Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം; മരണം, കാട്ടുതീ, റെഡ് അലർട്ട്... അടിയന്തര നടപടികളുമായി രാജ്യങ്ങൾ

text_fields
bookmark_border
Europe Heatwave
cancel

പാരീസ്: യൂറോപ്പിലുടനീളം തുടരുന്ന അതിശക്തമായ ഉഷ്ണതരംഗം ജനജീവിതം പ്രതിസന്ധിയിലാക്കി. ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി, പോർച്ചുഗൽ, ജർമനി, ബ്രിട്ടൻ എന്നിവിടങ്ങളിൽ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്. പല പ്രദേശങ്ങളിലും താപനില 40 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ കാട്ടുതീയും വ്യാപകമായ ഗതാഗത തടസ്സങ്ങളും നേരിടുന്നതായാണ് റിപ്പോർട്ട്.

യൂറോപ്പിലുടനീളം 1,300ലധികം പേർ കടുത്ത ഉഷ്ണതരംഗങ്ങൾ മൂലം മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. പ്രായമായവർക്കും കുട്ടികൾക്കും ഗുരുതര ആരോഗ്യ ഭീഷണിയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഉഷ്ണ തരംഗത്തെ തുടർന്ന് ഫ്രാൻസിൽ നിരവധി പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ നിരവധി സ്കൂളുകൾ അടച്ചു. അതിശക്തമായ ചൂട് മൂലം വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതായും അധികൃതർ അറിയിച്ചു. വീടിന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും സർക്കാർ പൊതുജനങ്ങൾക്ക് നിർദേശം നൽകി.

ചിലയിടങ്ങളിൽ കാട്ടുതീ വ്യാപകമായി പടരുകയാണെന്നാണ് റിപ്പോർട്ട്. നിരവധി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും അഗ്നിശമന സേനാംഗങ്ങളെ വിന്യസിക്കുകയും ചെയ്തു. ചില വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്.

ഇറ്റലിയിൽ പ്രധാന നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിർമാണ - കാർഷിക തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് ഉച്ചസമയത്ത് ജോലി നിയന്ത്രണവും ഏർപ്പെടുത്തി. ആശുപത്രികളിൽ ചൂട് മൂലമുള്ള അസുഖങ്ങളുമായി എത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചതായി അധികൃതർ അറിയിച്ചു.

ജർമനിയിലും ബ്രിട്ടനിലും ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. റെയിൽ ഗതാഗതത്തെയും വിമാന സർവീസുകളെയും ചൂട് ബാധിച്ചിട്ടുണ്ട്. ചില റെയിൽപാതകളിൽ വേഗപരിധി ഏർപ്പെടുത്തിയതോടെ സർവീസുകൾ വൈകാനും കാരണമായി. യു.കെ, ഹംഗറി, സ്ലൊവാക്യ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളും കടുത്ത ഉഷ്ണതരംഗത്തെയാണ് നേരിടുന്നത്.

ചൂടിനെ നിസാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ വിഭാഗം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഹൃദ്രോഗികളും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആവശ്യത്തിന് വെള്ളം കുടിക്കുക, നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, ശരീരാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടുക എന്നീ നിർദേശങ്ങളും നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും പല രാജ്യങ്ങളിലും ഉയർന്ന താപനില തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heatwave in Europe hit new temperature records
Next Story