സ്വതന്ത്ര ഫലസ്തീൻ രൂപീകരിക്കുന്നത് വരെ ആയുധം താഴെവെക്കില്ലെന്ന് ഹമാസ്
text_fieldsഗസ്സ: സ്വതന്ത്ര ഫലസ്തീൻ രുപീകരിക്കുന്നത് വരെ ആയുധം താഴെവെക്കില്ലെന്ന് ഹമാസ്. ഗസ്സയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി ഇസ്രായേൽ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ഹമാസിന്റെ നിരായുധീകരണമായിരുന്നു. ഇതിന് സമ്മതമില്ലെന്നാണ് ഹമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ജറുസലേം കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രുപീകരിക്കണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ഹമാസ് ആവശ്യപ്പെടുന്നത്.
ഇസ്രായേലിന്റെ തീമഴ തുടരുന്നതിനിടെ, അമേരിക്കയുടെ പ്രത്യേക ദൂതൻ കഴിഞ്ഞ ദിവസം ഗസ്സയിലെത്തിയിരുന്നു. മേഖലയിൽ ഭക്ഷ്യ വിതരണ മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന സൈനികാക്രമണത്തിന്റെ നിജസ്ഥിതി അറിയുന്നതിനും മറ്റുമായാണ് സ്റ്റീവ് വിറ്റ്കോഫ് ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക് ഹുക്കാബീയുമൊത്ത് ഗസ്സയിലെത്തിയത്. കഴിഞ്ഞ 36 മണിക്കൂറിനിടെ ഗസ്സയിൽ നൂറിലധികം പേർ ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
വെള്ളിയാഴ്ച രാത്രി മുതൽ ഇസ്രായേൽ ആക്രമണം കനപ്പിച്ചിരിക്കുകയാണ്. ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന സിക്കിമിൽ ഭക്ഷ്യസഹായ വാഹനങ്ങളെ കാത്തിരുന്ന ജനക്കൂട്ടത്തിനുനേരെയാണ് ആക്രമണമുണ്ടായത്. മേഖലയിലെ അൽ സറായ ഫീൽഡ് ആശുപത്രിയിൽ നൂറിലധികം മൃതദേഹങ്ങളെത്തിയെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച റഫയിലും ഇസ്രായേൽ ആക്രമണമുണ്ടായി. ഇവിടെ 17 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയും ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾക്കുനേരെ ആക്രമണമുണ്ടായി.
ഗസ്സയിൽ യു.എസ് നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനയായ ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) ആണ് ഭക്ഷ്യ സഹായവും മറ്റും ചെയ്യുന്നത്. ഇതര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ സൈന്യം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജി.എച്ച്.എഫിന്റെ ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിൽ ഒത്തുചേരുന്ന ഫലസ്തീനികളെ ഇസ്രായേൽ ആക്രമിക്കുകയാണ്.
90 ദിവസത്തിനിടെ, ഭക്ഷ്യ കേന്ദ്രങ്ങൾക്കടുത്ത് മാത്രം 1800ലധികം പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിനായി ഫലസ്തീനികൾക്ക് ഒരൊറ്റ കേന്ദ്രത്തെ മാത്രമായി ആശ്രയിക്കേണ്ടിവന്നത് മേഖലയെ പട്ടിണിയിലേക്കെത്തിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവുമൂലം മരിച്ചു. ഇക്കാര്യങ്ങളുടെയെല്ലാം വാസ്തവമറിയാനാണ് യു.എസ് ദൂതനിപ്പോൾ ഗസ്സയിലെത്തിയിരിക്കുന്നത്. ഇസ്രായേൽ സൈനികരുടെ അകമ്പടിയോടെ ഇരുവരും ഗസ്സയിലെ വിവിധ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

