ഗസ്സ യുദ്ധം തീർക്കാൻ മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്
text_fieldsഗസ്സ: ഇസ്രായേലി ബന്ദികളുടെ മോചനത്തിനും സമ്പൂർണ വെടിനിർത്തലിനുമായി 45 ദിവസം വീതമുള്ള മൂന്നുഘട്ട പദ്ധതിയുമായി ഹമാസ്. മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുന്നോട്ടുവെച്ച വെടിനിർത്തൽ പദ്ധതിക്ക് മറുപടിയായാണ് ഹമാസിന്റെ നിർദേശം.
നാലര മാസം നീളുന്ന വെടിനിർത്തൽ കാലയളവിനിടെ അവശേഷിക്കുന്ന മുഴുവൻ ബന്ദികളെയും ഹമാസ് കൈമാറും. അവസാന ബന്ദിയെയും കൈമാറിയാൽ ഇസ്രായേൽ സൈന്യം പൂർണമായി ഗസ്സയിൽനിന്ന് പിന്മാറണം. ഇതിനുശേഷം ആക്രമണം ഉണ്ടാകില്ലെന്ന് മധ്യസ്ഥർക്കുപുറമെ അമേരിക്ക, തുർക്കിയ, റഷ്യ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഉറപ്പുനൽകണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. നിർദേശത്തോട് ഇസ്രായേലിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. തെൽഅവീവ് സന്ദർശനം നടത്തുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും യുദ്ധ മന്ത്രിസഭയുമായും വിഷയം ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്.
45 ദിവസത്തെ ആദ്യ വെടിനിർത്തൽ ഘട്ടത്തിൽ സ്ത്രീകളും കുട്ടികളും വയോധികരും രോഗികളുമായ ബന്ദികളെ ഹമാസ് വിട്ടയക്കും. ഇതിനു പകരമായി 1500 ഫലസ്തീനി തടവുകാരെ ഇസ്രായേൽ മോചിപ്പിക്കണം. പ്രതിദിനം 500 ട്രക്ക് സഹായവസ്തുക്കളും ഇന്ധനവും ഗസ്സയിലുടനീളം എത്തിക്കണം. വീടുവിടേണ്ടിവന്ന ഫലസ്തീനികളെ തിരികെയെത്താൻ അനുവദിക്കുകയും സഞ്ചാര സ്വാതന്ത്ര്യം നൽകുകയും വേണം. 60,000 താൽക്കാലിക വസതികളും രണ്ടുലക്ഷം ടെന്റുകളും നിർമിക്കണം. മസ്ജിദുൽ അഖ്സയിൽ ജൂത കുടിയേറ്റക്കാരുടെ അതിക്രമം അവസാനിപ്പിക്കണം.
രണ്ടാംഘട്ടത്തിൽ മുഴുവൻ പുരുഷ ബന്ദികളെയും വിട്ടയക്കും. മൂന്നാംഘട്ടത്തിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേലികളുടെ മൃതദേഹം വിട്ടുനൽകും. ഇതോടെ സമ്പൂർണ വെടിനിർത്തൽ നിലവിൽ വരുമെന്നും ഹമാസിന്റെ നിർദേശത്തിൽ പറയുന്നു. ഈ നിർദേശങ്ങൾ അപ്പടി അംഗീകരിക്കാൻ ഇസ്രായേൽ തയാറായേക്കില്ലെന്നാണ് സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവരുകയാണ്.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഖാൻ യൂനുസിൽ ബന്ദികളെ പാർപ്പിക്കാൻ ഉപയോഗിച്ച ഭൂഗർഭ ടണൽ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. 24 മണിക്കൂറിനിടെ 123 പേർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 27,708 ആയി. 67,147 പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

