ട്രംപിന്റെ വെടിനിർത്തൽ പദ്ധതി ലഭിച്ചില്ലെന്ന് ഹമാസ്
text_fieldsഡോണൾഡ് ട്രംപ്
കൈറോ: ഗസ്സയിൽ വെടിനിർത്തൽ ഉടനെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുമ്പോഴും പദ്ധതി സംബന്ധിച്ച് തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ഹമാസ്.
നൂറുകണക്കിന് ഫലസ്തീനി തടവുകാരെ വിട്ടയക്കുകയും ഇസ്രായേൽ സൈനികരിൽ ഭൂരിപക്ഷത്തെയും പിൻവലിക്കുകയും ചെയ്യുന്നതിന് പകരം എല്ലാ ഇസ്രായേലീ ബന്ദികളെയും വിട്ടയക്കാൻ ഹമാസ് സമ്മതിച്ചതായി അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. ഗസ്സയിൽ ഹമാസ് ഭരണം സമ്പൂർണമായി അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതാണ് കരാർ. പ്രദേശം കൂട്ടിച്ചേർക്കുമെന്ന ഇസ്രായേൽ പദ്ധതി ഉപേക്ഷിക്കുന്നതിന് പകരമായാണ് ഹമാസിനെ സമ്പൂർണമായി നിരായുധീകരിക്കുകയും പുറത്താക്കുകയും ചെയ്യുന്നത്. ഹമാസിന് മുന്നിൽ ഒരു പദ്ധതിയും അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ അറിയിച്ചു.
ട്രംപിന്റെ പദ്ധതിയെക്കുറിച്ച് ഇസ്രായേലും പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ ചർച്ച ചെയ്യാൻ യു.എസ് പ്രസിഡന്റ് ട്രംപ് ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കാണുന്നുണ്ട്. അതേസമയം, ട്രംപ് അവതരിപ്പിച്ച 21 ഇന വെടിനിർത്തൽ പദ്ധതി പ്രകാരം ഗസ്സയിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഗവർണർ ജനറൽ പദവി വഹിക്കുമെന്നാണ് സൂചന.
കൂട്ടനശീകരണായുധങ്ങൾ കൈവശം വെച്ചെന്നാരോപിച്ച് യു.എസ് നേതൃത്വം നൽകിയ സഖ്യസേന 2003ൽ ഇറാഖ് അധിനിവേശം നടത്തിയ കാലത്ത് ബ്രിട്ടീഷ് ചുമതല വഹിച്ചിരുന്നത് ടോണി ബ്ലെയറാണ്. ഇറാഖിനും സദ്ദാം ഹുസൈനുമെതിരായ ആരോപണം നുണയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. അതിന് നേതൃത്വം നൽകിയ ബ്ലെയർ യുദ്ധക്കുറ്റവാളിയാണെന്ന് ചില അറബ് രാജ്യങ്ങൾ കുറ്റപ്പെടുത്തുന്നു. അതിനിടെയാണ് ഹമാസിനെ പുറത്താക്കി പകരമെത്തുന്ന രാജ്യാന്തര ഭരണത്തിന് ഇതേ ബ്ലെയർ നേതൃത്വം നൽകുന്നത്.
ട്രംപ് മുന്നോട്ടുവെക്കുന്ന കരാർ പ്രകാരം ബ്ലെയർ ഭരിക്കുമെന്ന് മാത്രമല്ല, ബന്ദികളെ ഒറ്റനാളിൽ ഹമാസ് മോചിപ്പിക്കും. അതിനു പകരം സഹായം ഗസ്സയിലേക്ക് കടത്തിവിടുകയും നൂറുകണക്കിന് ഫലസ്തീനി തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. എന്നാൽ, ഗസ്സ സിറ്റിയിലെ ഇസ്രായേൽ ആക്രമണത്തെതുടർന്ന് രണ്ട് ബന്ദികളുമായി തങ്ങൾക്ക് ബന്ധം നഷ്ടമായതായി ഹമാസ് അറിയിച്ചിട്ടുണ്ട്.
ഗസ്സയിൽ 57 മരണം
ഗസ്സ സിറ്റി: ഭക്ഷണം ലഭിക്കാതെ ലക്ഷങ്ങൾ കുരുങ്ങിക്കിടക്കുന്ന ഗസ്സ സിറ്റിയിൽ ആക്രമണം രൂക്ഷമാക്കി ഇസ്രായേൽ. നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ രണ്ടുതവണകളിലായി നടത്തിയ ആക്രമണങ്ങളിൽ 22 പേർ കൊല്ലപ്പെട്ടു. ആദ്യ ആക്രമണത്തിൽ വീടിനുമേൽ ബോംബ് വർഷിച്ച് കുടുംബത്തിലെ ഒമ്പതുപേരെയും മറ്റൊരു സമാന ബോംബിങ്ങിൽ സ്ത്രീകളും കുട്ടികളുമടക്കം 13 പേരുമാണ് കൊല്ലപ്പെട്ടത്. അഭയാർഥികൾ കഴിഞ്ഞ വീട് ആക്രമിച്ച് അഞ്ചുപേരെയും ഇസ്രായേൽ കൊന്നു. ഗസ്സയിൽ ചുരുങ്ങിയത് 40ലേറെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, മരണസംഖ്യ 66,000 പിന്നിട്ടു. അതിനിടെ, ഖാൻ യൂനുസിൽ ഭക്ഷണം കിട്ടാതെ രണ്ടരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങി. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ലക്ഷ്യമിട്ട് ഇസ്രായേൽ ടാങ്കുകളും കവചിത വാഹനങ്ങളും നീങ്ങുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. 159 രോഗികൾ ഇവിടെ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

