‘ഹമാസിനെ നിരായുധീകരിക്കുകയോ തുടച്ചുനീക്കുകയോ ചെയ്യും, ഇറാൻ ഭീഷണിയില്ലാതാക്കും’; ഫ്ലോറിഡയിൽ കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും
text_fieldsഫ്ലോറിഡ: ഹമാസിന്റെ നിരായുധീകരണവും ഇറാന്റെ ഭീഷണിയെ ഇല്ലാതാക്കലും മുഖ്യ അജണ്ടയാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഫ്ലോറിഡ കൂടിക്കാഴ്ച.
മാർ എ ലാഗോയിൽ നടന്ന ഉച്ചഭക്ഷണ യോഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ, നിരായുധീകരിക്കണമെന്ന് ട്രംപ് ഹമാസിന് താക്കീതു നൽകുകയും ബാലിസ്റ്റിക് മിസൈൽ പദ്ധതി വികസിപ്പിക്കാൻ ശ്രമിച്ചാൽ ബോംബിടുമെന്ന് ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മിക്ക വിഷയങ്ങളിലും തങ്ങൾ ‘വിശാലമായ ധാരണയി’ലായെന്ന് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. എന്നാൽ, ഗസ്സക്കുള്ള യു.എസ് മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയുടെ രണ്ടാം രണ്ടാംഘട്ടം എപ്പോൾ പ്രാബല്യത്തിൽ വരുമെന്നതിൽ ഇരുവരും വ്യക്തത വരുത്തിയില്ല.
ഹമാസിനെ നിരായുധീകരിക്കുകയോ തുടച്ചുനീക്കപ്പെടുകയോ ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. നിരായുധീകരിക്കാൻ അവർക്ക് വളരെ കുറഞ്ഞ സമയം മാത്രമേ നൽകൂ. എന്നാൽ, സമ്മതിച്ചതുപോലെ നിരായുധീകരിച്ചില്ലെങ്കിൽ അവർക്ക് നരകയാതന അനുഭവിക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കാൻ വിസമ്മതിച്ചാൽ അത് അവർക്ക് ഭയാനകമായിരിക്കും. നിരായുധീകരിക്കുന്നില്ലെങ്കിൽ ചില രാജ്യങ്ങൾ അവ തുടച്ചുനീക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവകാശപ്പെട്ടു.
ഗസ്സയിലെ രണ്ടാം ഘട്ട വെടിനിർത്തൽ സംബന്ധിച്ച് വ്യക്തതയില്ല
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയിലെ ഒരു പ്രധാന കാര്യം, ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല എന്നതാണ്. പദ്ധതിയുടെ ആദ്യഘട്ടം ഏതാണ്ട് പൂർത്തിയായി. മരിച്ചതായി കരുതപ്പെടുന്ന ഒരു ബന്ദിയൊഴികെ മറ്റെല്ലാവരെയും ഹമാസ് ഇസ്രായേലിന് തിരികെ നൽകി. രണ്ടാം ഘട്ടത്തിൽ ഹമാസ് നിരായുധീകരിക്കുകയും ഇസ്രായേൽ ഗസ്സ മുനമ്പിന്റെ ഭൂരിഭാഗവും ഉപേക്ഷിക്കുകയും വേണം. പ്രദേശത്ത് ഒരു ‘സാങ്കേതിക വിദഗ്ദ്ധ’ പാലസ്തീൻ ഭരണകൂടം സ്ഥാപിക്കുന്നതും ഒരു അന്താരാഷ്ട്ര പൊലീസ് സേനയെ വിന്യസിക്കുന്നതും ഇതിൽ ഉൾപ്പെടും. ഗസ്സയുടെ പുനർനിർമാണവും ആരംഭിക്കുമെന്നുമാണ് അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

