Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതൊട്ടിൽ വലിപ്പമുള്ള...

തൊട്ടിൽ വലിപ്പമുള്ള ശവപ്പെട്ടികൾക്ക് ചുറ്റും പിഞ്ചുമക്കൾക്ക് താരാട്ട് പാടുന്ന അമ്മമാർ..

text_fields
bookmark_border
തൊട്ടിൽ വലിപ്പമുള്ള ശവപ്പെട്ടികൾക്ക് ചുറ്റും പിഞ്ചുമക്കൾക്ക് താരാട്ട് പാടുന്ന അമ്മമാർ..
cancel

തെഹ്റാൻ: ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ വിയോഗത്തിൽ വേദന പങ്ക് വെക്കുന്ന വൈകാരിക ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരി ഹരിത സാവിത്രി. ചേതനയറ്റ് കിടക്കുന്ന തങ്ങളുടെ പിഞ്ചു മക്കൾക്ക് തൊട്ടിലുകളുടെ വലിപ്പമുള്ള ശവപ്പെട്ടിക്കു ചുറ്റും താരാട്ട് പാടുന്ന അമ്മമാരെ കുറിച്ചാണ് കുറിപ്പ്.

മിനാബിലെ കുഞ്ഞുങ്ങൾ വെറും നമ്പറുകളായി അവസാനിക്കരുതെന്നും ആ കുഞ്ഞുങ്ങളുടെ മാഞ്ഞു പോയ ചിരിയുടെ മുന്നിൽ പരാജയപ്പെട്ട ഒരു ജനതയായി നാം മാറരുതെന്നും എഴുത്തുകാരി വേദനയോടെ കുറിക്കുന്നു.

മിനാബിലെ സ്കൂളിനുനേരെ യു.എസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ബോംബാക്രമണത്തിൽ 165 കുട്ടികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കാഴ്ചക്കാരെ കണ്ണീരണയിക്കുന്നതായിരുന്നു മരിച്ച കുഞ്ഞുങ്ങളുടെ കുഴിമാടങ്ങളുടെ ചിത്രങ്ങൾ.

ഫേസ്ബുക്കിൽ ഹരിത പങ്ക് വെച്ച കുറിപ്പിൽ നിന്ന്:

'തൊട്ടിലുകളുടെ വലിപ്പമുള്ള ശവപ്പെട്ടികൾ. മിനാബിലെ ഒരു തകർന്ന തെരുവിൽ അമ്മമാർ അവയ്ക്ക് ചുറ്റും കൂടി നിന്നു. അല്പമകലെയായി ചെറിയ കുഴികൾ ഒരുങ്ങുന്നു. തേങ്ങലുകൾക്കിടയിലൂടെ ആഴത്തിലുള്ള ശബ്ദത്തിൽ ഒരു താരാട്ടു പാട്ടുയർന്നു. കണ്ണുനീർ ചുവയ്ക്കുന്ന ഒച്ചയിൽ അനേകർ അതേറ്റു പാടി.

കുഞ്ഞുങ്ങൾ മരണമടയുമ്പോൾ മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളിലും ഇന്നും ആചരിക്കുന്ന ഒന്നാണീ താരാട്ട്. ഔപചാരികമായ ഇസ്ലാമിക ആചാരങ്ങൾക്കും ഗൗരവമുള്ള പ്രാർത്ഥനയ്ക്കും ഖുർആൻ പാരായണത്തിനുമാണ് പ്രാധാന്യമെങ്കിലും കുടുംബങ്ങൾ ശവകുടീരങ്ങൾക്ക് സമീപം കുഞ്ഞിനെ അവസാനമായൊന്ന് പുണരുന്നത് പോലെ താരാട്ട് പാടാറുണ്ട്.

" എന്റെ കുഞ്ഞേ, ഉറങ്ങൂ.. " എന്നർത്ഥം വരുന്ന 'നമി നമി..' സ്വപ്നങ്ങളിലേക്ക് ക്ഷണിക്കുന്ന 'യല്ല ത്നാം...' സുരക്ഷിതത്വവും അമ്മയുടെ നെഞ്ചിലെ ചൂടും വാഗ്ദാനം ചെയ്യേണ്ട താരാട്ടുകൾ., ചിന്നിച്ചിതറിയ ഇളംശരീരങ്ങൾക്ക് മുന്നിൽ നിന്ന് പാടുന്ന വിലാപഗീതങ്ങളായി അവ മാറുന്നു.

നനഞ്ഞ മൺകൂനകൾക്കുള്ളിലേക്ക് തങ്ങളുടെ സ്വരമെത്തുമെന്നും തണുത്ത കുഞ്ഞു ശരീരങ്ങൾക്ക് അല്പം ചൂട് നൽകുമെന്നും പ്രതീക്ഷിച്ചെന്നപോലെ അമ്മമാർ വീണ്ടും വീണ്ടും അവ പാടിക്കൊണ്ടേയിരിക്കുന്നു.

ഉറക്കം വിട്ടുമാറാത്ത കണ്ണുകളിലുമ്മ വച്ച്, ലഞ്ച് ബോക്സുകൾ ബാഗിലുണ്ടോ എന്നുറപ്പ് വരുത്തി, 'നല്ലത് മാത്രം ചെയ്യൂ' എന്ന് മന്ത്രിച്ചു യാത്രയാക്കിയ നൂറ്റി അറുപത്തിയഞ്ചിലേറെ കുഞ്ഞുങ്ങളെയാണ് കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് തുരന്നെടുക്കേണ്ടി വന്നത്.

കൂട്ടക്കുഴിമാടങ്ങൾക്ക് മുന്നിൽ നടന്ന ചടങ്ങുകൾക്കിടയിൽ ഒരമ്മ തന്റെ മക്കളുടെ ചിത്രമുയർത്തി കണ്ണുനീരിറ്റുന്ന ശബ്ദത്തിൽ ലോകത്തോട് കാണാൻ ആവശ്യപ്പെട്ടു.

വെള്ളത്തുണിയിൽ പൊതിഞ്ഞ നിശ്ചല ശരീരങ്ങളല്ല, പകരം ആ തിളങ്ങുന്ന കണ്ണുകളും ചുണ്ടിലൊളിപ്പിച്ച ചിരിയും നിങ്ങൾ കാണൂ എന്ന് പറയും പോലെയാണ് അവർ അത് ഉയർത്തിപ്പിടിച്ചു നിന്നത്.

മിനാബിലെ കുഞ്ഞുങ്ങൾ വെറും നമ്പറുകളായി അവസാനിക്കരുത്. കൂടുതൽ താരാട്ടുകൾ യാത്രാമൊഴികളാകരുത്. ആ കുഞ്ഞുങ്ങളുടെ മാഞ്ഞുപോയ ചിരിയുടെ മുന്നിൽ പരാജയപ്പെട്ട ഒരു ജനതയായി നാം മാറരുത്.

ആ തെരുവുകളിൽ മുഴങ്ങിയ താരാട്ടുകൾ മറവിയ്‌ക്കെതിരെയുള്ള നിലവിളികളാണ്. അവരോട് കാട്ടുന്ന വഞ്ചനയാണ് നമ്മുടെ മൗനം. നീതി പുലരും വരെ മിനാബിലെ പേരുകൾ വീണ്ടും വീണ്ടും ആർത്തുവിളിക്കുക. വീണ്ടും വീണ്ടും..'


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FacebookLatest NewsHaritha SavitriUS Attack on Iran
News Summary - Haritha savithri facebook post on Israel attack on Iran
Next Story