മോചനത്തിന് തൊട്ടുമുമ്പ് ഹമാസ് പോരാളിയുടെ നെറ്റിയിൽ ചുംബിച്ച് ഇസ്രായേലി ബന്ദി
text_fieldsമധ്യ ഗസ്സയിലെ നുസൈറത്തിൽ മോചിപ്പിക്കപ്പെട്ടപ്പോൾ ഹമാസ് അംഗത്തിന്‍റെ തലയിൽ ചുംബിക്കുന്ന ഇസ്രായേലി ബന്ദി ഒമർ ഷെം ടോവ് (ഫോട്ടോ: AFP)
ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാർ പ്രകാരം ആറ് ഇസ്രായേൽ ബന്ദികളെ കൂടി കൈമാറി ഹമാസ്. ബന്ദി കൈമാറ്റത്തിന് പിന്നാലെ 602 ഫലസ്തീൻ തടവുകരെ ഇസ്രായേൽ വിട്ടയച്ചു. മധ്യ ഗസ്സയിലെ നുസൈറത്തിൽ ബന്ദി കൈമാറ്റ ചടങ്ങിനിടെ വിട്ടയക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഹമാസ് പോരാളിയുടെ നെറ്റിയിൽ ഇസ്രായേലി ബന്ദി ഒമർ ഷെം ടോവ് ചുംബിച്ചു. ഇതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി.
എലിയ കോഹൻ, ഒമർ ഷെം ടോവ്, ഒമർ വെങ്കർട്ട് എന്നിവരെ മധ്യ ഗസ്സയിലെ നുസൈറത്തിലും അവെര മെംഗിസ്റ്റു, താൽ ഷോഹാം എന്നിവരെ തെക്കൻ ഗസ്സയിലെ റഫയിലുമാണ് ഹമാസ് ഇന്ന് റെഡ് ക്രോസിന് കൈമാറിയത്. ബദുവിൻ ഇസ്രായേലിയായ ആറാമത്തെ ബന്ദി ഹിഷാം അൽ സയിദിനെ ചടങ്ങുകളില്ലാതെയാണ് കൈമാറിയത്. ഇതോടെ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടമായി ഇതുവരെ 25 ബന്ദികളെ ഹമാസ് കൈമാറി. ആദ്യഘട്ടമായി 33 ബന്ദികളെ കൈമാറണമെന്നാണ് വെടിനിർത്തൽ കരാർ.
മോചിപ്പിക്കപ്പെട്ട 602 തടവുകാരിൽ 50 പേർ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരും 60 പേർക്ക് ദീർഘകാല തടവ് ശിക്ഷ ലഭിച്ചവരുമാണെന്ന് ഫലസ്തീൻ അധികൃതർ അറിയിച്ചു. ഇവരിൽ 445 ഫലസ്തീനികളെ ഒക്ടോബർ ഏഴ് ആക്രമണത്തിനു ശേഷം ഇസ്രായേൽ പിടികൂടിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

