നിരായുധീകരണം: ചർച്ചക്ക് സന്നദ്ധമെന്ന് ഹമാസ്
text_fieldsഗസ്സ സിറ്റി: ഇപ്പോഴും പ്രാഥമിക ഘട്ടത്തിലുള്ള ഗസ്സ വെടിനിർത്തൽ നടപ്പാക്കുന്നതിന് നിരായുധീകരണവും ചർച്ച ചെയ്യാൻ ഒരുക്കമാണെന്ന് ഹമാസ്. ഇപ്പോഴും കൈവശമുള്ള ആയുധങ്ങൾ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് തുറന്ന മനസ്സാണുള്ളതെന്ന് അസോസിയേറ്റഡ് പ്രസിന് അനുവദിച്ച അഭിമുഖത്തിൽ ഹമാസ് നേതാവ് ബാസിം നഈം പറഞ്ഞു. യു.എസ് കാർമികത്വത്തിൽ പ്രഖ്യാപിച്ച വെടിനിർത്തൽ പ്രകാരം ഹമാസ് കൈവശം വെക്കുന്ന ആയുധങ്ങൾ അന്താരാഷ്ട്ര നിരീക്ഷകർക്ക് മൈകാറണം. 20 ഇന വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലെ സുപ്രധാന വിഷയമാണ് ഹമാസ് നിരായുധീകരണം. ‘‘നശിപ്പിക്കുകയോ സൂക്ഷിച്ചുവെക്കലോ കൈമാറലോ എന്തുമാകാം, പക്ഷേ, ഫലസ്തീനി ഉപാധികൾ പാലിച്ചാകണം. വെടിനിർത്തൽ കാലത്ത് ഒരിക്കൽ പോലും ഉപയോഗിക്കാതിരിക്കലുമാകാം’’- അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ രണ്ടാംഘട്ടം ആരംഭിക്കുന്നതിന് അരികെയാണെന്ന് കഴിഞ്ഞദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞെങ്കിലും വിഷയത്തിൽ അവ്യക്തതകൾ തുടരുകയാണ്.
കരാറിലെ പ്രധാന നിർദേശമായ ഗസ്സയിലെ അന്താരാഷ്ട്ര സേനയിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ ആരൊക്കെയെന്നതുൾപ്പെടെ വിഷയങ്ങളിൽ ഇസ്രായേൽ നിർദേശങ്ങൾ അംഗീകരിക്കാൻ ഹമാസ് തയാറായിട്ടില്ല. അന്താരാഷ്ട്ര സേന ആകാമെന്ന് ഹമാസ് അംഗീകരിക്കുമ്പോഴും ഗസ്സയിൽ അവർക്ക് പരിമിത അധികാരമേ ആകാവൂ എന്ന് നിലവിൽ ഭരണം കൈയാളുന്ന സംഘടന പറയുന്നു. ‘‘അതിർത്തിയോട് ചേർന്ന് യു.എൻ സേനയെ ഞങ്ങൾ സ്വാഗതം ചെയ്യും. വെടിനിർത്തൽ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യലും സംഘർഷം പടരാതെ സൂക്ഷിക്കലും അവർക്ക് ചെയ്യാം. എന്നാൽ, ഫലസ്തീൻ മണ്ണിൽ അവർക്ക് അധികാരം അംഗീകരിക്കാനാകില്ല’- ബാസിം നഈം പറഞ്ഞു.
വെടിനിർത്തൽ പ്രതിസന്ധിയിലാണെന്ന് ശനിയാഴ്ച ദോഹ ഫോറത്തിൽ ഖത്തർ, ഈജിപ്ത്, നോർവേ രാജ്യങ്ങൾ ആശങ്ക അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

