ട്രംപിന്റെ സന്ദർശനത്തിന് മുമ്പ് അവസാനത്തെ അമേരിക്കൻ ബന്ദിയായ ഏദൻ അലക്സാണ്ടറിനെ മോചിപ്പിക്കുമെന്ന് ഹമാസ്
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ തടവിലാക്കിയ ഇസ്രായേലി-അമേരിക്കൻ ബന്ദിയായ ഏദൻ അലക്സാണ്ടറിനെ മോചിപ്പിക്കുമെന്ന് ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിന് മുന്നോടിയായാണ് ഹമാസ് തടവിലാക്കിയ അവസാനത്തെ അമേരിക്കൻ ബന്ദിയെന്ന് കരുതപ്പെടുന്ന അലക്സാണ്ടറെ മോചിപ്പിക്കുക.
ചൊവ്വാഴ്ച മോചനമുണ്ടാവുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. വെടിനിർത്തൽ കരാറിലെത്താനും ഉപരോധത്താൽ വലയുന്ന ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഹമാസ് പറഞ്ഞു. അലക്സാണ്ടറുടെ മോചനത്തിലേക്ക് നയിച്ച നേരിട്ടുള്ള ‘ചതുർമുഖ’ ചർച്ചകൾ യു.എസ്, ഖത്തർ, ഈജിപ്ത്, ഹമാസ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തമ്മിൽ നടന്നതായി സ്രോതസ്സിന്റെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറിലേക്കു നയിക്കുന്ന സജീവമായ ചർച്ചകൾ ഉടൻ ആരംഭിക്കുന്നതിന് സന്നദ്ധമായാൽ മുഴുവൻ തടവുകാരെയും കൈമാറുമെന്നും ഹമാസ് അറിയിച്ചതായി അവർ കൂട്ടിച്ചേർത്തു.
‘ഇത് ഒരു നല്ല മുന്നേറ്റമാണ്. കൂടാതെ മറ്റ് നാല് അമേരിക്കക്കാരുടെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ ഞങ്ങൾ ഹമാസിനോട് ആവശ്യപ്പെടുമെന്നും’ യു.എസ് പ്രത്യേക പ്രതിനിധി ആദം ബോഹ്‌ലർ പറഞ്ഞു. ഗസ്സയിൽ തടവിലാക്കപ്പെട്ട യു.എസ് ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിന് യു.എസ് മുമ്പും ഹമസുമായി ചർച്ച നടത്തിയിരുന്നു. ഈ ആഴ്ച പശ്ചിമേഷ്യ സന്ദർശിക്കുന്ന ട്രംപിനോടുള്ള സൗഹാർദ സൂചനയായി അമേരിക്കൻ-ഇസ്രായേൽ ബന്ദിയായ അലക്സാണ്ടറെ ഹമാസിന് ഉടൻ മോചിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിദേശകാര്യ- പ്രതിരോധ കമ്മിറ്റിയുടെ അടച്ചിട്ട സെഷനിൽ പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചില്ലെന്നും റോയിട്ടേഴ്സ് പറഞ്ഞു.
ജനുവരി 19ന് ആരംഭിച്ച വെടിനിർത്തൽ പ്രകാരം ഹമാസ് 38 ബന്ദികളെ വിട്ടയച്ചിരുന്നു. മാർച്ചിൽ, ഇസ്രായേൽ സൈന്യം ഗസ്സയിൽ കര, വ്യോമ ആക്രമണം പുനഃരാരംഭിച്ചു. ശേഷിക്കുന്ന 59 ബന്ദികളെ മോചിപ്പിക്കുകയും ഗസ്സയെ സൈനികവൽക്കരിക്കുകയും ചെയ്യുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു ശക്തമായ കരാറിന്റെ ഭാഗമായി മാത്രമേ ബന്ദികളെ മോചിപ്പിക്കൂ എന്ന് ഹമാസ് അറിയിച്ചു.
2023 ഒക്ടോബർ 7ന് പിടികൂടിയ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ തയ്യാറാണെന്നും ഇസ്രായേൽ ഗസ്സയിൽനിന്ന് പൂർണമായും പിന്മാറിയാൽ സ്ഥിരമായ വെടിനിർത്തലിന് സമ്മതിക്കുമെന്നും ഹമാസ് അറിയിച്ചു. ഗസ്സയുടെ മൂന്നിലൊന്ന് പ്രദേശത്തിന്റെ നിയന്ത്രണം ഇപ്പോൾ ഇസ്രായേലിന്റെ കൈകളിലാണ്. മാർച്ച് മുതൽ ഇവിടേക്കുള്ള സഹായത്തിന് കടുത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രായേൽ. മെയ് മുതൽ ഗസ്സ ആക്രമണം വിപുലീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

