വ്യാജരേഖ, സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ: ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് ശൈഖ് ഹസീനയുടെ മകൾ രാജിവെച്ചു
text_fieldsസൈമ വാസെദ്
ലണ്ടൻ: സാമ്പത്തിക തട്ടിപ്പും വ്യാജരേഖ ചമക്കലും സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും (ഡബ്ല്യൂ.എച്ച്.ഒ) ബംഗ്ലാദേശ് സർക്കാരും അന്വേഷണം നടത്തുന്നതിനിടെ, സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖല മേധാവിയും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ മകളുമായ സൈമ വാസെദ് രാജിവെച്ചു. ബുധനാഴ്ചയാണ് ഇവർ രാജി സമർപ്പിച്ചത്.
2024 ആദ്യവാരത്തിൽ അഞ്ചുവർഷത്തെ കാലാവധിയിൽ സ്ഥാനം ഏറ്റെടുത്ത സൈമയെ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ ലോകാരോഗ്യ സംഘടന നിർബന്ധിത ശമ്പളരഹിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. 2024 മധ്യത്തോടെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീന പുറത്താക്കപ്പെട്ടതിന് പിന്നാലെ, ബംഗ്ലാദേശിലെ പുതിയ ഇടക്കാല സർക്കാരിന്റെ അഴിമതി വിരുദ്ധ കമ്മീഷൻ സൈമക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ചൈന സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയത് കൂടാതെ, തൻ്റെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് വ്യാജ വിവരങ്ങൾ നൽകിയെന്നും ലോകാരോഗ്യ സംഘടന സൈമക്കെതിരെ ആരോപിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സൈമ നിഷേധിച്ചു. സംഘടനയുടെ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസസിന് അയച്ച കത്തിലാണ് രാജി പ്രഖ്യാപനം അറിയിച്ചത്. ഒരു വർഷത്തോളമായി ശമ്പളമില്ലാതെ തുടരുന്നതിനാൽ സാമ്പത്തികമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും, സംഘടനയുടെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് സ്ഥാനമൊഴിയുന്നതെന്നും സൈമ കത്തിൽ വ്യക്തമാക്കി.
സൈമയെ പുറത്താക്കാൻ ലോകാരോഗ്യ സംഘടന ആലോചിച്ചിരുന്നതായും, പുതിയ മേധാവിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഒക്ടോബർ മാസത്തോടെ ആരംഭിക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ് ശൈഖ് ഹസീനയും അവാമി ലീഗ് നേതാക്കളും. ബംഗ്ലാദേശ് ട്രൈബ്യൂണൽ വധശിക്ഷ വിധിച്ച ശൈഖ് ഹസീന വരുന്ന ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

