ഹമാസിന്റെ പുതിയ തലവനായി ഖലീൽ അൽ-ഹയ്യയെ പ്രഖ്യാപിച്ചു
text_fieldsഖലീൽ അൽ-ഹയ്യ
ഗസ്സ: ഹമാസിന്റെ പുതിയ തലവനായി ഖലീൽ അൽ-ഹയ്യയെ തെരഞ്ഞെടുത്തു. 2024 ഒക്ടോബറിൽ കൊല്ലപ്പെട്ട യഹ്‍യ സിൻവാറിന്റെ പിൻഗാമിയായാണ് ഖലീൽ അൽ-ഹയ്യയെ നിയമിച്ചത്. ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഖലീൽ അൽ-ഹയ്യ, ഗ്രൂപ്പിന്റെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ്.
ഗസ്സയിലെ ശജയ്യ ജില്ലയിൽ നിന്നുള്ള അൽ-ഹയ്യ, ഹമാസിന്റെ സ്ഥാപക നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ്. ദീർഘകാലമായി ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയിൽ അംഗമായ ഇദ്ദേഹം, ഗ്രൂപ്പിന്റെ നയരൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു.
ഹമാസിന്റെ ഉന്നത നേതൃനിരയിലെ പ്രധാനിയായ ഇദ്ദേഹം ഗസ്സയിലെയും അന്താരാഷ്ട്ര തലത്തിലെയും ചർച്ചകളിൽ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന മുഖ്യ ശബ്ദമായിരുന്നു. ഇസ്രായേലുമായുള്ള തടവുകാർ, വെടിനിർത്തൽ ചർച്ചകൾ എന്നിവയിൽ ഹമാസിനെ പ്രതിനിധീകരിച്ച് നിരന്തരം മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ദോഹ കേന്ദ്രീകരിച്ചാണ് അൽ-ഹയ്യ പ്രവർത്തിച്ചിരുന്നത്.
ഇസ്രായേലിന്റെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിലുള്ള നേതാക്കളിൽ ഒരാളാണ് അൽ-ഹയ്യ. ഇസ്രായേലുമായുള്ള സംഘർഷങ്ങളിൽ പലതവണ ഇദ്ദേഹത്തിന്റെ വസതികളും ഓഫീസുകളും ഇസ്രായേലിന്റെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. 2007ൽ നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിലെ പല അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
യഹ്‍യ സിൻവാറിന്റെ മരണത്തിന് ശേഷം ആഗോളതലത്തിൽ ഹമാസ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് അൽ ഹയയുടെ നിയമനം നടക്കുന്നത്. പുതിയ നേതൃത്വത്തിന് കീഴിൽ ഹമാസിന്റെ നയതന്ത്ര, രാഷ്ട്രീയ നിലപാടുകളിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. നിലവിൽ ഗസ്സയിലെ ഭരണസമിതി ഹമാസ് പിരിച്ച് വിട്ടിരുന്നു. ഇസ്രായേലിന്റെ അധിനിവേശത്തിന് നൽകുന്ന എല്ലാ ഒഴികഴിവുകളും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയാണ് ഹമാസ് ഗസ്സയിലെ ഭരണം അവസാനിപ്പിച്ചത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഗസ്സയിൽ ഭരണ നേതൃത്വം വഹിച്ചിരുന്ന ഹമാസിന്റെ ഗവൺമെന്റൽ എമർജൻസി കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. അതേസമയം സുരക്ഷ ഉറാപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരും നിലവിലെ ജോലികളിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

