അവസാന നാല് ബന്ദികളിൽ ഒരാളുടെ മൃതദേഹം കൈമാറി ഹമാസ്; 15 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേലും കൈമാറി
text_fields(photo: Abdel Kareem Hana | AP)
ജറൂസലം: അവസാന നാല് ബന്ദികളിൽ ഒരാളുടെ മൃതദേഹം ഹമാസ് വ്യാഴാഴ്ച കൈമാറിയതായി ഇസ്രായേൽ അറിയിച്ചു. മൃതദേഹം തെക്കൻ ഇസ്രായേലിലെ കിബ്ബറ്റ്സ് ബീരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ മെനി ഗൊഡാർഡിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിനിടെ അദ്ദേഹത്തിന്റെ ഭാര്യ അയ്ലെറ്റ് കൊല്ലപ്പെട്ടിരുന്നു. അതേസമയം, വെള്ളിയാഴ്ച 15 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേലും കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വെടിനിർത്തൽ കരാർ പ്രകാരം ഒരു ഇസ്രായേൽ ബന്ദിയുടെ മൃതദേഹത്തിന് പകരമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ വിട്ടുകൊടുക്കുന്നത്. ഇതുവരെ 315 മൃതദേഹങ്ങൾ ഇത്തരത്തിൽ ലഭിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ വ്യാപക നാശനഷ്ടങ്ങൾമൂലം മൃതദേഹങ്ങൾ വീണ്ടെടുക്കൽ സങ്കീർണമാണെന്ന് ഹമാസ് അറിയിച്ചു.
യു.എസ് മധ്യസ്ഥതയിൽ ഒക്ടോബർ 10ന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം 25 ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രായേലിന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

