ട്രംപ് ഭരണകൂടത്തിന്റെ വിസ നിരോധനത്തിൽ മങ്ങി ഹാർവാർഡ് വിദ്യാർഥികളുടെ പ്രതീക്ഷകൾ; ആരെയൊക്കെ ബാധിക്കും?
text_fieldsവാഷിംങ്ടൺ: വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള ഹാർവാർഡ് സർവകലാശാലയുടെ ശേഷിയെ റദ്ദാക്കാനും അവിടെ ചേരുന്നതിനായി രാജ്യത്ത് പ്രവേശിക്കുന്ന വിദ്യാർഥികളെ തടയാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കിടെ ആഴത്തിലുള്ള അനിശ്ചിതത്വത്തിലും ഉത്കണ്ഠയിലും യു.എസിലുടനീളമുള്ള അന്താരാഷ്ട്ര വിദ്യാർഥി സമൂഹം.
ഇന്ത്യയിൽ നിന്നുള്ള 700ലധികം പേർ ഉൾപ്പെടെ 7,000ത്തോളം അന്താരാഷ്ട്ര വിദ്യാർത്ഥികളും ഗവേഷകരും കുടിയേറ്റത്തെയും വിദ്യാഭ്യാസത്തെയും അവരുടെ ഭാവിയെയും ബാധിക്കുന്ന രാഷ്ട്രീയ സംഘർഷാവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണിപ്പോൾ.
ഹാർവാർഡ് സർവകാലാശാല കോടതിയിൽ ചോദ്യം ചെയ്തതിനെ തുടർന്ന് നിലവിൽ നിർത്തിവെച്ചെങ്കിലും തീരുമാനം ട്രംപ് ഭരണകൂടം നടപ്പിലാക്കുന്നപക്ഷം മൂന്ന് വ്യത്യസ്ത വിദ്യാർഥി ഗ്രൂപ്പുകളെ ബാധിച്ചേക്കും.
നിലവിലെ വിദ്യാർഥികളാണ് അതിലെ ഏറ്റവും വലിയ ഗ്രൂപ്പിലുള്ളത്. ബിരുദ വിദ്യാർഥികൾ, പി.എച്ച്.ഡി ഗവേഷകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികളെ ‘ഹോസ്റ്റ്’ ചെയ്യാനുള്ള ഹാർവാർഡിന്റെ ശേഷി എടുത്തുകളഞ്ഞാൽ അവരുടെ എഫ്-1 വിദ്യാർത്ഥി വിസ പദവി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അവർ മറ്റൊരു യു.എസ് സർവകലാശാലയിലേക്കോ സ്ഥാപനത്തിലേക്കോ മാറുന്നില്ല എങ്കിൽ രാജ്യത്ത് താമസിക്കാനുള്ള നിയമപരമായ അവകാശം നഷ്ടപ്പെടും. എന്നാൽ, പെട്ടെന്ന് കുടിയിറക്കപ്പെടുന്ന വിദ്യാർഥികളുടെ ഒഴുക്കിനെ ഉൾക്കൊള്ളാൻ എത്ര സ്ഥാപനങ്ങൾക്ക് കഴിയും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അവശേഷിക്കുന്നു.
ഈ വർഷം ബിരുദം നേടി ‘ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയിനിങ് വർക്ക് ഓതറൈസേഷൻ പ്രോഗ്രാമി’ന് (ഒ.പി.ടി) കീഴിൽ ജോലി തുടങ്ങാൻ തയ്യാറെടുക്കുന്നവരാണ് രണ്ടാമത്തെ കൂട്ടർ. ഇവരെ ട്രംപിന്റെ നടപടികൾ കൂടുതൽ ദുർബലരാക്കിയേക്കും. എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര ബിരുദധാരികൾക്ക് ഒരു വർഷത്തേക്ക് അല്ലെങ്കിൽ ‘സ്റ്റേം’ മേഖലകളിൽ മൂന്നും വർഷം വരെ യു.എസിൽ ജോലി ചെയ്യാൻ ഒ.പി.ടി അനുവദിക്കുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യാനുള്ള കഴിവ് ഹാർവാർഡിന് നഷ്ടപ്പെട്ടാൽ ഈ ബിരുദധാരികൾക്ക് സാധുവായ വിസയും ട്രാൻസ്ഫറിനുള്ള പ്രായോഗിക മാർഗവും ഇല്ലാതാകും. ഇത് തൊഴിൽ മേഖലയിലേക്കു കടക്കുമ്പോൾ തന്നെ അവരുടെ പദ്ധതികളെ അട്ടിമറിക്കും.
മൂന്നാമത്തെ കൂട്ടർ ഹാർവാർഡിൽ പുതുതായി പ്രവേശനം നേടിയ ഈ വർഷം ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികളാണ്. പ്രവേശനം നിഷേധിക്കപ്പെടാനുള്ള സാധ്യതയിൽ ലോകത്തിലെ ഏറ്റവും അഭിമാനകരമായ സ്ഥാപനങ്ങളിലൊന്നിൽ കഠിനാധ്വാനം ചെയ്ത് നേടിയ അവസരം മാറ്റിവെക്കുകയോ ഒരുപക്ഷേ ഉപേക്ഷിക്കുകയോ ചെയ്യുക എന്നിങ്ങനെയുള്ള പ്രതിസന്ധിയാണ് അവരിപ്പോൾ നേരിടുന്നത്.
ഭരണകൂടത്തിന്റെ സമീപനം വിദ്യാർഥികളുടെ ഭാവിയിൽ ഉടനടി ഉണ്ടാക്കുന്ന പ്രത്യാഘാതത്തിനപ്പുറം ഉന്നത വിദ്യാഭ്യാസത്തിലെ ആഗോള പ്ലാറ്റ്ഫോം എന്ന നിലയിൽ യു.എസിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്തുമെന്ന് വിമർശകർ പറയുന്നു.
യു.എസിന്റെ പ്രതിച്ഛായക്ക് കേടുപാടുകൾ സംഭവിച്ചതായി ഹാർവാർഡ് പൂർവ വിദ്യാർഥിനിയും യു.സി ബെർക്ക്ലി സ്കൂൾ ഓഫ് ലോയിലെ പ്രഫസറുമായ കാറ്റെറിന ലിനോസ്ട് പറഞ്ഞു. യു.എസിലെ മറ്റ് സ്കൂളുകളിൽ ചേരുന്നതിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള ആവേശം ട്രംപ് ഭരണകൂടം കുറക്കുകയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

