കപ്പലിലെ ഹന്താവൈറസ് ബാധ; യാത്രക്കാരെ ഒഴിപ്പിച്ചുതുടങ്ങി
text_fieldsഹന്താവൈറസ് ബാധ സ്ഥിരീകരിച്ച ആഡംബരക്കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കാൻ ബോട്ടുകൾ എത്തുന്നു
മഡ്രിഡ്: ഹന്താവൈറസ് ബാധ സ്ഥിരീകരിച്ച ആഡംബരക്കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ചുതുടങ്ങി. വിവിധ രാജ്യക്കാരായ യാത്രികരെ അവരുടെ രാജ്യങ്ങളിൽനിന്നെത്തിയ വിമാനങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോയി. ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിക്കാനായില്ലെന്നും നാട്ടിലെത്തിച്ച് വിശദ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. എല്ലാ യാത്രക്കാരെയും 42 ദിവസം ക്വാറൈന്റനിലാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്.
സ്പാനിഷ്, ഫ്രഞ്ച് സ്വദേശികളെയാണ് ആദ്യം ഒഴിപ്പിച്ചത്. കപ്പലിൽനിന്ന് സൈനിക ട്രക്കുകളിൽ ടെനറിഫെ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു. കാനഡ, നെതർലൻഡ്സ്, യു.കെ, തുർക്കിയ, അയർലൻഡ്, യു.എസ്, ജർമൻ, ബെൽജിയം, ഗ്രീസ്, ആസ്ട്രേലിയ രാജ്യക്കാരും യാത്രക്കാരായുണ്ട്. തിങ്കളാഴ്ചയോടെ എല്ലാവരെയും കപ്പലിൽനിന്ന് ഒഴിപ്പിച്ച് നാട്ടിലെത്തിക്കൽ പൂർത്തിയാക്കും.
യാത്രക്കാരിലൊരാൾ മരിച്ച് 21 ദിവസം കഴിഞ്ഞ് മേയ് രണ്ടിനാണ് എം.വി ഹോണ്ടിയസ് കപ്പലിൽ ഹന്താവൈറസ് സ്ഥിരീകരിച്ചത്. മൂന്നുപേർ ഇതിനകം രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ കേപ് വെർഡെയിലായിരുന്ന കപ്പൽ രക്ഷാപ്രവർത്തനം സുഗമമാക്കാൻ സ്പെയിനിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയോടെയാണ് യാത്രക്കാരും ജീവനക്കാരുമായി 100ലേറെ പേരുള്ള കപ്പൽ ഗ്രനഡില തുറമുഖ പരിസരത്തെത്തിയത്. ആഴക്കടലിൽ നങ്കൂരമിട്ട കപ്പലിൽനിന്നാണ് യാത്രക്കാരെ പുറത്തെത്തിക്കുന്നത്.അർജന്റീന, ചിലി രാജ്യങ്ങളിലടക്കം സഞ്ചരിക്കവെ കപ്പലിനു പുറത്തുനിന്നായിരിക്കാം യാത്രികർക്ക് ഹന്താവൈറസ് ബാധിച്ചതെന്നാണ് നിഗമനം. രോഗം കപ്പലിൽ ഇതിനകം എട്ടുപേർക്ക് ബാധിച്ചിട്ടുണ്ട്. ഇവരിൽ മൂന്നുപേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

