ഗസ്സയിൽനിന്ന് ഇസ്രായേൽ വിരുദ്ധ ആക്രമണങ്ങൾ ഇല്ലാതാക്കുമെന്ന് ഹമാസ് നേതാവ്
text_fieldsദോഹ: ഗസ്സയിൽനിന്ന് ഇസ്രായേലിന് നേരെയുണ്ടാകാനിടയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കാൻ നടപടിയുണ്ടാകുമെന്ന് ഗസ്സക്ക് പുറത്തുള്ള ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഖാലിദ് മിശ്അൽ.
ആയുധം താഴെ വെക്കുന്നത് തങ്ങളുടെ ആത്മാവ് റദ്ദുചെയ്യുന്നതിന് തുല്യമാകമെന്നും അദ്ദേഹം ‘അൽ ജസീറ’യുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. ഇസ്രായേൽ തുടർച്ചയായി വെടിനിർത്തൽ ലംഘിച്ചാൽ ഇപ്പോഴുള്ള സ്ഥിതി തുടരാനാകില്ലെന്ന് ഹമാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രഖ്യാപനമുണ്ടായ ശേഷം ഇസ്രായേൽ 738 തവണ ലംഘനം നടത്തിയെന്നും അവർ പറയുകയുണ്ടായി.
ഗസ്സയിൽ ഫലസ്തീൻ ഇതര ഭരണസംവിധാനമെന്നത് ഹമാസ് അംഗീകരിക്കില്ലെന്ന് മിശ്അൽ വ്യക്തമാക്കി. ഇതാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിഭാവനം ചെയ്യുന്നത്. സമാധാന സമിതി എന്ന് പേരിടുന്ന സംവിധാനത്തിന് യു.കെ മുൻ പ്രധാനമന്ത്രി ടോണി ബ്ലയർ ആയിരിക്കും നേതൃത്വം നൽകുക എന്ന് പ്രചാരണമുണ്ടായിരുന്നു.
എന്നാൽ പല അറബ് രാജ്യങ്ങളും എതിർത്തതോടെ ബ്ലയർ ആയിരിക്കില്ല അമരത്തെന്ന് കഴിഞ്ഞ ദിവസം ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.രണ്ടാം ഘട്ട സമാധാന ചർച്ച പുരോഗമിക്കാൻ ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങൾ എത്തുന്നുവെന്ന് ഉറപ്പിക്കേണ്ടതുണ്ടെന്ന് മിശ്അൽ തുടർന്നു. ഇസ്രായേൽ സേനയുടെ പൂർണ പിൻമാറ്റം വേണം.
ഇപ്പോഴും ഗസ്സയുടെ പകുതിയിലധികവും നിയന്ത്രണം അവർക്കാണ്. യുദ്ധദുരന്തത്തിൽനിന്ന് കരകയറാൻ ഗസ്സക്ക് സഹായം വേണം. ഇക്കാര്യം മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. -അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

