ഒരു ഇസ്രായേലി സൈനികന്‍റെ മൃതദേഹം കൂടി കണ്ടെടുത്ത് ഹമാസ്; ഗസ്സയിലും വെസ്റ്റ് ബാങ്കിലും വീണ്ടും ആക്രമണം
text_fieldsറഫാ: ഇസ്രായേൽ തകർത്ത ഗസ്സയിലെ കെട്ടിട അവിശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഒരു സൈനികന്‍റ മൃതദേഹം കൂടി ഹമാസ് കണ്ടെടുത്തു. തെക്കൻ റഫായിലെ ടണലിൽ നിന്ന് ഇസ്രായേലി സൈനികൻ ലഫ്റ്റനന്‍റ് ഹദർ ഗോൾഡിന്‍റെ ശരീരാവിശിഷ്ടങ്ങളാണ് തിരിച്ചലിൽ കണ്ടെത്തിയത്.
അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിലുള്ള ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. മധ്യ ബുറൈജിനെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന ഒരാളെയും പ്രദേശത്തിന്‍റെ വടക്ക്, തെക്ക് ഭാഗങ്ങളിലുള്ള രണ്ടു പേരെയും ഇസ്രായേൽ കൊലപ്പെടുത്തി.
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു ഫലസ്തീൻ പൗരനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. തുബാസിന് തെക്കുള്ള ഫറാ അഭയാർഥി ക്യാമ്പിലാണ് സംഭവം. കൂടാതെ, വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാർ പ്രദേശത്തെ ഫലസ്തീൻ കർഷകർക്ക് നേരെ ആക്രമണം തുടരുകയാണ്.
അതേസമയം, ഗസ്സയിൽ രണ്ടുവർഷം മുമ്പ് ഇസ്രായേൽ ആരംഭിച്ച ആക്രമണത്തിൽ 69,169 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 170,685 പേർക്ക് പരിക്കേറ്റു. ഒക്ടോബർ 10ന് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു വരുകയാണ്. ഇതാണ് മരണസംഖ്യ ഉയരാൻ കാരണം. തിരിച്ചറിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതും മരണസംഖ്യ ഉയരാൻ കാരണമാകുന്നുണ്ട്.
അതിനിടെ, ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാഗമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി ഇസ്രായേൽ വിട്ടുകൊടുത്തു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ലിയോർ റുഡേഫിന്റെ മൃതദേഹമാണിതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ഓഫിസ് സ്ഥിരീകരിച്ചു.
ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷം ഹമാസ് 23 ഇസ്രായേൽ ബന്ദികളുടെ മൃതദേഹങ്ങളാണ് വിട്ടുനൽകിയത്. വെള്ളിയാഴ്ച ഒരു ഇസ്രായേൽ ബന്ദിയുടെ മൃതദേഹം ഹമാസ് വിട്ടുനൽകിയിരുന്നു. ഇനി അഞ്ച് ബന്ദികളുടെ മൃതദേഹങ്ങൾ ലഭിക്കാനുണ്ട്. ഇസ്രായേൽ ഇതുവരെ 300 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

