വിദ്വേഷ പരാമർശം: കേസ് കൊടുക്കുമെന്ന് മസ്കിന്‍റെ ഭീഷണി
text_fieldsസാൻ ഫ്രാൻസിസ്കോ (യു.എസ്): അകാരണമായി വിദ്വേഷ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി സമൂഹമാധ്യമമായ എക്സ് മേധാവി എലോൺ മസ്‌ക്. വിദ്വേഷ പരാമർശങ്ങളെ നിയമപരമായി നേരിടാൻ നടപടികൾ തുടങ്ങുന്നതായും മസ്ക് എക്സിലൂടെ അറിയിച്ചു.
പല സർക്കാറിതര സ്ഥാപനങ്ങളും സംഘടനകളും ഒരു നേട്ടവുമില്ലാതെ വിദ്വേഷ പരാമർശങ്ങൾ നടത്തുകയാണ്. ഇത്തരം നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല. പരാമർശങ്ങളെ എക്സ് നിയമപരമായി നേരിടും. 'രാഷ്ട്രീയക്കാരും വ്യവസായി ജോർജ് സോറോസ് ഫണ്ട് ചെയ്യുന്ന എൻ.ജി.ഒകളും' എന്ന അടിക്കുറിപ്പിലാണ് മസ്കിന്‍റെ പ്രതികരണം.
ഇത്തരം വിഷയങ്ങളിൽ യാതൊരു സത്യവുമില്ല, സത്യത്തിനു പുറകെ ആരും സഞ്ചരിക്കുന്നതും ഇല്ല. യാതൊരു ലാഭവുമില്ലാത്ത ഇത്തരം പ്രവൃത്തികൾ എന്ത് ഉദ്ദേശത്തോടെയാണ് ചെയ്തു കൂട്ടുന്നതെന്നും മസ്ക് ചോദിക്കുന്നു. ചിലർ ആവിഷ്കാര സ്വാതന്ത്ര്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാക്കുകയാണ്.
എക്‌സിനെ വിമർശിച്ച സർക്കാറിതര സ്ഥാപനമായ സെന്റർ ഫോർ കൗണ്ടറിങ് ഡിജിറ്റൽ ഹേറ്റ് (സി.സിഡി.എച്ച്) എന്ന സംഘടനക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിന് സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതി ജൂലൈ 31ന് കേസ് എടുത്തിരുന്നു.
പരസ്യ കമ്പനികളെ മനഃപൂർവം എക്‌സിൽ നിന്ന് അകറ്റാനായി ശ്രമിക്കുക, സുപ്രധാന വിവരങ്ങൾ കൈക്കലാക്കുക, കമ്പനിയുടെ നിബന്ധനകളും നിർദേശങ്ങളും ലംഘിക്കുക തുടങ്ങിയ കുറ്റങ്ങളാണ് സി.സി.ഡി.എച്ചിനെതിരെ കോടതി കണ്ടെത്തിയത്. ഇത്തരം സംഘടനകൾ നടത്തുന്ന പരാമർശങ്ങൾ തീർത്തും പരിഹാസ്യമാണെന്നും തങ്ങളുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്നതായും എക്സ് കുറ്റപ്പെടുത്തി.