അവനെ കെണിയൊരുക്കി കൊന്നതാണ്; അമേരിക്കയിൽ പിസ ഡെലിവറിക്കിടെ കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍റെ മരണം ആസൂത്രിതമെന്ന് കുടുംബം
text_fieldsഫിലാഡൽഫിയ: അമേരിക്കയിൽ ഫിലാഡൽഫിയയിൽ പിസ ഡെലിവറിക്കിടെ തെലങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. 28 വയസ്സുള്ള അൻഷുൽ കുഞ്ചയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ആസൂത്രിതമായ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഫിലാഡൽഫിയയിലെ ഒരു ഹൗസിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്കാണ് പിസ ഓർഡർ വന്നത്. ഡെലിവറിക്കായി എത്തിയ അൻഷുലിനെ കെട്ടിടത്തിന് സമീപത്ത് വെച്ച് അക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇദ്ദേഹം നടന്നുപോകുന്നതും മുഖംമൂടി ധരിച്ച രണ്ട് പേർ പിന്തുടരുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കയ്യിലുണ്ടായിരുന്ന പണമോ മറ്റ് വസ്തുക്കളോ മോഷ്ടിക്കാതെ നേരിട്ട് തലയ്ക്ക് വെടിവെക്കുകയായിരുന്നു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് അൻഷുലിന്റെ കുടുംബം ആരോപിക്കുന്നു.
തെലങ്കാനയിലെ മേ ഗുണ്ട്ലപോച്ചംപള്ളി സ്വദേശിയാണ് അൻഷുൽ. നാല് വർഷം മുൻപാണ് ജോലി ആവശ്യത്തിനായി ഇദ്ദേഹം അമേരിക്കയിലേക്ക് പോയത്. മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിൽ അധിക വരുമാനത്തിനായി വാരാന്ത്യങ്ങളിൽ പിസ ഡെലിവറി ജോലി ചെയ്തിരുന്നുവെന്ന് സഹോദരി തൻവി പറഞ്ഞു. നേരത്തെ ഇദ്ദേഹത്തിന് നേരെ മോഷണശ്രമം നടന്നിരുന്നതായും കുടുംബം വെളിപ്പെടുത്തി.
മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കുടുംബം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. അൻഷുലിന്റെ വിയോഗത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

