പൊരുതിവിയർത്ത് ഗസ്സയിലെ ആരോഗ്യജീവനക്കാർ
text_fieldsഇസ്രായേൽ വ്യോമാക്രമണം നടത്തിയ ഗസ്സയിലെ അൽ അഹ്ലി ആശുപത്രിക്ക്
പുറത്ത് വിലപിക്കുന്ന സ്ത്രീ
ആശുപത്രിയിലെ ഡോക്ടർമാർ നിലത്തും ഹാളുകളിലും വരെ ശസ്ത്രക്രിയ നടത്തി -പലതും അനസ്തേഷ്യ ഇല്ലാതെ!
ഗസ്സ: യുദ്ധത്തിന്റെ പേരിൽ ആശുപത്രിയിൽ അഭയംപ്രാപിച്ച സാധാരണക്കാരെ കൊന്നൊടുക്കിയ ആക്രമണത്തിൽ ഗുരുത രമായി പരിക്കേറ്റവരെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഗസ്സ സിറ്റിയിലെ ഡോക്ടർമാർ. അനുനിമിഷം സൗകര്യങ്ങൾ കുറഞ്ഞുവരുന്ന ആശുപത്രികളിൽ ചിലപ്പോൾ അനസ്തേഷ്യ പോലുമില്ലാതെയാണ് ശസ്ത്രക്രിയ.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേൽ സന്ദർശനം യുദ്ധവ്യാപനം തടയുമെന്ന പ്രതീക്ഷയിലായിരുന്നു പശ്ചിമേഷ്യയെങ്കിലും ആശുപത്രി കൂട്ടക്കൊലയോടെ മേഖലയിലാകെ രോഷത്തിന്റെയും നിരാശയുടെയും കാർമേഘം പടർന്നു. ബൈഡൻ ‘എയർഫോഴ്സ് വണ്ണി’ന്റെ പടവുകൾ ഇറങ്ങിയപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആചാരപരമായി അദ്ദേഹത്തെ ആലിംഗനം ചെയ്തു.
അപ്പോഴും ഗസ്സയിലെ ആക്രമണം തുടർന്നു. ഇസ്രായേൽ- ഹമാസ് യുദ്ധം മേഖലയെ ആകെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി പറഞ്ഞു. വലിയ സ്ഫോടനം കേട്ടതായും തൊട്ടുപിന്നാലെ തന്റെ ഓപറേഷൻ റൂമിന്റെ സീലിങ് തകർന്നതായും അൽ അഹ്ലിയിൽ ജോലിചെയ്യുന്ന പ്ലാസ്റ്റിക് സർജൻ ഗസ്സൻ അബു സിത്ത പറഞ്ഞു. ഇസ്രായേൽ വ്യോമാക്രമണത്തിൽനിന്ന് അഭയം തേടിയവരെക്കൊണ്ട് ആശുപത്രി നിറഞ്ഞിരുന്നു.
അപ്പോഴായിരുന്നു സ്ഫോടനം. മരിച്ചവരും ഗുരുതരമായി പരിക്കേറ്റവരുമായ നൂറുകണക്കിന് ആളുകളെ ഒരുമിച്ച് കണ്ടതായി അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതി. ആശുപത്രി കെട്ടിടത്തെ തീവിഴുങ്ങുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ചിന്നിച്ചിതറിയ മൃതദേഹങ്ങൾ നിറഞ്ഞ ആശുപത്രി പരിസരത്തിന്റെ ഭീകരദൃശ്യം കാണാം. അതിൽ പലരും പിഞ്ചുകുഞ്ഞുങ്ങളാണ്. പരിസരമാകെ കത്തിനശിച്ച കാറുകളാണ്. അവശിഷ്ടങ്ങൾ കൊണ്ട് നിലം കറുത്തിരുണ്ടു.
അൽ-അഹ്ലി ആക്രമണത്തെ തുടർന്ന് പരിക്കേറ്റവരുമായി ആംബുലൻസുകളും കാറുകളും ഗസ്സയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫയിലേക്ക് പാഞ്ഞു. മറ്റ് ആക്രമണങ്ങളിൽ പരിക്കുപറ്റിയവരെക്കൊണ്ട് വീർപ്പുമുട്ടിയ അവസ്ഥയിലായിരുന്നു അൽ ഷിഫ. മാരകമായ പരിക്കുകളോടെയാണ് പലരും എത്തിയതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖിദ്ര പറഞ്ഞു. ആശുപത്രിയിലെ ഡോക്ടർമാർ നിലത്തും ഹാളുകളിലും വരെ ശസ്ത്രക്രിയ നടത്തി -പലതും അനസ്തേഷ്യ ഇല്ലാതെ.
‘ഞങ്ങൾക്ക് ആശുപത്രി ഉപകരണങ്ങൾ വേണം, മരുന്ന് വേണം, കിടക്കകൾ വേണം, അനസ്തേഷ്യ വേണം, എല്ലാം വേണം’- അൽ-ഷിഫ ഡയറക്ടർ മുഹമ്മദ് അബു സെൽമിയ പറഞ്ഞു. ആശുപത്രിയിലെ ജനറേറ്ററുകൾക്കുള്ള ഇന്ധനം മണിക്കൂറുകൾക്കുള്ളിൽ തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

