ഇസ്രായേലിന്റെ വെടിനിർത്തൽ ലംഘനം; ഈജിപ്ത് രഹസ്യാന്വേഷണ മേധാവിയുമായി കൂടിക്കാഴ്ച നടത്തി ഹമാസ്
text_fieldsകൈറോ: വെടിനിർത്തൽ കരാറിനുശേഷവും ഇസ്രായേൽ സൈന്യം ഗസ്സയിൽ വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ കൈറോയിലെത്തിയ ഹമാസ് പ്രതിനിധി സംഘം ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി ഹസൻ റഷാദുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ചയാണ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം ചർച്ച നടത്തിയത്.
ശനിയാഴ്ച ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 ഫലസ്തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹമാസ് സംഘം നേരത്തേ വെടിനിർത്തൽ ചർച്ചക്ക് വേദിയായ ഈജിപ്തിലെത്തിയത്. വെടിനിർത്തൽ കരാർ നിലവിൽ വന്നശേഷം 44 ദിവസത്തിനിടെ 342 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.
ഗസ്സയിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള മേഖലകളിൽ തുരങ്കങ്ങളിൽ നിരവധി ഹമാസ് പോരാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ മോചനം സംബന്ധിച്ചും കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയിൽ ചർച്ചയായി. അതേസമയം, ഹമാസിനെ ലക്ഷ്യമിട്ടാണ് ഗസ്സയിൽ ആക്രമണം നടത്തിയതെന്നാണ് ശനിയാഴ്ചത്തെ സംഭവത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം നൽകുന്ന വിശദീകരണം. എന്നാൽ, ഹമാസ് ഇത് തള്ളി. 44 ദിവസത്തിനിടെ സൈന്യം 497 തവണ വെടിനിർത്തൽ ലംഘിച്ചുവെന്ന് ഹമാസ് വൃത്തങ്ങൾ ആരോപിച്ചു. ഗസ്സയിലേക്കുള്ള റഫ അതിർത്തി വെടിനിർത്തൽ കരാറിനുശേഷവും തുറന്നുനൽകിയിട്ടില്ലെന്നും ഹമാസ് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

