സമഗ്ര വെടിനിർത്തലാണ് ഹമാസിന്റെ ആവശ്യം; ചർച്ചകൾക്കായി നേതാക്കൾ ഈജിപ്തിൽ
text_fieldsഹമാസ്
കൈറോ: മോചിപ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക കൈമാറി ഹമാസും ഇസ്രായേലും. ഈജിപ്തിലെ ശറമുശ്ശൈഖിൽ അമേരിക്ക, ഈജിപ്ത്, ഖത്തർ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ തുടരുന്ന ഹമാസ്- ഇസ്രായേൽ വെടിനിർത്തൽ ചർച്ചയിൽ പട്ടിക കൈമാറിയ കാര്യം ഹമാസ് മുതിർന്ന നേതാവ് താഹിറൽ നൂനു ആണ് അറിയിച്ചത്. കരാർ യാഥാർഥ്യമാകുന്നതു സംബന്ധിച്ച് ഹമാസിന് ശുഭപ്രതീക്ഷയുള്ളതായി അൽ നൂനു പറഞ്ഞെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ ‘ഇസ്‍ലാമിക് ജിഹാദ് ഗ്രൂപ്പും’ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇവരും ഇസ്രായേലി പൗരൻമാരെ ബന്ദികളാക്കിയിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികളായി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നെർ, തുർക്കിയ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്രാഹിം കാലിൻ തുടങ്ങിയവർ ചർച്ചകൾക്കായി ഈജിപ്തിലെത്തിയിട്ടുണ്ട്. സ്ഥിരതയുള്ള, സമഗ്ര വെടിനിർത്തലാണ് ഹമാസിന്റെ ആവശ്യം.
ഇസ്രായേൽ സേന പൂർണമായി പിൻമാറമെന്നും ഫലസ്തീൻ ദേശീയ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ ഉടൻ സമഗ്ര പുനർനിർമാണ പ്രക്രിയ ആരംഭിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഹമാസിനെ നിരായൂധീകരിക്കണമെന്നതാണ് ഇസ്രായേൽ ആവശ്യം. അത് ഹമാസ് അംഗീകരിക്കുന്നില്ല. ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നതുവരെ ആയുധമുപേക്ഷിക്കില്ലെന്നാണ് ഹമാസ് നിലപാട്. തൽക്കാലം യുദ്ധം അവസാനിപ്പിക്കാനും ഇരുപക്ഷത്തുമുള്ള തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധയൂന്നാനുമാണ് അമേരിക്ക ശ്രമിക്കുന്നത്.
സമാധാനത്തിനായുള്ള എല്ലാ ഉത്തരവാദിത്തവും ഹമാസിന്റെയും ഫലസ്തീനികളുടെയും തലയിൽ കെട്ടിവെക്കുന്നത് ശരിയല്ലെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. സമാധാനശ്രമം പൂർണതയിലെത്താൻ ഇസ്രായേൽ ആക്രമണം നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി അവതരിപ്പിച്ചിട്ടും തടസ്സമായി നിൽക്കുന്നത് ഇസ്രായേലാണെന്ന് ഉർദുഗാൻ തുടർന്നു.
അതിനിടെ, ഇസ്രായേൽ ദേശീയ സുരക്ഷ മന്ത്രി ഇതാമർ ബെൻ ഗവീറിന്റെ ബുധനാഴ്ചത്തെ അൽ അഖ്സ സന്ദർശനം ബോധപൂർമായ പ്രകോപനമാണെന്ന് ഹമാസ് ആരോപിച്ചു. ഇസ്രായേൽ സർക്കാറിന്റെ ഫാഷിസ്റ്റ് മനസാണ് ഇത് വ്യക്തമാക്കുന്നത്. ലോക മുസ്‍ലിംകളുടെ വികാരം വ്രണപ്പെടുത്തുന്ന നീക്കമാണിത്. -ഹമാസ് തുടർന്നു. ഗവീർ അൽ അഖ്സ വളപ്പിൽ പ്രാർഥന നടത്തിയാണ് മടങ്ങിയത്.
പതിവുപോലെ, ചർച്ചക്കിടയിലും ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിന് ശമനമില്ല. കഴിഞ്ഞ മണിക്കൂറുകളിൽ എട്ടു ഫലസ്തീനികൾ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

