ഹമാസും ഇസ്രായേലും ബന്ദികളെ വിട്ടയച്ചു തുടങ്ങി VIDEO
text_fieldsഹമാസ് വിട്ടയച്ച ബന്ദികളെ വഹിച്ച് റെഡ് ക്രോസ് വാഹനങ്ങൾ റഫ അതിർത്തി കടക്കുന്നു (photo: Mohammed Abed /AFP)
ഗസ്സ സിറ്റി / തെൽ അവീവ്: വെടിനിർത്തൽ കരാർ പ്രകാരം ഹമാസും ഇസ്രായേലും ബന്ദികളെ വിട്ടയച്ചു തുടങ്ങി. 13 ഇസ്രായേലികളെയും 11 തായ്‍ലൻഡ് പൗരന്മാരെയും ഒരു ഫിലിപ്പിനോയേയും ഹമാസ് വിട്ടയച്ചു. ഇവരെ റെഡ് ക്രോസ് ഏറ്റുവാങ്ങി ഈജിപ്തിലെ റഫ അതിർത്തിവഴി ഇസ്രായേലിന് കൈമാറി. രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെത്തിലെ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനു ശേഷം ഇവരെ നാട്ടിലേക്ക് കൊണ്ടുപോകും. 39 പേരെ ഇസ്രായേലും വിട്ടയച്ചു. വെസ്റ്റ് ബാങ്കിലെ ഓഫർ ജയിലിലെത്തിച്ചാണ് ഫലസ്തീനികളെ വിട്ടയച്ചത്. കിഴക്കൻ ജറൂസലം, വെസ്റ്റ് ബാങ്കിലെ നാബുൽസ്, റാമല്ല എന്നിവിടങ്ങളിൽനിന്നായി 24 സ്ത്രീകളും 15 കൗമാരക്കാരുമാണ് ഇസ്രായേൽ ജയിലുകളിൽനിന്നും പുറത്തെത്തിയ ഫലസ്തീനികൾ.
വിട്ടയക്കപ്പെട്ടവർ നല്ല ആരോഗ്യനിലയിലാണെന്ന് റെഡ് ക്രോസ് പ്രതിനിധി സംഘം പറഞ്ഞതായി ഇസ്രായേൽ നാഷണൽ എമർജൻസി സർവീസ് ഡയറക്ടർ ജനറൽ എലി ബിൻ പറഞ്ഞു. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായല്ലാതെയാണ് ഹമാസ് തായ്‍ലൻഡ് പൗരന്മാരെ വിട്ടയച്ചത്. തായ് ബന്ദികളെ വിട്ടയച്ചതായി സുരക്ഷാ വിഭാഗവും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചെന്ന് തായ്‍ലൻഡ് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് ധാരണയിലായത്. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് വ്യവസ്ഥ.
ഈജിപ്ത് ട്രക്കുകൾ ഗസ്സയിലേക്ക്
നാല് ദിവസത്തെ താൽകാലി വെടിനിർത്തലിന് പിന്നാലെ സഹായ ഹസ്തവുമായി ഈജിപ്ത് ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചു തുടങ്ങി. റഫ അതിർത്തി കടന്ന ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രണ്ട് സംഘടനകളെ പ്രതിനിധീകരിച്ച് രണ്ടുട്രക്കുകളാണ് ഗസ്സയിലേക്ക് നീങ്ങിയത്. ഗസ്സക്ക് പ്രതിദിനം 1,30,000 ലിറ്റർ ഡീസൽ നൽകുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നാല് ട്രക്ക് ഗ്യാസുമുൾപ്പെടെ ദിവസേന 200 ട്രക്ക് സഹായങ്ങൾ ഗസ്സയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

