മോചിപ്പിക്കേണ്ടവരുടെ പട്ടിക കൈമാറി ഹമാസും ഇസ്രായേലും
text_fieldsകെയ്റോ: മോചിപ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക കൈമാറി ഹമാസും ഇസ്രായേലും. ഈജിപ്തിലെ ശറമുശ്ശൈഖിൽ അമേരിക്ക, ഈജിപ്ത്, ഖത്തർ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ തുടരുന്ന ഹമാസ്- ഇസ്രായേൽ വെടിനിർത്തൽ ചർച്ചയിൽ പട്ടിക കൈമാറിയ കാര്യം ഹമാസ് മുതിർന്ന നേതാവ് താഹിറൽ നൂനു ആണ് അറിയിച്ചത്. കരാർ യാഥാർഥ്യമാകുന്നതു സംബന്ധിച്ച് ഹമാസിന് ശുഭപ്രതീക്ഷയുള്ളതായി അൽ നൂനു പറഞ്ഞെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ ‘ഇസ്‍ലാമിക് ജിഹാദ് ഗ്രൂപ്പും’ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇവരും ഇസ്രായേലി പൗരൻമാരെ ബന്ദികളാക്കിയിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികളായി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നെർ, തുർക്കിയ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്രാഹിം കാലിൻ തുടങ്ങിയവർ ചർച്ചകൾക്കായി ഈജിപ്തിലെത്തിയിട്ടുണ്ട്.
സ്ഥിരതയുള്ള, സമഗ്ര വെടിനിർത്തലാണ് ഹമാസിന്റെ ആവശ്യം. ഇസ്രായേൽ സേന പൂർണമായി പിൻമാറമെന്നും ഫലസ്തീൻ ദേശീയ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ ഉടൻ സമഗ്ര പുനർനിർമാണ പ്രക്രിയ ആരംഭിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഹമാസിനെ നിരായൂധീകരിക്കണമെന്നതാണ് ഇസ്രായേൽ ആവശ്യം. അത് ഹമാസ് അംഗീകരിക്കുന്നില്ല. ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നതുവരെ ആയുധമുപേക്ഷിക്കില്ലെന്നാണ് ഹമാസ് നിലപാട്. തൽക്കാലം യുദ്ധം അവസാനിപ്പിക്കാനും ഇരുപക്ഷത്തുമുള്ള തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധയൂന്നാനുമാണ് അമേരിക്ക ശ്രമിക്കുന്നത്.
ഗസ്സ വംശഹത്യയിൽ ഇറ്റലിക്കും പങ്കെന്ന് പരാതി; ‘ഇത്തരം നിയമനടപടി ലോക ചരിത്രത്തിൽ ഉണ്ടാകില്ലെന്ന്’ മെലോണി
റോം: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് ആയുധങ്ങൾ നൽകി പിന്തുണച്ചതിലൂടെ വംശഹത്യയിൽ പങ്കാളിയാണെന്നാരോപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) പരാതി. ഇസ്രായേലിന് മാരകായുധങ്ങൾ വിതരണം ചെയ്യുന്നതിൽ ഇറ്റാലിയൻ സർക്കാരിനുള്ള പങ്കാണ് കോടതിയിൽ സമർപ്പിച്ച പരാതിയിലേക്ക് വിരൽചൂണ്ടുന്നത്.
ഇറ്റലിയിലെ ടെലിവിഷൻ കമ്പനിയായ ആർ.എ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരായ പരാതിയെക്കുറിച്ച് മെലോണി തുറന്നുപറഞ്ഞത്. താനും പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയും വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയും പരാതിയിൽ ആരോപണവിധേയരാണെന്ന് മെലോണി അറിയിച്ചു.
തനിക്കെതിരായ പരാതിയെ അപലപിച്ച മെലോണി ഇത്തരം ഒരു നിയമനടപടി ലോക ചരിത്രത്തിൽ ഉണ്ടാകില്ലെന്നും ആരോപിച്ചു. എന്നാൽ ഐ.സി.സി ഈ ആരോപണങ്ങളെ സ്ഥിരീകരിച്ചിട്ടില്ല. നിയമ പ്രൊഫസർമാർ, അഭിഭാഷകർ, നിരവധി പൊതു വ്യക്തികൾ എന്നിവരുൾപ്പെടെ 50 ഓളം പേർ ഒപ്പിട്ട പരാതി കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് സമർപ്പിച്ചത്. ഫലസ്തീൻ അഭിഭാഷക സംഘമാണ് ഈ പരാതിക്ക് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

