ഇസ്രായേലിൽ നിരപരാധികളെ ലക്ഷ്യമിട്ടില്ലെന്ന് ഹമാസ്
text_fieldsഗസ്സ സിറ്റി: സിവിലിയന്മാരെ തങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്ന് മുതിർന്ന ഹമാസ് നേതാവ് മൂസ അബൂ മർസൂഖ്. ഗസ്സയിൽ ഇസ്രായേൽ ബോംബിങ് തുടരുന്നിടത്തോളം ബന്ദികളുടെ മോചനം സാധ്യമാകില്ലെന്നും ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തിൽ രാഷ്ട്രീയ ഉപമേധാവിയായ അദ്ദേഹം വ്യക്തമാക്കി.
‘‘സൈനികരും നിർബന്ധിത സൈനിക സേവനത്തിലുള്ളവരുമാണ് ഹമാസ് ലക്ഷ്യമിട്ടത്. വനിതകൾ, കുട്ടികൾ, സിവിലിയന്മാർ എന്നിവരെ ഒഴിവാക്കിയിരുന്നു. ബന്ദികളാക്കിയവരെ ഞങ്ങൾ മോചിപ്പിക്കും. എന്നാൽ, ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാലേ സാധ്യമാകൂ’’- അബൂ മർസൂഖ് പറഞ്ഞു. അടുത്തിടെ മോസ്കോയിലെത്തിയ മർസൂഖ് തങ്ങളുടെ നിയന്ത്രണത്തിലുള്ള റഷ്യൻ പൗരത്വമുള്ള ബന്ദികളുടെ മോചനം സംബന്ധിച്ച് ഉന്നതരുമായി സംസാരിച്ചിരുന്നു.

