അവസാന യു.എസ് ബന്ദിയെയും വിട്ടയച്ച് ഹമാസ്
text_fieldsദെയ്ർ അൽ ബലഹ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനം ആരംഭിക്കാനിരിക്കെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കടുത്ത സമ്മർദത്തിലാക്കി അവസാന അമേരിക്കൻ ബന്ദിയെയും വിട്ടയച്ച് ഹമാസ്. 583 ദിവസം ബന്ദിയാക്കപ്പെട്ടതിനൊടുവിൽ സൈനികനായ എഡൻ അലക്സാണ്ടറെയാണ് മോചിപ്പിച്ചത്. അതിർത്തി പ്രദേശമായ റീമിൽവെച്ച് റെഡ് ക്രോസ് പ്രതിനിധികൾ ഏറ്റുവാങ്ങി. ബന്ദിയെ സൈന്യത്തിന്റെ മേൽനോട്ടത്തിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് കൈമാറും.
50ലേറെ ഇസ്രായേലി ബന്ദികൾ ഹമാസ് പിടിയിലിരിക്കെയാണ് ട്രംപിന്റെ വരവ് സമാധാന നീക്കങ്ങൾക്ക് അവസരമാക്കുന്ന പുതിയ നീക്കം. വെടിനിർത്തൽ നടപ്പാക്കാനും അതിർത്തികൾ തുറന്ന് സഹായ വിതരണം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് നീക്കമെന്ന് ഹമാസ് വിശദീകരിച്ചു. രാഷ്ട്രീയ ഭാവി ലക്ഷ്യമിട്ട് ഗസ്സയിൽ വെടിനിർത്തലിന് വഴങ്ങാത്ത നെതന്യാഹുവിന്റെ സമീപനം യു.എസ്- ഇസ്രായേൽ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നുവെന്ന സൂചനകൾ ശക്തമാണ്. സൗദി, ഖത്തർ, യു.എ.ഇ അറബ് രാജ്യങ്ങളിലെത്തുന്ന ട്രംപ് ഇസ്രായേൽ സന്ദർശനം നടത്തുന്നില്ലെന്നതും ശ്രദ്ധേയം. ഗസ്സയിൽ വെടിനിർത്തലടക്കമുള്ള പ്രഖ്യാപനം ട്രംപിന്റെ സന്ദർശനത്തിനിടെ ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമില്ല. അമേരിക്കയിലേക്ക് കൂടുതൽ നിക്ഷേപം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാമൂഴത്തിലെ ആദ്യ വിദേശ പര്യടനത്തിൽ പശ്ചിമേഷ്യയിലെത്തുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബന്ദി മോചന റിപ്പോർട്ടുകൾക്കിടെയും ഇസ്രായേൽ ഗസ്സയിൽ കനത്ത ആക്രമണം തുടരുകയാണ്. അഭയാർഥികൾ തിങ്ങിക്കഴിയുന്ന ജബാലിയ ക്യാമ്പിലെ സ്കൂളിനുമേൽ ബോംബിട്ട് നിരവധി പേരെ ഇസ്രായേൽ സേന കൊലപ്പെടുത്തി. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 10 ആഴ്ചയായി തുടരുന്ന സമ്പൂർണ ഉപരോധം ഗസ്സയെ കൊടുംപട്ടിണിയിലാക്കിയതിനിടെയാണ് സിവിലിയൻ കേന്ദ്രങ്ങളിൽ ഇസ്രായേൽ ബോംബ് വർഷം. 24 മണിക്കൂറിനിടെ 33 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഗസ്സയിലെ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. 94 പേർക്ക് പരിക്കേറ്റു. നിലവിൽ ഗസ്സയിൽ സ്ഥിരീകരിച്ച മരണസംഖ്യ 52,862 ആണ്. പരിക്കേറ്റവർ 119,648ഉം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

