Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ ഊർജം ഉപേക്ഷിക്കുക ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് എളുപ്പമല്ല; യു.എസ് ഉപരോധ ഇളവിൽ നിലപാടുമായി ട്രംപ് ഭരണകൂടം

text_fields
bookmark_border
റഷ്യൻ ഊർജം ഉപേക്ഷിക്കുക ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് എളുപ്പമല്ല; യു.എസ് ഉപരോധ ഇളവിൽ നിലപാടുമായി ട്രംപ് ഭരണകൂടം
cancel

വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പെട്ടെന്ന് അവസാനിപ്പിക്കാനാകില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. റഷ്യയിൽനിന്നുള്ള ഊർജ ഇറക്കുമതിയെ പ്രതിരോധിച്ചും ഉപരോധങ്ങൾ പരിശോധിച്ചും വരുന്നതിനിടയിലാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ സുപ്രധാന വിലയിരുത്തൽ.

റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണയോ പ്രകൃതിവാതകമോ വാങ്ങുന്ന ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യു.എസിലേക്കുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ തീരുവ ചുമത്തുന്ന ഉപരോധത്തിൽനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഇളവ് അനുവദിച്ചിരുന്നു. ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഈ നടപടി. റിപ്പബ്ലിക്കൻ സെനറ്ററും യുക്രെയ്ൻ അനുകൂലിയുമായിരുന്ന അന്തരിച്ച ലിൻഡ്സെ ഒ. ഗ്രഹാമിന്റെ സ്മരണാർഥമുള്ള ‘സെങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട്’ പ്രകാരമാണ് ഈ നിയമം രൂപീകരിച്ചിട്ടുള്ളത്.

ഉപരോധങ്ങളും തീരുവകളും ആഗോള സമ്പദ്‌വ്യവസ്ഥയെയും യു.എസ് സമ്പദ്‌വ്യവസ്ഥയെയും എങ്ങനെയൊക്കെ ബാധിക്കുമെന്ന് വിശകലനം ചെയ്യാൻ പ്രസിഡന്റ് ട്രംപ് 60 ദിവസത്തെ സമയം തേടിയിട്ടുണ്ടെന്ന് ഉസ്‌ബക്കിസ്താനിലേക്കും ഇന്ത്യയിലേക്കും പുറപ്പെടുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ റൂബിയോ വ്യക്തമാക്കി. ആഗോള ഊർജ വിപണിയിലെ സമ്മർദ്ദങ്ങളും നിലവിലെ സാഹചര്യങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

ആഗോളതലത്തിൽ നിലവിലുള്ള വെല്ലുവിളികൾ വിപണിയെ ബാധിക്കുന്നുണ്ടെന്നും, യു.എസ്-ഇറാൻ യുദ്ധം, സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണങ്ങൾ, റഷ്യ-യുക്രെയ്ൻ സംഘർഷം എന്നിവ ആഗോള വിലയെ സ്വാധീനിക്കുന്നുണ്ടെന്നും റൂബിയോ ചൂണ്ടിക്കാട്ടി.

ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങൾ ഊർജ സ്രോതസ്സുകളിൽ സ്വമേധയാ വൈവിധ്യവൽക്കരണം നടത്തിയിട്ടുണ്ടെങ്കിലും, റഷ്യയിൽനിന്ന് ഇപ്പോഴും ഗണ്യമായ തോതിൽ ഊർജം സ്വീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് അതിൽ നിന്ന് പിന്മാറുക എളുപ്പമല്ല. എങ്കിലും ഇന്ത്യ അമേരിക്കയുടെ സുപ്രധാന സഖ്യകക്ഷിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര ഇന്ധന വില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി റഷ്യയിൽനിന്ന് ഡീസൽ ഇറക്കുമതി ചെയ്യുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് ട്രംപ് ഇളവ് പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.

2022 ഫെബ്രുവരിയിൽ യുക്രെയ്ന്മേലുള്ള റഷ്യൻ അധിനിവേശത്തെ തുടർന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതോടെയാണ് റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യൻ റിഫൈനർമാർക്ക് ലാഭകരമായ ബദലായി മാറിയത്. യൂറോപ്യൻ യൂനിയൻ റഷ്യൻ എണ്ണ ഇറക്കുമതി നിരോധിച്ചപ്പോൾ ജി7 രാജ്യങ്ങൾ വിലക്കയറ്റം തടയാൻ വിലപരിധി നിശ്ചയിച്ചു.

പരമ്പരാഗത ഉപഭോക്താക്കൾ അകലം പാലിച്ചതോടെ മോസ്കോ വൻ വിലക്കിഴിവിൽ ഏഷ്യയിലേക്ക് എണ്ണ കയറ്റിവിട്ടു. 2023ന്റെ തുടക്കത്തിൽ റഷ്യൻ യുറൽസ് ഗ്രേഡിന് ബാരലിന് 40 ഡോളർ വരെ വിലക്കിഴിവ് ലഭിച്ചിരുന്നു.

ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവായ ഇന്ത്യ, പരമ്പരാഗത സ്രോതസ്സുകൾ യൂറോപ്പിലേക്ക് തിരിച്ചുവിട്ടതോടെയാണ് റഷ്യയിൽനിന്ന് ഇറക്കുമതി ആരംഭിച്ചത്. യുദ്ധത്തിന് മുൻപ് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമായിരുന്ന റഷ്യൻ എണ്ണ, പിന്നീട് ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് സ്രോതസ്സായി മാറി. ചില ഘട്ടങ്ങളിൽ ഇത് മൊത്തം ഇറക്കുമതിയുടെ 40-50 ശതമാനം വരെയായി ഉയർന്നിരുന്നു. കഴിഞ്ഞ മാസം മാത്രം ഏകദേശം 1.9 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ആണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഏകദേശം 35 ശതമാനത്തോളം വരും.

യു.എസ് കോൺഗ്രസ്‘സെങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട്' പാസാക്കിയതിന് പിന്നാലെ, 1.4 കോടി വരുന്ന തങ്ങളുടെ ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സെപ്റ്റംബർ 17ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

സ്രോതസ്സുകളിലെ വൈവിധ്യവൽക്കരണത്തിലൂടെയും വിപണിയിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിലും രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കുന്നത് തുടരും.

യു.എസ് ഉദ്യോഗസ്ഥരുമായി ഉന്നതതല ചർച്ചകളിൽ ഈ വിഷയം സംസാരിച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധത്തെയും ആഗോള ഊർജ വിപണിയെയും ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഇന്ത്യൻ പക്ഷം വ്യക്തമായി ഉന്നയിച്ചിട്ടുണ്ട്.തങ്ങളുടെ വ്യാപാര, സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hard for India to quit Russian energy quickly, US says on tariff waiver
Next Story