പട്ടിണി യുദ്ധവും ഉന്മൂലനവും ഇസ്രായേൽ അവസാനിപ്പിക്കാതെ ഒരു ചർച്ചക്കും തയാറല്ല –ഹമാസ്
text_fieldsഗസ്സ സിറ്റി: ഗസ്സ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രായേൽ തീരുമാനിച്ച സാഹചര്യത്തിൽ പുതിയ വെടിനിർത്തൽ, ബന്ദി മോചന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഹമാസ്. പട്ടിണി യുദ്ധവും ഉന്മൂലന യുദ്ധവും ഇസ്രായേൽ അവസാനിപ്പിക്കാതെ ഒരു ചർച്ചക്കും തയാറല്ലെന്നും മുതിർന്ന ഹമാസ് നേതാവ് ബാസിം നയീം പറഞ്ഞു. ഹമാസിനെ പരാജയപ്പെടുത്താനും ബന്ദികളെ പൂർണമായും തിരിച്ചുകൊണ്ടുവരാനും ഗസ്സ പൂർണമായും സൈനിക നടപടിയിലൂടെ പിടിച്ചെടുക്കാൻ കഴിഞ്ഞ ദിവസം ഇസ്രായേൽ മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഫലസ്തീനികളെ പൂർണമായും ഒഴിപ്പിച്ചായിരിക്കും ഗസ്സ മുനമ്പ് പിടിച്ചെടുക്കുകയെന്നും ഇസ്രായേൽ സൈന്യത്തിന്റെ മുഖ്യ വക്താവ് എഫി ഡെഫ്രിൻ വ്യക്തമാക്കിയിരുന്നു.
2023 ഒക്ടോബർ ഏഴ് സംഭവത്തിനു പിന്നാലെ ഇസ്രായേൽ തുടങ്ങിയ ആക്രമണത്തിൽ ഗസ്സയിലെ 23 ലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും പലതവണ കുടിയിറക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഒഴിഞ്ഞുപോകണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്ന് ഗസ്സയിലെ ഫലസ്തീനികൾ അൽ ജസീറയോട് പറഞ്ഞു.
അതേസമയം, ഗസ്സയിൽ പൂർണ വെടിനിർത്തൽ നടപ്പാക്കാനുള്ള ചർച്ചക്ക് മധ്യസ്ഥത വഹിക്കുന്നത് തുടരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ദി മോചനത്തിന് പട്ടിണി ആയുധമാക്കരുതെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. നിഷ്പക്ഷ മധ്യസ്ഥൻ എന്ന നിലയിൽ ഖത്തറിന്റെ പങ്ക് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. സൈനിക നടപടിയിലൂടെ മോചിപ്പിക്കപ്പെട്ടതിനേക്കാൾ കൂടുതൽ ബന്ദികളെ മധ്യസ്ഥ ശ്രമങ്ങളിലൂടെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.
ഗസ്സ പൂർണമായും പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ വിവിധ ലോക രാജ്യങ്ങൾ രംഗത്തെത്തി. ഇസ്രായേൽ ആക്രമണത്തെ എതിർക്കുന്നതായി ചൈന വ്യക്തമാക്കി. നിലവിലെ ഇസ്രായേൽ-ഫലസ്തീൻ ഏറ്റുമുട്ടലിൽ ചൈന അങ്ങേയറ്റം ആശങ്കാകുലരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ഇസ്രായേൽ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റ് വ്യക്തമാക്കി. നീക്കം മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള ശ്രമത്തിലാണ് ഫ്രാൻസ് എന്നും ആർ.ടി.എൽ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ബാരറ്റ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

