ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ കടത്തിവിട്ടാൽ ഇസ്രായേലി ബന്ദികൾക്ക് സഹായമെത്തിക്കാൻ റെഡ്ക്രോസിനെ അനുവദിക്കാം -നെതന്യാഹുവിന് ഹാമാസിന്‍റെ മറുപടി
text_fieldsഗസ്സ സിറ്റി: ഹമാസിന്‍റെ തടവിലുള്ള ബന്ദികളുടെ എല്ലും തോലുമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അവർക്ക് റെഡ്ക്രോസ് സഹായമെത്തിക്കണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ അഭ്യർഥനയോട് പ്രതികരിച്ച് ഹമാസ്. ഗസ്സയിലേക്കുള്ള മാനുഷിക സഹായ ഇടനാഴികൾ തുറന്ന് ഭക്ഷണവും സഹായവസ്തുക്കളും അനുവദിച്ചാൽ ഇസ്രായേലി ബന്ദികളെ സഹായിക്കാൻ റെഡ് ക്രോസിനെ അനുവദിക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തങ്ങളുടെ തടവിലുള്ള ബന്ദിയുടെ എല്ലും തോലുമായ ദൃശ്യങ്ങൾ ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടത്. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളിൽ ഇസ്രായേൽ പൗരന്മാരുമുണ്ടെന്ന് ഓർമിപ്പിച്ചാണ് അൽ ഖസ്സാം ബ്രിഗേഡ് വീഡിയോ പുറത്തുവിട്ടത്. ഗസ്സയിലെ തുരങ്കത്തിനുള്ളിൽ പട്ടിണികിടന്ന് മെലിഞ്ഞൊട്ടി, എല്ലുകൾ ഉന്തിയ ശരീരവുമായി സ്വന്തം ശവക്കുഴി ഒരുക്കുന്ന ബന്ദിയുടെ ദൃശ്യമായിരുന്നു അത്.
കുഞ്ഞുങ്ങളും യുവാക്കളുമടക്കം വിശന്നുമരിക്കുന്ന ഗസ്സയിൽനിന്നും ഒരു ഇസ്രായേൽ പൗരന്റെ പട്ടിണിക്കോലം ലോകത്തിന് മുന്നിലെത്തിയതോടെ നെതന്യാഹുവിനെതിരെ സ്വന്തം രാജ്യത്ത് തന്നെ കടുത്ത പ്രതിഷേധമുയർന്നു. തുടർന്നാണ്, ബന്ദികൾക്ക് റെഡ്ക്രോസ് സഹായമെത്തിക്കണമെന്ന് നെതന്യാഹു അഭ്യർഥിച്ചത്. റെഡ്ക്രോസ് തലവൻ ജൂലിയൻ ലെറിസണെ ടെലിഫോണിൽ വിളിച്ചാണ് അഭ്യർഥന നടത്തിയത്. അഭയാർഥികൾക്ക് ഉടനടി ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കണമെന്നാണ് നെതന്യാഹു അഭ്യർഥിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസും അറിയിച്ചിരുന്നു. ഇതിന് മറുപടിയാണ് ഹമാസ് ഇപ്പോൾ നൽകിയിരിക്കുന്നത്.
ഗസ്സ മുനമ്പിലെ എല്ലാ പ്രദേശങ്ങളിലേക്കും ഭക്ഷണവും മരുന്നും എത്തിക്കുന്നതിനായി മാനുഷിക ഇടനാഴികൾ തുറന്നാൽ, ശത്രു തടവുകാർക്ക് ഭക്ഷണവും മരുന്നും എത്തിക്കാനുള്ള റെഡ് ക്രോസിന്റെ ഏതൊരു അഭ്യർത്ഥനയ്ക്കും അനുകൂലമായി പ്രതികരിക്കാൻ തയാറാണ് എന്നാണ് അൽ-ഖസ്സാം ബ്രിഗേഡ് പ്രസ്താവനയിൽ അറിയിച്ചത്. ഇസ്രായേൽ പട്ടിണിക്കിട്ട് കൊല്ലുക എന്ന നയം സ്വീകരിക്കുന്നതിനാൽ, ബന്ദികൾക്ക് മാത്രമായി പ്രത്യേക ഭക്ഷണ ആനുകൂല്യമൊന്നും നൽകാനാവില്ലെന്നും ഹമാസ് വ്യക്തമാക്കി..
ബന്ദികളെ മനഃപൂർവ്വം പട്ടിണികിടക്കുന്നില്ല, ഞങ്ങളുടെ പോരാളികളും പൊതുജനങ്ങളും കഴിക്കുന്ന അതേ ഭക്ഷണമാണ് അവരും കഴിക്കുന്നത്. പട്ടിണിയുടെയും ഉപരോധത്തിന്റെയും കുറ്റകൃത്യങ്ങൾക്കിടയിൽ അവർക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല -ഹമാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

