരത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയാണ് വിവരം ഫ്രഞ്ച് ആരോഗ്യ വിഭാഗം പങ്കുവെച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിൽ ദിവസങ്ങളായി റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. `ജൂൺ 24 മുതൽ, മുൻ മാസങ്ങളിൽ രേഖപ്പെടുത്തിയ മരണങ്ങളെ അപേക്ഷിച്ച് ഏകദേശം 1,000 മരണങ്ങൾ അധികമായി സംഭവിച്ചതായി നിരീക്ഷിക്കപ്പെട്ടു' പബ്ലിക് ഹെൽത്ത് ഫ്രാൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്ന പ്രദേശങ്ങളെയാണ് ചൂട് ഏറ്റവും കൂടുതൽ ബാധിച്ചതെന്നും മരണപ്പെട്ടവരിൽ 85 ശതമാനവും 65 വയസിന് മുകളിലുള്ളവരാണെന്നും ഏജൻസി അറിയിച്ചു. പാരീസിലും പ്രാന്തപ്രദേശങ്ങളും ഉൾപ്പെടുന്ന ഇൽ-ഡി-ഫ്രാൻസ് മേഖലയിലാണ് വലിയ വർധനവ് ഉണ്ടായതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. `ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലടക്കം ഒറ്റപ്പെട്ടുകഴിയുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ കണക്കുകൾ ഓർമിപ്പിക്കുന്നത്' പ്രസ്താവനയിൽ പറയുന്നു. നിലവിൽ പ്രാഥമിക കണക്കുകളാണ് പുറത്തുവിട്ടതെന്നും യഥാർഥ മരണസംഖ്യ ഇതിലും ഉയരാന്‍ സാധ്യതയുണ്ടെന്നും ഏജൻസി വ്യക്തമാക്കി. പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിരുന്നു. ഞായറാഴ്ചയോടെ ഫ്രാൻസിലുടനീളം ചൂടിന് കുറവ് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

