നാല് വനിത ഇസ്രായേൽ സൈനികരെ വിട്ടയച്ച് ഹമാസ്; പുഞ്ചിരിയോടെ ആൾക്കൂട്ടത്തിന് നേർക്ക് കൈവീശി മടക്കം
text_fieldsഗസ്സസിറ്റി: ഗസ്സയിൽ ബന്ദികളാക്കി വെച്ച നാല് ഇസ്രായേൽ വനിത സൈനികരെ മോചിപ്പിച്ച് ഹമാസ്. കരീന അറീവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നിവരെയാണ് വിട്ടയച്ചത്. ഇവരെല്ലാം പൂർണ ആരോഗ്യവതികളായിരുന്നു. എല്ലാവരുടെയും കൈയിൽ ബാഗുകളും കാണാമായിരുന്നു.
ഗസ്സസിറ്റിയിലെ ഫലസ്തീൻ ചത്വരത്തിൽ തടിച്ചു കൂടിയവർക്കു നേരെ പുഞ്ചിരിയോടെ, കൈവീശിക്കൊണ്ടാണ് നാലു പേരും മടങ്ങിയത്. ഗസ്സയിൽ 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ പ്രകാരം 200ഓളം ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് ഉറപ്പുനൽകിയിരുന്നു.
പകരമായി ഫലസ്തീൻ തടവുകാരെയും ഇസ്രായേൽ മോചിപ്പിക്കും. അതിന്റെ ഭാഗമായാണ് നാലു വനിത സൈനികരെ ഹമാസ് റെഡ് ക്രോസ് വഴി ഇസ്രായേലിന് കൈമാറിയത്. പകരമായി 180 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. മോചനം സംബന്ധിച്ച് ഹമാസ്, റെഡ്ക്രോസ് പ്രതിനിധികൾ രേഖകളിൽ ഒപ്പുവെക്കുകയും ചെയ്തു. സൈനിക യൂനിഫോമിലായിരുന്നു ഹമാസ് വിട്ടയച്ച വനിത സൈനികർ.
2023 ഒക്ടോബർ ഏഴിന് നടന്ന മിന്നലാക്രമണത്തിന് പിന്നാലെയാണ് ഹമാസ് ഇസ്രായേൽ പൗരൻമാരെ ബന്ദികളാക്കിയത്. സൈനികരിൽ ഒരാൾ ഐ.എസിന്റെ പിടിയിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ജനുവരി 19ന് ഇസ്രായേലും ഹമാസും തമ്മിൽ ധാരണയിലെത്തിയ വെടിനിർത്തൽ കരാറിനു ശേഷമുള്ള രണ്ടാമത്തെ ബന്ദിമോചനമാണിത്. ആദ്യഘട്ടത്തിൽ 90 ഫലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് ഇസ്രായേൽ പൗരൻമാരെ ഹമാസ് മോചിപ്പിച്ചിരുന്നു.
യു.എസിന്റെ പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് മാസങ്ങൾ നീണ്ട യുദ്ധത്തിന് വിരാമമിട്ട് വെടിനിർത്തൽ കരാറിന് ധാരണയായത്.
അതിനിടെ, വടക്കൻ ഗസ്സയിൽ നിന്ന് ഇസ്രായേൽ ബോംബാക്രമണവും ഒഴിപ്പിക്കൽ ഭീഷണിയും മൂലം നിർബന്ധിതമായി കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ഫലസ്തീനികൾ വെടിനിർത്തൽ നിലനിൽക്കുന്നതിനാൽ തങ്ങളുടെ പ്രദേശങ്ങളിലേക്ക് മടങ്ങാനുള്ള പ്രതീക്ഷയിലാണ്.
ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ തുടങ്ങിയ യുദ്ധത്തിൽ 47,283 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,11,472 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തിൽ 1139 ഇസ്രായേൽ പൗരൻമാരും കൊല്ലപ്പെട്ടു. 200 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

