പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ഹരിയാന സ്വദേശി യു.എസിൽ വെടിയേറ്റു മരിച്ചു
text_fieldsയു.എസിൽ കൊല്ലപ്പെട്ട കപിൽ
കാലിഫോർണിയ: ഹരിയാന സ്വദേശിയായ 26 കാരൻ യു.എസിലെ കാലിഫോർണിയയിൽ വെടിയേറ്റു മരിച്ചു. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ കപിൽ ആണ് കൊല്ലപ്പെട്ടത്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വെടിയേറ്റയുടൻ കപിൽ നിലത്തേക്ക് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെക്യൂരിറ്റി ഗാർഡായി ജോലി നോക്കുകയായിരുന്നു കപിൽ. ഡ്യൂട്ടി സമയത്തായിരിക്കുമ്പോഴാണ് കപിൽ ഒരാൾ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് കണ്ടത്. കപിൽ ഇത് ചോദ്യം ചെയ്യുകയും പിന്നീട് ഇരുവരും തമ്മിലുള്ള തർക്കമായി മാറുകയും ചെയ്തു. തർക്കത്തിനൊടുവിൽ മൂത്രമൊഴിച്ചയാൾ കപിലിനു നേരെ വെടിയുതിർക്കുകയായിരുന്നു.
ബറഹ് കലാൻ ഗ്രാമത്തിലെ ചെറുകിട കർഷകനായ ഈശ്വർ സിങ്ങിന്റെ ഏക മകനായ കപിൽ 2022ലാണ് യു.എസിലെത്തിയത്.
ഡോങ്കി റൂട്ട് വഴിയുള്ള അനധികൃതയാത്രക്ക് കുടുംബത്തിന് 45 ലക്ഷത്തോളം രൂപയാണ് ചെലവായത്. അനധികൃതമായി യു.എസിലേക്ക് കടക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ആദ്യം അറസ്റ്റ് ചെയ്ത യു.എസ് അധികൃതർ പിന്നീട് മോചിപ്പിക്കുകയും ചെയ്തു. അതിനു ശേഷം യു.എസിൽ തന്നെ തുടരുകയായിരുന്നു കപിൽ. യു.എസിൽ തന്നെയുള്ള കപിലിന്റെ ബന്ധുവാണ് മരണ വിവരം കുടുംബത്തെ അറിയിച്ചത്.
യു.എസിലെ നിയമപരമായ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ ഏകദേശം 15 ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കപിലിന്റെ രണ്ട് സഹോദരിമാരിൽ ഒരാൾ വിവാഹിതയും മറ്റൊരാൾ വിദ്യാർഥിയുമാണ്. ഈ വർഷാദ്യം ജോർജിയയിൽ ഹരിയാനക്കാരനായ വിവേക് സൈനി കൊല്ലപ്പെട്ടിരുന്നു. 2022ൽ കലിഫോർണിയയിൽ ഒരു സിഖ് കുടുംബവും കൊല്ലപ്പെട്ടിരുന്നു. രണ്ട് സംഭവവും ചൂണ്ടിക്കാട്ടി യു.എസിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

