ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ ലക്ഷ്യമിട്ട് ഇസ്രായേൽസേന ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്
text_fieldsഗസ്സ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവർ
ഗസ്സ: ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ ലക്ഷ്യമിട്ട് ഇസ്രായേൽ വൻ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം നടത്തിയ ആക്രമണം മുഹമ്മദ് സിൻവാറിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധസേന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുറോപ്യൻ ആശുപത്രിയിൽ നടത്തിയ ആക്രമണം സിൻവാറിനെ ലക്ഷ്യമിട്ടുള്ളതാണെന്ന ന്യായമാണ് ഇസ്രായേൽ നിരത്തുന്നത്. എന്നാൽ, സിൻവാർ യുറോപ്യൻ ആശുപത്രിയിൽ ഉണ്ടെന്നതിന് ഒരു തെളിവും ഈ നിമിഷം വരെ ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല. ഖാൻ യൂനിസിലെ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്.
ദൃശ്യങ്ങളിൽ പ്രദേശത്ത് നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് കാണാം. ഇസ്രായേൽ എയർഫോഴ്സ് യുദ്ധവിമാനമാണ് പ്രദേശത്ത് ബോബ് ഉപയോഗിച്ച് ആക്രമണം നടത്തിയത്.ആക്രമണത്തിൽ 16 പേർ മരിച്ചുവെന്നും 70 പേർക്ക് പരിക്കേറ്റുവെന്നും ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ, സിൻവാറിനെ കുറിച്ച് ഹമാസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല.
ഇസ്രായേലിന്റെ കടുത്ത ഉപരോധത്തിൽ ഗസ്സ ഗുരുതരമായ ക്ഷാമത്തിലേക്കെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുദ്ധത്തിൽ തകർത്തെറിഞ്ഞ ഫലസ്തീൻ പ്രദേശത്ത് ഉപരോധം ഏർപ്പെടുത്തി 10 ആഴ്ചകൾ പിന്നിട്ടിരിക്കവെയാണിത്. ഭക്ഷണം, മരുന്ന്, പാർപ്പിടം, ഇന്ധനം എന്നിവയുൾപ്പെടെ എല്ലാ സഹായങ്ങളുടെയും വിതരണങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.
2024 ഒക്ടോബറിലെ അവസാന വിലയിരുത്തൽ മുതൽ ഗസ്സയിലെ ഭക്ഷ്യസുരക്ഷാ സാഹചര്യത്തിൽ വൻ തകർച്ച ഉണ്ടായിട്ടുണ്ടെന്നും അവിടെ താമസിക്കുന്ന ഫലസ്തീനികൾ ഗുരുതരമായ ക്ഷാമ സാധ്യത നേരിടുന്നുണ്ടെന്നും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

